ആ ഇരുണ്ട കാലം താണ്ടാനായെന്ന് പറയുകയാണ് നടൻ ശരത് അപ്പാനി.

മലയാളത്തിലെ യുവ നടൻമാരില്‍ ശ്രദ്ധയാകര്‍ഷിച്ച താരമാണ് ശരത് അപ്പാനി. ശരത് അപ്പാനി 'അങ്കമാലി ഡയറീസിലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറിയത്. പിന്നീട് ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രിയങ്കരനായ താരം ഒരു അഭിമുഖത്തില്‍ അടുത്തിടെ വികാരധീനനായത് ചര്‍ച്ചയായിരുന്നു. ശരത് അപ്പാനി ഇപ്പോള്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

ജീവീതത്തില്‍ ദു:ഖങ്ങള്‍ മാത്രമല്ല സന്തോഷങ്ങളുമുണ്ടെന്നാണ് താരം കുറിപ്പില്‍ വ്യക്തമാക്കുന്നത്. കൊറോണ കാലത്തെ ബുദ്ധിമുട്ടുകൾ ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം. നമ്മിൽ പലരും സാമ്പത്തികമായും മാനസികമായും തകർന്നുപോയിരുന്ന ചില ദിവസങ്ങൾ. ആ കാലത്ത് ഞാൻ കടന്നുപോയ അവസ്ഥയും എനിക്ക് ഒരിക്കലും മറക്കാനാകുന്നതല്ല. അത്രയും വേദനിച്ച ദിവസങ്ങളെ കുറിച്ച് വളരെ അവിചാരിതമായി മൂന്ന് മാസങ്ങൾക്ക് മുൻപ് ഒരു ഇന്റർവ്യൂവിൽ മനസ്സ് പങ്കുവെക്കുക ഉണ്ടായി. അത് കണ്ട് നിങ്ങളിൽ പലർക്കും വിഷമമായി എന്നറിഞ്ഞു. കൊവിഡിന് ശേഷമുള്ള ഈ മൂന്ന് വർഷങ്ങളിൽ എനിക്ക് ഒരു പിടി നല്ല കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുകയും, നിങ്ങൾ പ്രേക്ഷകർ അത് ഏറ്റെടുത്തതിലൂടെ ആ ഇരുണ്ട കാലം താണ്ടാനും എനിക്കായി. ഇനി എത്താനിരിക്കുന്ന അന്യഭാഷ ചിത്രങ്ങളടക്കം തനിക്ക് ഏറെ പ്രതീക്ഷ ഏറിയതാണ്. ഇപ്പോൾ ഉള്ളതുപോലെ നിങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥനയും സപ്പോർട്ടും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു എന്നും ശരത് അപ്പാനി എഴുതിയിരിക്കുന്നു.

മൂവി വേൾഡ് മീഡിയയ്‍ക്ക് നല്‍കിയ വീഡിയോ അഭിമുഖത്തിലായിരുന്നു നടൻ ശരത് അപ്പാനി താൻ നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവെച്ചത്. തിരുവനന്തപുരം ശംഖുമുഖത്ത് ഒരു സിനിമയുടെ ഷൂട്ട് നടക്കുകയാണ്. അന്ന് ഷൂട്ടിം​ഗ് കാണാന്‍ എന്റെ കൂടെ പഠിച്ച സുഹൃത്തുക്കളും നാട്ടിലുള്ള കുറച്ച് ബന്ധുക്കളും അവിടെ വന്നു. ഞാന്‍ വണ്ടിയില്‍ വന്ന് ഇറങ്ങിയ ശേഷം ഇവരുടെ കൂടെ ഫോട്ടോയെടുത്തു. ശേഷം ഞാന്‍ ഡ്രസ് മാറാന്‍ കാരവാനിലേക്ക് കയറാന്‍ നോക്കുമ്പോള്‍ അവിടെ നില്‍ക്കുന്ന ആള്‍ എന്നെ തടഞ്ഞു. എന്താണ് ഏട്ടാ കാര്യമെന്ന് ചോദിച്ചപ്പോള്‍ കാരവാനില്‍ ഇനി കയറാന്‍ പറ്റില്ലെന്ന് പറഞ്ഞു. 25 ദിവസമായി അതില്‍ കയറി വസ്ത്രം മാറ്റിയ ആളാണ് ഞാന്‍. സിനിമയെന്നൊന്നും ഏതാണെന്ന് ഞാന്‍ പറയുന്നില്ല. ശംഖുമുഖത്ത് ബാത് റൂമിൽ നിന്നാണ് അന്ന് ഞാൻ ഡ്രസ് മാറിയത്.

ആ സമയത്ത് ഞാൻ കരയുന്നുണ്ട്. അന്ന് ഡ്രസ് മാറാന്‍ അങ്കമാലി ഡയറീസിലെ ബിറ്റോ ഡേവിസ് ചേട്ടനും ഉണ്ടായിരുന്നു. എന്നെ കാണാന്‍ സെറ്റില്‍ വന്നവർ ഉൾപ്പടെ എല്ലാവരും ഇത് കാണുന്നുണ്ട്. അതായിരുന്നു എന്റെ സങ്കടം. അല്ലാതെ ടാറിട്ട റോഡില്‍ ചെരിപ്പിടാതെ നാടകം കളിച്ച എനിക്കെന്ത് കാരവാന്‍. അതാണ് അപ്പാനി ശരത് കാരവാൻ ഇല്ലാതെ അഭിനയിക്കില്ലെന്ന വാർത്ത വന്നത് എന്നും ശരത് അപ്പാനി വെളിപ്പെടുത്തിയിരുന്നു.

Read More: ബേബി സര്‍പ്രൈസ് ഹിറ്റ്, വിജയ്‍യുടെ സഹോദരൻ ആനന്ദ് ദേവെരകൊണ്ടയ്‍ക്ക് ഇനി ഗാം ഗാം ഗണേശ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക