മലയാളസിനിമയിലെ പല തലമുറ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവമുള്ളയാളാണ് തിരക്കഥാകൃത്ത് ജോണ്‍ പോള്‍. ഭരതനും മോഹനും ഐ വി ശശിയും സേതുമാധവനും ജോഷിയുമൊക്ക അദ്ദേഹത്തിന്റെ തിരക്കഥയില്‍ സിനിമകള്‍ ചെയ്തു. എന്നാല്‍ ഏറെക്കാലമായി സിനിമയുടെ ടൈറ്റിലുകളില്‍ അദ്ദേഹത്തിന്റെ പേര് കാണാറില്ലായിരുന്നു. 2009ല്‍ വിജി തമ്പിക്കുവേണ്ടി എഴുതിയ 'നമ്മള്‍ തമ്മില്‍' എന്ന ചിത്രം പുറത്തിറങ്ങി പത്ത് വര്‍ഷത്തിന് ശേഷം പുതിയൊരു സിനിമയുമായി വരുകയാണ് ജോണ്‍ പോള്‍. വിനായകന്‍ നായകനാവുന്ന കമല്‍ ചിത്രം പ്രണയമീനുകളുടെ കടല്‍' എഴുതിയിരിക്കുന്നത് ജോണ്‍ പോള്‍ ആണ്. എവിടെയായിരുന്നു അദ്ദേഹം ഇത്രയുംനാള്‍? സിനിമ ചെയ്യാതിരുന്ന കാലത്ത് ഉപജീവനത്തെക്കുറിച്ച് പേടിയുണ്ടായിരുന്നോ? മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജോണ്‍പോള്‍ മറുപടി പറയുന്നു.

സിനിമ തന്നില്‍ നിന്ന് മാറിനിന്നപ്പോള്‍ ശൂന്യതയിലേക്കല്ല പോയതെന്ന് പറയുന്നു ജോണ്‍ പോള്‍. 'ഒരുപാട് ഗവേഷണങ്ങള്‍ക്കും ഇതര വിഷയങ്ങള്‍ എഴുതുന്നതിനും ഇക്കാലത്ത് സാധിച്ചു. മാധ്യമ വിദ്യാര്‍ഥികള്‍ക്ക് സിനിമ പറഞ്ഞുകൊടുക്കാന്‍ സാധിച്ചു. ഒട്ടേറെ യുവ സംവിധായകരുടെ സിനിമാചര്‍ച്ചകള്‍ക്ക് ഊര്‍ജ്ജമാകാന്‍ സാധിച്ചു.'

ഈ കാലയളവില്‍ പലരും തിരക്കഥാ ചര്‍ച്ചകള്‍ക്കായി വരുമായിരുന്നുവെന്നും തനിക്ക് പറ്റിയ വിഷയങ്ങള്‍ അല്ലാതിരുന്നതിനാല്‍ ഒഴിവാക്കുകയായിരുന്നുവെന്നും ജോണ്‍ പോള്‍. 'സിനിമ സാമ്പത്തികം ഉണ്ടാക്കാനുള്ള ഒരു കുറുക്കുവഴിയായി ഞാന്‍ കണ്ടിട്ടില്ല. ഇത്രയും സിനിമകള്‍ ചെയ്തിട്ടും ഈ എഴുപതാം വയസ്സില്‍ ഒരു വാടകവീട്ടില്‍ കഴിയുന്നു എന്ന് പറയുന്നതില്‍ ഒരു കുറ്റബോധമോ ലജ്ജയോ എനിക്കില്ല', ജോണ്‍ പോള്‍ പറഞ്ഞവസാനിപ്പിക്കുന്നു.

അതേസമയം 'പ്രണയമീനുകളുടെ കടല്‍' ലക്ഷദ്വീപ് പശ്താത്തലമാക്കുന്ന ചിത്രമാണ്. കമലിന്റെ കഥയ്ക്ക് ജോണ്‍പോളും കമലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം ഷാന്‍ റഹ്മാന്‍. വിനായകനൊപ്പം ദിലീഷ് പോത്തന്‍, ഗബ്രി ജോസ്, റിധി കുമാര്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.