Asianet News MalayalamAsianet News Malayalam

'സച്ചി പോയില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് സംഭവിക്കേണ്ടതായിരുന്നു', സേതു ഓര്‍ക്കുന്നു

ഇപ്പോഴും പേനയും പേപ്പറും എടുക്കുമ്പോള്‍ ആദ്യം ഓർക്കുന്നത് സച്ചിയുടെ മുഖമാണ്- സേതു എഴുതുന്നു.

Sethu Writes about Sachy
Author
Kochi, First Published Jun 18, 2021, 7:59 AM IST

ചോക്ലേറ്റ് എന്ന ചിത്രം 2007ല്‍ പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ പുതിയ രണ്ടു തിരക്കഥാകൃത്തുക്കളുടെ പേരുകള്‍ സ്‍ക്രീനില്‍ തെളിഞ്ഞു. കെ ആര്‍ സച്ചിദാന്ദൻ എന്ന സച്ചിയും സേതുനാഥ് കെ എന്ന സേതുവിന്റെയും പേരുകള്‍. ഷാഫിയുടെ സംവിധാനത്തില്‍ പൃഥ്വിരാജിനെ നായകനാക്കിയായിരുന്നു സച്ചിയും സേതുവും തിരക്കഥാകൃത്തായി മാറുന്നത്.  പിന്നീട് സച്ചി- സേതു എന്നത് മലയാള സിനിമയിലെ മിന്നും പേരായി മാറി. തുടര്‍ന്ന് പരാജയത്തേക്കാള്‍ എണ്ണത്തില്‍ ഏറെ വിജയങ്ങള്‍ സ്വന്തമാക്കിയ തിരക്കഥകള്‍ സ്‍ക്രീനിലേക്ക് എത്തിച്ച ഇരുവരും സ്വതന്ത്ര തിരക്കഥാകൃത്തുക്കളായി മാറിയെങ്കിലും,  വക്കീല്‍ കോട്ടിട്ട് തുടങ്ങിയ സൗഹൃദം വിട്ടുകളഞ്ഞില്ല. ഇനിയും ചെയ്യാൻ ഏറെ ബാക്കിവച്ച് സച്ചി എന്ന അതുല്യപ്രതിഭ വിടവാങ്ങി ഒരാണ്ട് തികയുമ്പോള്‍ തന്‍റെ പ്രിയ സുഹൃത്തുമായുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സേതു.

'അയ്യപ്പനും കോശി'യും ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വച്ചാണ് ഞാൻ അവസാനമായി സച്ചിയെ കാണുന്നത്. സാധാരണ സച്ചിയുടെ ലൊക്കേഷനുകളില്‍ പോകുന്ന പതിവില്ലാത്തതാണ്. എന്‍റെ സിനിമാ ലൊക്കേഷനില്‍ സച്ചി വരുന്നതും വളരെ വിരളമാണ്. നടൻ പൃഥ്വിരാജിനെ കാണുന്നതിന് വേണ്ടിയാണ് ഞാൻ ലൊക്കേഷനില്‍ എത്തിയത്. അദ്ദേഹത്തോട് ഒരു കഥപറയാനായിരുന്നു ആ യാത്ര. അന്ന് സച്ചിയും ഞാനും ഞങ്ങളുടെ പുതിയ സിനിമകളെ പറ്റി ഒത്തിരി സംസാരിച്ചു. സച്ചി അങ്ങനെ ആര്‍ക്ക് വേണ്ടിയും റെക്കമന്റ് ചെയ്യുന്ന ആളല്ല. പക്ഷേ, ഞാന്‍ ചെയ്യാന്‍ പോകുന്ന ചിത്രത്തില്‍ ഒരു സുഹൃത്തിന് വേഷം കൊടുക്കണം അത് മറക്കരുത് കേട്ടോടാ എന്ന് പറഞ്ഞു. ആളെ വിടാം കഥാപാത്രത്തിന് ചേരുവാണേല്‍ മാത്രം കൊടുത്താല്‍ മതി എന്നും പറഞ്ഞു. എന്റെ സിനിമയില്‍ ഒരാൾക്ക് അവസരം കൊടുക്കണം എന്ന് സച്ചി പറഞ്ഞാൽ പിന്നെ അതിനാകും ഞാൻ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുക എന്നായിരുന്നു എന്റെ മറുപടി.  ബിജു മോനോന്‍, രാജു ഇവരെയെല്ലാം കണ്ട് ഒത്തിരി തമാശകളൊക്കെ പറഞ്ഞാണ് പിരിഞ്ഞത്. പിന്നെ ഞാൻ സച്ചിയെ കണ്ടിട്ടില്ല.Sethu Writes about Sachy

ഇപ്പോഴും സച്ചിയെ ഞാന്‍ എല്ലാ ദിവസവും ഓര്‍ക്കാറുണ്ട്. പേനയും പേപ്പറും എടുക്കുമ്പോള്‍ ആദ്യം ഓർക്കുന്നത് സച്ചിയുടെ മുഖമാണ്. അത് ഓർക്കാതിരിക്കാൻ പറ്റില്ലല്ലോ. കാരണം ഞാന്‍ ഇന്ന് സിനിമയുടെ ഒരു പരിസരത്തെങ്കിലും നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണക്കാരൻ സച്ചി എന്ന വ്യക്തിയാണ്. എന്‍റെ ജോലി എഴുത്ത് ആയതുകൊണ്ട് തന്നെ എല്ലാദിവസവും പലയാവര്‍ത്തി സച്ചി എന്റെ മനസ്സിലൂടെ കടന്നു പോകും.

എല്ലാ മനുഷ്യര്‍ക്കും ഒരുപാട് സൗഹൃദങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ സുഹൃത്ത് എന്താണ് സംസാരിക്കുക എന്ന് ഒരാളോട് ചോദിച്ചാല്‍ പലപ്പോഴും ഉത്തരം കിട്ടാറില്ല. പക്ഷേ എന്നോട് ചോദിക്കുകയാണെങ്കില്‍, സച്ചി എന്ന സുഹൃത്തുമായി ഏറ്റവും കൂടുതല്‍ സംസാരിച്ചതും സംവേദിച്ചിട്ടുള്ളതുമെല്ലാം സിനിമയാണ്. അല്ലെങ്കില്‍ നാളെ ചെയ്യേണ്ട സിനിമയെ കുറിച്ച് മാത്രമാണ്. വിരളമായിട്ടുള്ളൊരു സൗഹൃദമാണ് അത്. ഏത് വിഷയത്തിലേക്ക് ഞങ്ങള്‍ സംസാരിച്ച് പോയാലും എത്തിച്ചേരുന്നത് എങ്ങനെ നമുക്കിതിനെ ഒരു സിനിമയാക്കാം  എന്ന ചോദ്യത്തിലേക്കാണ്.

സ്‍ക്രിപ്റ്റുകൾ എഴുതുന്നത് എപ്പോഴും ഞങ്ങളുടെ വീടുകളില്‍ വച്ചാണ്. ഉച്ച സമയത്ത് എന്‍റെ അമ്മ വച്ചുവിളമ്പുന്ന ഭക്ഷണം കഴിക്കുന്ന സച്ചിയും, സച്ചിയുടെ വീട്ടില്‍ പോയാല്‍ ഇതുപോലെ തന്നെ ഞാനും. എന്‍റെ ഇഷ്‍ടങ്ങള്‍ അനുസരിച്ചായിരിക്കും അന്നവിടെ കറികള്‍ വരെ ഉണ്ടാക്കുക. അത്തരത്തില്‍ ഒരേ കുടുംബം പോലെ കഴിഞ്ഞ്, എഴുതിയുള്ള സൗഹൃദത്തിലൂടെ വന്നവരാണ് ഞങ്ങൾ.

ഒരു സിനിമ ചെയ്യണം അല്ലെങ്കില്‍ ചലച്ചിത്രകാരനാകണം എന്ന ആഗ്രഹം എല്ലാവരിലും ഉണ്ടാകും. അതിന്‍റെ പുറത്താണ് ഒരു പ്രൊഫഷന്‍ വിട്ട് സിനിമയിലേക്ക് വരുന്നത്. ഞങ്ങള്‍ രണ്ടുപേരും അഭിഭാഷകരായി പ്രാക്ടീസ് ചെയ്‍തുകൊണ്ടിരുന്നവരാണ്. സിനിമയിലേക്ക് എത്തിപ്പെടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എല്ലാവർക്കും അറിയാം. അതിനകത്ത് പിടിച്ച് നിക്കാന്‍ ഒരു സ്‍പേസ് കിട്ടുക എന്നത് അതിനെക്കാൾ പ്രയാസവും.

അങ്ങനെ ചിന്തിച്ച് കഴിയുമ്പോഴാണ് ഒരു കച്ചവട സിനിമയുടെ ഭാഗമായി നിന്നാല്‍ മാത്രമാണ്, അല്ലെങ്കില്‍ അതിന് വേണ്ടിയുള്ള കഥകള്‍ ചെയ്‍താല്‍ മാത്രമാണ് സിനിമയില്‍ ഒരു എന്‍ട്രി ലഭിക്കൂ എന്ന് ബോധ്യപ്പെടുന്നത്.  എല്ലാത്തരം പ്രേക്ഷകരെയും തൃപ്‍തിപ്പെടുത്താനാകുന്ന സിനിമയാണെങ്കില്‍ മാത്രമേ നമുക്ക് ഒരു എൻട്രി കിട്ടൂ. അത് പൂര്‍ണ്ണമായി അറിഞ്ഞു കൊണ്ട് തന്നെയാണ് ഞങ്ങള്‍ നർമ്മത്തിനൊക്കെ പ്രധാന്യമുള്ള സിനിമകള്‍ ആദ്യകാലഘട്ടത്തില്‍ ചെയ്‍തത്. അത് തെറ്റായിട്ടൊന്നും തോന്നിയിട്ടില്ല, കാരണം അവയെല്ലാം തന്നെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. അതുകഴിഞ്ഞ് ഞങ്ങള്‍ സ്വതന്ത്ര തിരക്കഥാകൃത്തുക്കള്‍ ആയപ്പോഴും കച്ചവട പ്രാധാന്യമുള്ള സിനിമകള്‍ തന്നെയാണ് ചെയ്‍തത്.  Sethu Writes about Sachy

വാസ്‍തവത്തിൽ 'ഡബിള്‍സ്' എന്ന സിനിമയോടെ അല്ല ഞങ്ങള്‍ സ്വതന്ത്ര തിരക്കഥാകൃത്തുക്കള്‍ ആകുന്നത്. ഡബിള്‍സിന് ശേഷവും ഞങ്ങള്‍ രണ്ട് സിനിമകള്‍ ഒരുമിച്ച് ചെയ്‍തു. സച്ചി- സേതു ചെയ്‍ത മൂന്നാമത്തെ ചിത്രമാണ് ഡബിൾസ്. അത് കഴിഞ്ഞ് മേക്കപ്പ് മാൻ, സീനിയേഴ്സ് എന്നീ ചിത്രങ്ങളും ചെയ്‍തു. മേക്കപ്പ് മാനും ഡബിള്‍സും ഒരേസമയത്താണ് റിലീസ് ചെയ്‍തതെന്ന് മാത്രം. സീനിയേഴ്‍സിന് ശേഷമാണ് സച്ചി സ്വതന്ത്ര തിരക്കഥാകൃത്തായി 'റണ്‍ ബേബി റണ്‍' എന്ന സിനിമയും ഞാന്‍ 'മല്ലുസിംഗ്' എന്ന ചിത്രവും ചെയ്യുന്നത്. ഇന്നും എല്ലാവരും പറയുന്നത് ഡബിള്‍സ് എന്ന സിനിമയുടെ പരാജയമാണ് ഞങ്ങൾ പിരിയാന്‍ കാരണമായതെന്നാണ്. സത്യത്തില്‍ സിനിയേഴ്‍സിന് ശേഷമാണ് ഞങ്ങള്‍ സ്വതന്ത്ര തിരക്കഥാകൃത്തുക്കള്‍ ആകുന്നത്. പലപ്പോഴും ഞങ്ങള്‍ക്ക് രണ്ട് രീതിയിലുള്ള കഥകള്‍ കിട്ടും. സച്ചി പറയുന്ന എല്ലാ കഥകളും എനിക്ക് ഇഷ്‍ടപ്പെടണം എന്നില്ല. ഞാന്‍ പറയുന്ന എല്ലാ കഥകളും സച്ചിക്കും ഇഷ്‍ടപ്പെടണം എന്നില്ല. രണ്ടും രണ്ട് വ്യക്തിത്വങ്ങളാണ്, രണ്ട് അഭിപ്രായവും ഉള്ളവരാണ്.  രണ്ട് പേര്‍ക്കും പെരുത്തപ്പെടാവുന്ന സിനിമകള്‍മാത്രമാണ് അതുവരെ ഞങ്ങള്‍ ചെയ്‍തിരുന്നത്.

ശരിക്കും പറഞ്ഞാല്‍ സച്ചി- സേതു എന്ന് പറയുന്ന രണ്ട് പേര്‍ പിരിയാന്‍ വേണ്ടി ഒരുമിച്ചവരാണ്. ഞാന്‍ എഴുതി കൊണ്ടിരുന്ന ഒരു തിരക്കഥ കോടതിയില്‍ വച്ച് സച്ചി വായിച്ച ശേഷമാണ് സിനിമാ ചര്‍ച്ചകളിലേക്ക് ഞങ്ങള്‍ വരുന്നത്. അന്ന് രണ്ട് പേരും പ്രാക്ടീസ് ചെയ്‍തുകൊണ്ടിരിക്കയായിരുന്നു. എന്തുകൊണ്ട് ഒരുമിച്ചൊരു സിനിമ ശ്രമിച്ചൂകൂട എന്നുള്ളോരു ചോദ്യത്തില്‍ നിന്നാണ്, പിന്നീട് സച്ചി - സേതു എന്ന കൂട്ടായ്‍മ ഉണ്ടാകുന്നത്. ആദ്യ സിനിമ കഴിഞ്ഞു, വലിയ വിജയം നേടി. പിന്നെയും ഞങ്ങള്‍ക്ക് ആ വിജയം കിട്ടിക്കൊണ്ടിരുന്നു. അത്യാവശ്യം ഗൗരവമായി തന്നെ സിനിമയെ കാണുന്ന ഒരാളാണ് സച്ചി. പലപ്പോഴും രണ്ട് പേരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. സച്ചി മരിക്കും വരെയും ഞങ്ങള്‍ ചെയ്യുന്ന സിനിമകളെ പറ്റി പരസ്‍പരം സംസാരിക്കുകയും വീടുകള്‍ തമ്മിലുള്ള ബന്ധം  നിലനിര്‍ത്തി കൊണ്ടിരുന്നവരുമാണ്. അല്ലാതെ ഞങ്ങള്‍ വഴക്കിട്ട് പിരിഞ്ഞവരല്ല.

സച്ചിയുടെ ആദ്യ സിനിമ അയ്യപ്പനും കോശിയും എന്നേ ഞാന്‍ പറയുകയുള്ളൂ. സത്യത്തില്‍ സച്ചിയുടെ ഒരു തുടക്കമായിരുന്നു അത്. അവിടെന്ന് ഇങ്ങോട്ടാണ് നമ്മള്‍ സച്ചിയുടെ സിനിമകള്‍ കാണാനിരുന്നത്. തീയറ്ററില്‍ നിറഞ്ഞ കയ്യടി നേടേണ്ട സിനിമകളാണ് നല്ല സിനിമയെന്ന് സച്ചി ഒരുകാലത്തും വിശ്വസിച്ചിരുന്നില്ല. വാണിജ്യ വിജയവും കലാമൂല്യവുമുള്ള സിനിമകൾ ചെയ്യണം എന്ന ചിന്തയിലേക്ക് സച്ചി എത്തിച്ചേരാന്‍ വര്‍ഷങ്ങള്‍ എടുത്തു എന്നതാണ് വാസ്‍തവം. സച്ചിയുടെ സിനിമകള്‍ മലയാളികള്‍ ശരിക്കും കാണാന്‍ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ.

ഞങ്ങള്‍ സംസാരിക്കുമ്പോഴുള്ള ചെറിയ ചെറിയ കാര്യങ്ങള്‍ പോലും അത് വലിയ സിനിമകളായി മാറേണ്ട വിഷയങ്ങളായിരുന്നു. സച്ചിയുടെ ഏതെങ്കിലും കഥകൾ സിനിമ ആക്കാമോന്ന് ചോദിച്ചാൽ അതിനെക്ക്  ഒരിക്കലും സാധിക്കില്ല. കാരണം അത് സച്ചിക്ക് മാത്രം ചെയ്യാന്‍ പറ്റുന്നവയാണ്.

വലിയൊരു ക്യാൻവാസിലുള്ള പ്രോജക്ടാണ് ഞങ്ങൾ ഒരുമിച്ച് വീണ്ടും ചെയ്യാനിരുന്നത്. ഗുജറാത്തിലും രാജസ്ഥാനിലും ചെയ്യാവുന്ന രംഗോലി എന്ന വിഷയത്തെ ആസ്‍പദമാക്കിയുള്ള സിനിമ. വര്‍ണ്ണച്ചിത്ര സുബേര്‍ ചിത്രം നിര്‍മ്മിക്കാമെന്ന് പറയുകയും ചെയ്‍തിരുന്നു. ഞാനും സച്ചിയും സിനിമയിലേക്ക് വരാന്‍ കാരണമായതും സുബേറാണ്. മൂന്ന് ഹീറോസ് അഭിനയിക്കുന്ന ചിത്രം ഞാന്‍ എഴുതി സച്ചി സംവിധാനം ചെയ്യുമായിരുന്നു. സച്ചി പോയില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് സംഭവിക്കേണ്ടതായിരുന്നു. 

Follow Us:
Download App:
  • android
  • ios