ചെന്നൈ: വിക്രം നായകനായെത്തുന്ന 'കോബ്ര' യില്‍ നിന്ന് ഷെയ്ന്‍ നിഗത്തെ മാറ്റിയതായി റിപ്പോര്‍ട്ട്. ജൂണ്‍ ബിഗ് ബ്രദര്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സര്‍ജാനോ ഖാലിദാണ് ഷെയ്ന് പകരം 'കോബ്ര'യില്‍ അഭിനയിക്കുക എന്നാണ് പുറത്തുവരുന്ന വിവരം. 

വിക്രമിനൊപ്പം ഒരു പ്രധാന റോളിലാണ് സര്‍ജാനോ എത്തുന്നത്. ഷെയ്നിനെ അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്തെഴുതിയതിന് പിന്നാലെയാണ് നടനെ ചിത്രത്തില്‍ നിന്ന് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന 'സ്പാ' എന്ന ചിത്രത്തില്‍ നിന്നും ഷെയ്നെ മാറ്റിയിട്ടുണ്ട്.  

Read More: ഭാമയുടെ വിവാഹ വിരുന്നില്‍ ശ്രദ്ധാകേന്ദ്രമായി സുരേഷ് ഗോപിയുടെ മകള്‍ ഭാവ്‍നി

ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്ന ചിത്രം കൂടിയാണ് 'കോബ്ര'. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന 'കോബ്ര'യില്‍ ശ്രീനിധി ഷെട്ടി, മൃണാലിനി രവി, പത്മപ്രിയ, കനിഹ, കെ എസ് രവികുമാര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിക്കുന്നത്.