22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാട് സിനിമയൊരുക്കുന്നുവെന്ന വാര്‍ത്ത മലയാളസിനിമാലോകവും പ്രേക്ഷകരും കൗതുകത്തോടെയാണ് കേട്ടത്. അര്‍ഥ'വും 'കളിക്കള'വും 'ഗോളാന്തര വാര്‍ത്തകള'മൊക്കെ ഒരുക്കിയ കൂട്ടുകെട്ട് അവസാനം ഒന്നിച്ചത് 1997ല്‍ പുറത്തെത്തിയ 'ഒരാള്‍ മാത്രം' എന്ന ചിത്രത്തിലൂടെ ആയിരുന്നു. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയെ വീണ്ടും നായകനാക്കണമെന്ന തോന്നല്‍ മനസിലുണ്ടാകുന്നതെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് മമ്മൂട്ടിക്കൊപ്പം വീണ്ടും സിനിമ ഒരുക്കുന്നതിന്റെ സന്തോഷം പങ്കുവെക്കുന്നത്.

മമ്മൂട്ടിയില്‍ നമ്മള്‍ കണ്ടിട്ടുള്ള ആകര്‍ഷണീയതയെക്കുറിച്ചാണ് തിരക്കഥയൊരുക്കുന്ന ഇക്ബാല്‍ കുറ്റിപ്പുറവുമായി ചര്‍ച്ച ചെയ്തതെന്ന് പറയുന്നു അന്തിക്കാട്. 'കാരണം മമ്മൂട്ടിയുടെ ശബ്ദം, പൗരുഷമുള്ള രൂപം, മമ്മൂട്ടി എന്ന നടന്റെ ഇമേജ് ഇതെല്ലാം ചേര്‍ത്തുകൊണ്ടുള്ള ഒരു ക്യാരക്ടറാണ് ഞങ്ങള്‍ ചിന്തിച്ചത്. അതായത് ചുറുചുറുക്കും നിഷ്‌കളങ്കതയും നിറഞ്ഞ മമ്മൂട്ടിയെയാണ് പുതിയ സിനിമയില്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്.'

ഒരിക്കല്‍ പോലും സിനിമ ഇല്ലാത്തതില്‍, മമ്മൂട്ടി പരിഭവം കാണിക്കുകയോ അല്ലെങ്കില്‍ മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാതെ താന്‍ പരിഭവം കാണിക്കുകയോ ചെയ്തിട്ടില്ലെന്നും പറയുന്നു സത്യന്‍ അന്തിക്കാട്. 'കാരണം എന്റെ സിനിമയില്‍ മമ്മൂട്ടിയെ ആവശ്യമാണെങ്കില്‍ ഞാന്‍ വിളിക്കുമെന്ന് അദ്ദേഹത്തിന് അറിയാം. എന്റെ സിനിമകളില്‍ കഥാപാത്രത്തിന് അനുയോജ്യരായവരെയാണ് കാസ്റ്റ് ചെയ്യാറുള്ളത്. ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് ആയാലും നാടോടിക്കാറ്റ് ആയാലും അവിടുന്നിങ്ങോട്ട് വന്ന രസതന്ത്രം ആയാലും ആ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ യോജ്യന്‍ മോഹന്‍ലാല്‍ തന്നെയാണെന്ന് മമ്മൂട്ടി പോലും സമ്മതിക്കും. അതേസമയം അര്‍ഥം എന്ന സിനിമ അല്ലെങ്കില്‍ കളിക്കളം.. അത് മമ്മൂട്ടിയുടെ മാത്രം സിനിമയാണ്. ഒരു സിനിമ ആലോചിക്കുമ്പോള്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്റെ രൂപം, അയാളുടെ ഭാഷ, സംസാരശൈലി ഇതെല്ലാം നമ്മുടെ ഉള്ളിലുണ്ടാവും', സത്യന്‍ അന്തിക്കാട് പറയുന്നു.