സാമൂഹ്യമാധ്യമത്തില്‍ ക്യു ആൻഡ് എ സെഷനില്‍ രസികൻ മറുപടികളുമായി നടൻ ജിഷിൻ.

സീരിയല്‍ രംഗത്ത് കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധേയനായി മാറിയ താരമാണ് ജിഷിന്‍. ജോലി ചെയ്‍തിരുന്ന കാലത്ത് അഭിനയിക്കാനുള്ള മോഹം കൊണ്ടാണ് ജിഷിന്‍ സീരിയലിലേക്ക് ചുവട് വെക്കുന്നത്. പിന്നെയത് മിനിസ്‌ക്രീനിലെ മുന്‍നിര താരങ്ങളിലേക്കുള്ള വളര്‍ച്ചയിലേക്ക് എത്തി. നിലവില്‍ സൂപ്പര്‍ഹിറ്റായി ഓടി കൊണ്ടിരിക്കുന്ന പല സീരിയലുകളിലും അഭിനയിക്കുകയാണ് താരം.

ഇന്‍സ്റ്റാഗ്രാമിലൂടെ ക്യൂ ആന്‍ഡ് ഏ സെക്ഷനില്‍ പങ്കെടുത്ത താരത്തിന്റെ മറുപടികളാണ് ഇപ്പോൾ ചർച്ചയാകുന്നത്. എന്നോട് ഒരു ചോദ്യം ചോദിക്കാം, എന്ന് കരുതി ഊള ചോദ്യങ്ങളുമായി വരരുതെന്ന മുന്നറിയിപ്പ് നല്‍കി കൊണ്ടാണ് ജിഷിന്‍ എത്തിയത്. സാധാരണയായി എല്ലാവരും ചോദിക്കുന്നത് പോലെ ജിഷിന്റെ പ്രൊഫഷന്‍, പാഷന്‍ ഇതിനെ കുറിച്ചൊക്കെയാണ് കൂടുതല്‍ ചോദ്യങ്ങളും. അതില്‍ രസകരമായ ചിലതിന് അതേ രീതിയിലുള്ള മറുപടി തന്നെയാണ് നടന്‍ നല്‍കിയിരിക്കുന്നതും.

ജിഷിന്‍ യഥാര്‍ഥ ജീവിതത്തില്‍ എങ്ങനെയാണെന്ന ചോദ്യത്തിന് 'നല്ലവര്‍ക്ക് നല്ലവനും വില്ലന്മാര്‍ക്ക് വില്ലനുമാണെന്ന്', നടന്‍ പറയുന്നു. ജിഷിന്റെ ഭാവി പരിപാടിയെപ്പറ്റിയുള്ള ചോദ്യത്തിന് 'പ്ലാന്‍ ചെയ്തത് പോലെ കാര്യങ്ങള്‍ പോകുന്നില്ലന്നേ, അത് കൊണ്ട് ആ പ്ലാനിങ് അങ്ങ് നിര്‍ത്തി', എന്നും താരം പറയുന്നു. ചേട്ടന്‍ ഇനിയിപ്പോ എന്നാ നമ്മുടെ കൂടെ റീല്‍സൊക്കെ ചെയ്യുന്നത് എന്നൊരു ചോദ്യം കൂടി വന്നിരുന്നു. 'എന്നിട്ട് വേണം, വരദയെ മറന്ന് ജിഷിന്‍ പുതിയൊരു ജീവിതത്തിലേക്ക് എന്ന പോലെയുള്ള ക്യാപ്ഷന്‍ ഇട്ടിട്ട് വ്യൂസ് മേടിക്കാന്‍', എന്നാണ് നടന്‍ തമാശരൂപേണ പറയുന്നത്.

'അമല' എന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ജിഷിനും വരദയും പ്രണയത്തിലായത്. അധികം വൈകാതെ തന്നെ ജിഷിനും വരദയും വിവാഹിതരാവുകയായിരുന്നു. ജിഷിനെ പോലെ തന്നെ വരദയും സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ സജീവമാണ്. താന്‍ പോകുന്ന യാത്രകളുടേയും തന്റെ വീട്ടുവിശേഷങ്ങളുമെല്ലാം വരദ തന്റെ യൂട്യൂബ് ചാനല്‍ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Read More: മുറുക്കി ചുവന്ന് ബോള്‍ഡ് ലുക്കില്‍ അനശ്വര രാജൻ- വീഡിയോ