Asianet News MalayalamAsianet News Malayalam

'പെണ്ണുങ്ങള്‍ക്ക് കല്യാണമല്ല ഒരേയൊരു ലക്ഷ്യം'; സ്ത്രീധനത്തിനെതിരായ ബോധവത്കരണവുമായി മോഹന്‍ലാല്‍

അതേസമയം ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന 'ആറാട്ടി'ന്‍റെ റിലീസ് തീയതി ഈയിടെ പ്രഖ്യാപിച്ചിരുന്നു

say no to dowry mohanlal campaign with aaraattu scene
Author
Thiruvananthapuram, First Published Jun 26, 2021, 3:43 PM IST


സ്ത്രീധനത്തെച്ചൊല്ലിയുള്ള ഗാര്‍ഹിക പീഡനവും യുവതികളുടെ ആത്മഹത്യകളുമൊക്കെ ചര്‍ച്ചയാവുന്ന സമയത്ത് സ്ത്രീധനത്തിനെതിരായ ബോധവത്‍കരണ ക്യാംപെയ്‍നുമായി മോഹന്‍ലാല്‍. തന്‍റെ പുറത്തിറങ്ങാനിരിക്കുന്ന 'ആറാട്ട്' എന്ന ചിത്രത്തിലെ ഒരു രംഗത്തിനൊപ്പമാണ് മോഹന്‍ലാലിന്‍റെ സോഷ്യല്‍ മീഡിയ ക്യാംപെയ്‍ന്‍. 

"മക്കളേ നിങ്ങള്‍ വിഷമിക്കേണ്ട കേട്ടോ. നിങ്ങടെ എല്ലാ കാര്യത്തിനും കട്ടയ്ക്ക് ഈ ഗോപണ്ണനുണ്ട്. നിങ്ങള്‍ ഈ മെമ്പറന്മാരോട് പറഞ്ഞോ, നിങ്ങള്‍ക്ക് കല്യാണം വേണ്ട, പഠിപ്പ് മുഴുമിക്കണം, സ്വന്തം കാലില്‍ നില്‍ക്കണം എന്നൊക്കെ. അപ്രീസിയേഷന്‍ ആണ് കേട്ടോ. പെണ്ണുങ്ങള്‍ക്ക് കല്യാണമല്ല ഒരേയൊരു ലക്ഷ്യം. സ്വയംപര്യാപ്‍തതയാണ് വേണ്ടത്. അതാണ് പൊളിറ്റിക്കലി കറക്റ്റ്", എന്നാണ് ആറാട്ടിലെ രംഗത്തില്‍ മോഹന്‍ലാല്‍ കഥാപാത്രമായ നെയ്യാറ്റിന്‍കര ഗോപന്‍ പറയുന്നത്. 

"തുല്യതയുള്ള രണ്ടുപേരുടെ പരസ്‍പര ബഹുമാനത്തിലും സ്‍നേഹത്തിലും നിലനില്‍ക്കുന്ന സഹവര്‍ത്തിത്വമാണ് വിവാഹം. അത് കണക്ക് പറയുന്ന കച്ചവടമല്ല. സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്" എന്ന് മോഹന്‍ലാല്‍ പറയുന്നതും വീഡിയോയ്ക്കൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന 'ആറാട്ടി'ന്‍റെ റിലീസ് തീയതി ഈയിടെ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 14ന് ചിത്രം തിയറ്ററുകളില്‍ എത്തും. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രവുമാണ് ഇത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് മറ്റൊരു ശ്രദ്ധേയ സാന്നിധ്യം. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്ന ഉദയകൃഷ്‍ണ പറഞ്ഞിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios