കൊണ്ടോട്ടിയിലെ വിവാഹത്തിനിടെ അലിന്‍ ജോസ് പെരേരയെ ഉപദ്രവിച്ചെന്ന തരത്തില്‍ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു
കൊണ്ടോട്ടിയിലെ ഒരു വിവാഹ പരിപാടിക്ക് എത്തിയ സോഷ്യല്‍ മീഡിയ താരം അലിന്‍ ജോസ് പെരേരയെ ഉപദ്രവിച്ച് റോഡിലൂടെ ഓടിക്കുന്നുവെന്ന രീതിയില്‍ ഒരു വീഡിയോ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇട്ടിരിക്കുന്ന ഷര്‍ട്ട് അടക്കം വലിച്ചുകീറപ്പെട്ടുവെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് അലിന്‍ ആ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ വൈറല്‍ ആയതിന് പിന്നാലെ ധാരാളം റിയാക്ഷന്‍ വീഡിയോകളും ഈ വിഷയത്തില്‍ എത്തി. എന്നാല്‍ പ്രചരിപ്പിക്കപ്പെടുന്നത് വസ്തുതയല്ലെന്ന് പറയുന്നു യുട്യൂബര്‍ ആയ സീക്രട്ട് ഏജന്‍റ് എന്ന സായ് കൃഷ്‍ണ. അലിനെ ആരും ഉപദ്രവിച്ചിട്ടില്ലെന്നാണ് തന്‍റെ ബോധ്യമെന്നും തെറ്റായ ഒരു പ്രചരണത്തിന്‍റെ പേരില്‍ തന്‍റെ നാടായ മലപ്പുറത്തിനെതിരെ ഹേറ്റ് ക്യാമ്പെയിന്‍ നടക്കുകയാണെന്നും സീക്രട്ട് ഏജന്‍റ് പറയുന്നു. യുട്യൂബിലൂടെയാണ് സീക്രട്ട് ഏജന്‍റിന്‍റെ പ്രതികരണം.
സീക്രട്ട് ഏജന്‍റ് പറയുന്നു
"മലപ്പുറം കൊണ്ടോട്ടിയില്‍ നടന്ന ഒരു വിവാഹത്തിന് അലിന്‍ ജോസ് പെരേരയെ വിളിച്ചുവരുത്തിയിട്ട് അടിച്ച് ഓടിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ വന്നിരുന്നു. അത് കണ്ടിട്ട് ഇതാണോ നിങ്ങളുടെ മലപ്പുറമെന്ന് ചോദിച്ച് ഒരുപാട് പേര്‍ എനിക്കും മെസേജ് അയച്ചു. ആ റീല്‍ ഒറ്റനോട്ടത്തില്‍ കണ്ടപ്പോഴേ എനിക്ക് കാര്യം പിടികിട്ടി. അലിന്‍ ജോസ് പെരേര മുന്‍പും പല കല്യാണ പരിപാടികള്‍ക്ക് എത്തിയപ്പോഴും അവസാനം ഇതുപോലെ ഒരു ഓട്ടം നടത്തിയിട്ടുണ്ട്. ചില ആളുകള്‍ ആള്‍ക്കൂട്ടത്തെ കാണുമ്പോള്‍ പാനിക്ക് ആവും. അങ്ങനെ ഓടുന്നതാണോ എന്ന് അറിയില്ല. അത് അലിന്‍ തന്നെ പറയണം. എന്താണെങ്കിലും മലപ്പുറത്തുള്ളവർ ആരും ഇയാളെ കൈ വെക്കുകയോ അല്ലെങ്കിൽ ഇതേപോലെ വിളിച്ചു വരുത്തി അപമാനിച്ചുവിടുകയോ ചെയ്യില്ല എന്നുള്ള ഒരു ഉറപ്പ് എനിക്ക് പേഴ്സണലി ഉണ്ട്.
ആ വീഡിയോ വൈറല്‍ ആയതിന് ശേഷം മലപ്പുറത്തിന് അതിഭയങ്കരമായ ഹേറ്റ് ആണ് ലഭിക്കുന്നത്. അലിന്‍ ജോസ് പെരേരയ്ക്ക് ഏറ്റവുമധികം വര്‍ക്ക് ലഭിക്കുന്നത് മലപ്പുറത്ത് നിന്നാണ്. ഇന്നലെ വൈകുന്നേരത്തോടു കൂടി ഈ ടീം (പരിപാടി നടത്തിയവര്‍) എന്നെ കോൺടാക്ട് ചെയ്തു. അവർ വളരെ കൃത്യമായിട്ട് പറഞ്ഞു, സായ് ബ്രോ അവിടെ ആരും അലിന്‍ ജോസിനെ തല്ലിയിട്ടില്ല എന്ന്. മേടിച്ച കാശിനേക്കാള്‍ പണി താന്‍ എടുത്തുവെന്ന് തോന്നുന്നത് കൊണ്ടാവും, അലിന്‍ മുന്‍പും ചില സ്ഥലങ്ങളില്‍ നിന്ന് ഇങ്ങനെ ഓടിയിട്ടുണ്ട്. അല്ലാതെ അലിനെ തല്ലാനോ ഷര്‍ട്ട് വലിച്ചുകീറാനോ ഒന്നും ആരും ശ്രമിച്ചിട്ടില്ല. ഇതില്‍ ഞാന്‍ മറ്റൊരു വീഡിയോ കൊടുക്കുന്നുണ്ട്. ഷര്‍ട്ടിന്‍റെ കുടുക്ക് അലിന്‍ തന്നെ തുറക്കുന്നത് അതില്‍ കാണാം. പിന്നെ ഇവര്‍ തന്നെയാണ് തങ്ങളെ കല്യാണം അടക്കമുള്ള പരിപാടികള്‍ക്ക് വിളിക്കണമെന്ന് പരസ്യം കൊടുക്കുന്നത്.
അലിന്‍ ജോസിനെ പരിപാടിക്ക് കൊണ്ടുവന്ന മാഹിന്‍ എന്നയാളും ഒരു വീഡിയോ ഇട്ടിരുന്നു. ഒപ്പം ഫോട്ടോ എടുക്കുന്നതിനിടെ ഒരു പയ്യന്‍ അലിന്‍റെ മുഖത്ത് തൊടുകയോ മറ്റോ ചെയ്തെന്നും അതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച അലിന്‍ ഇറങ്ങി പോവുകയായിരുന്നെന്നുമാണ് അയാള്‍ പറയുന്നത്. എനിക്ക് പറയാനുള്ളത്, ഈ വിഷയത്തില്‍ അലിന്‍ ജോസ് പെരേര ഒരു വിശദീകരണം കൊടുക്കണം. കാരണം മലപ്പുറത്തിന് അത്രയും ഹേറ്റ് ആണ് ഒരു വീഡിയോ കാരണം കിട്ടിയത്. ഒരു മോശം അനുഭവം അവിടെ ഉണ്ടായിട്ടുണ്ടെങ്കില്‍ പൊലീസില്‍ പരാതി കൊടുക്കണം", സീക്രട്ട് ഏജന്‍റ് പറഞ്ഞവസാനിപ്പിക്കുന്നു.

