'അവരില്ലാതെ സത്യേട്ടന്‍റെ സെറ്റ് എങ്ങനെ പൂര്‍ണ്ണമാവും? മോഹന്‍ലാലിന്‍റെ ചോദ്യത്തെക്കുറിച്ച് സത്യന്‍ അന്തിക്കാട്

"ഇന്നലെ രാത്രി ശ്രീനിവാസനുമായി കുറേ നേരം സംസാരിച്ചിരുന്നു. കൂടുതലും ഇന്നസെന്‍റിനെപ്പറ്റി തന്നെ"

Sathyan Anthikad remembers innocent on his second death anniversary

മലയാളികളുടെ പ്രിയ നടന്‍ ഇന്നസെന്‍റ് വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് രണ്ട് വര്‍ഷങ്ങള്‍. ഇപ്പോഴിതാ ഇന്നസെന്‍റിനെക്കുറിച്ചും തന്‍റെ ചിത്രങ്ങളില്‍ സ്ഥിരമായി കാസ്റ്റ് ചെയ്തിരുന്ന പ്രതിഭാധനരായ മറ്റ് അഭിനേതാക്കളുടെ നികത്താനാവാത്ത വിടവിനെക്കുറിച്ചും പറയുകയാണ് സത്യന്‍ അന്തിക്കാട്. ഫേസ്ബുക്കിലൂടെയാണ് സത്യന്‍ അന്തിക്കാടിന്‍റെ കുറിപ്പ്.

സത്യന്‍ അന്തിക്കാടിന്‍റെ കുറിപ്പ്

"ഇന്നസെന്‍റ് വിട പറഞ്ഞിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. ഇന്നലെ രാത്രി ശ്രീനിവാസനുമായി കുറേ നേരം സംസാരിച്ചിരുന്നു. കൂടുതലും ഇന്നസെന്റിനെപ്പറ്റി തന്നെ. പറഞ്ഞ് പറഞ്ഞ് ശ്രീനിയുടെ ശബ്ദം ഇടറിത്തുടങ്ങിയപ്പോൾ ഞാൻ വിഷയം മാറ്റി. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല ഞങ്ങൾക്കിടയിൽ നിന്ന് ഇന്നസെന്റ് വിട്ടുപോയി എന്ന്. സിനിമയുടെ എഴുത്തിനിടയിൽ തിരക്കഥ വഴി മുട്ടി നിന്നാൽ ഞാനും ശ്രീനിയും ഇരിങ്ങാലക്കുടയിലേക്ക് കാറുമെടുത്ത് പോകും. ഏതു പ്രതിസന്ധികളും തരണം ചെയ്യാനുള്ള മരുന്ന് ഇന്നസെന്റിന്റെ കയ്യിലുണ്ടാകും. അനുഭവങ്ങളുടെ കലവറയാണ് ആ മനുഷ്യൻ. സ്വന്തം ജീവിതമാണ് ഇന്നസെന്റിന്റെ പാഠപുസ്തകം. അതിൽ നിന്നൊരു പേജ് മതി കഥാപ്രതിസന്ധികൾ തരണം ചെയ്യാൻ. 

പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ മോഹൻലാൽ ചോദിച്ചു- "ഇന്നസെന്റും ഒടുവിലും മാമുക്കോയയും ലളിതച്ചേച്ചിയും നെടുമുടിയുമൊന്നുമില്ലാതെ സത്യേട്ടന്റെ സെറ്റ് എങ്ങനെ പൂർണ്ണമാകും?" "അവരുടെ ആത്മാവും അനുഗ്രഹവും നമ്മളോടൊപ്പമുണ്ടല്ലോ. അതു മതി." എന്ന് ഞാൻ മറുപടി പറഞ്ഞു. അങ്ങനെ ആശ്വസിക്കാനേ ഇനി പറ്റൂ. ഇപ്പോഴും അതിരാവിലെ ഫോൺ റിംഗ് ചെയ്യുമ്പോൾ ഇന്നസെന്റ് ആകുമോ എന്ന് തോന്നിപ്പോകും. ആ തോന്നലുകൾക്കും ഇന്ന് രണ്ട് വയസ്സ്."

അതേസമയം മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പേര് ഹൃദയപൂര്‍വ്വം എന്നാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

ALSO READ : സംവിധാനം സഹീര്‍ അലി; 'എ ഡ്രമാറ്റിക്ക് ഡെത്ത്' ഫസ്റ്റ് ലുക്ക് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios