സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് നായകനാകുന്നുവെന്ന് റിപ്പോര്‍ട്ട്.

നടൻ ഫഹദിന്റെ വേറിട്ട കഥാപാത്രമുള്ള ചിത്രമായിരുന്നു 'ഒരു ഇന്ത്യൻ പ്രണയ കഥ'. സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍ത ചിത്രം നര്‍മത്തിനും പ്രധാന്യമുള്ളതായിരുന്നു. ഫഹദ് അതുവരെ ചെയ്‍തുപോന്ന അര്‍ബൻ കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്‍തനായിരുന്നു 'ഒരു ഇന്ത്യൻ പ്രണയ കഥ'യിലെ 'അയ്‍മനം സിദ്ധാര്‍ഥൻ'. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ ഫഹദ് നായകനാകുന്നുവെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സത്യൻ അന്തിക്കാടിന്റെ 'ഞാൻ പ്രകാശനെ'ന്ന സിനിമയിലും ഫഹദായിരുന്നു നായകൻ. സത്യൻ അന്തിക്കാടും ഫഹദും പുതിയൊരു ചിത്രത്തിന്റെ ആലോചനയിലാണ് എന്നാണ് റിപ്പോര്‍ട്ട്. എന്താണ് പ്രമേയമെന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തായിട്ടില്ല. സൂപ്പര്‍ ഗുഡ് ഫിലിംസ് ആയിരിക്കും ചിത്രം നിര്‍മിക്കുക എന്നുമാണ് റിപ്പോര്‍ട്ട്.

ഫഹദ് നായകനായി ഒടുവിലെത്തിയ മലയാള ചിത്രം 'ധൂമം' ആണ്. പവൻ കുമാറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. അപര്‍ണ ബാലമുരളി ചിത്രത്തില്‍ നായികയായി. 'അവിനാശ്' എന്ന കഥാപാത്രമായിരുന്നു ഫഹദിന്.

പവൻ കുമാറിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ മലയാളി താരം റോഷൻ മാത്യുവും ഒരു പ്രധാനപ്പെട്ട വേഷത്തില്‍ എത്തിയിരുന്നു. പൂര്‍ണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ചിത്രത്തിന്റെ നിര്‍മാണം ഹൊംബാള ഫിലിംസിന്റെ ബാനറില്‍ ആണ്. വിജയ് കിരഗന്ദുര്‍ ആണ് നിര്‍മാണം. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷിബു ജി സുശീലൻ ആണ്. അച്യുത് കുമാര്‍ വിനീത്, അനു മോഹൻ, ജോയ് മാത്യു, നന്ദു, ഭാനുമതി പയ്യന്നൂര്‍, ഉമ യൈ ജി, സന്തോഷ് കര്‍കി എന്നിവരും പൂര്‍ണിമ രാമസ്വാമി കോസ്റ്റ്യൂം നിര്‍മിച്ച ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തി.

Read More: 'ഇടികൊണ്ട് പഞ്ചറായാലും സന്തോഷം കണ്ടോ', ഫോട്ടോയുമായി 'ആര്‍ഡിഎക്സി'ലെ 'ഡോണി'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക