സിനിമാ മേഖലയിൽ വണ്ണം കൂടിയാലും കുറഞ്ഞാലും ബോഡി ഷെയ്മിങ്ങിന് ഇരയാകേണ്ടി വരുമെന്ന് നടി ശാലിൻ സോയ. Shaalin Zoya talks about body shaming

മലയാളത്തിൽ ബാലതാരമായി കരിയർ ആരംഭിച്ച് പിന്നീട് സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ശാലിൻ സോയ. സംവിധായികയായി തമിഴിൽ താരം കഴിഞ്ഞ വർഷം അരങ്ങേറ്റം കുറിച്ചിരുന്നു. എൽസമ്മ എന്ന ആൺകുട്ടി, സ്വപ്ന സഞ്ചാരി, മാണിക്യക്കല്ല്, മല്ലു സിങ്ങ് തുടങ്ങീ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ശാലിൻ പിന്നീട് സംവിധാനത്തിലേക്കും എഴുത്തിലേക്കും ശ്രദ്ധ തിരിക്കുകയായിരുന്നു. 2015 ൽ പുറത്തിറങ്ങിയ റെവലേഷൻ എന്ന ഹ്രസ്വ ചിത്രവും, പ്രശാന്ത് അലക്‌സാണ്ടർ നായകനായി എത്തിയ ദി ഫാമിലി ആക്ട് എന്ന ചിത്രവും ശാലിൻ നേരത്തെ സംവിധാനം ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇപ്പോഴിതാ സിനിമയിൽ നേരിടുന്ന ബോഡി ഷെയ്‌മിങ്ങിനെ കുറിച്ച് ശാലിൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. സിനിമ മേഖലയിൽ വണ്ണം കൂടിയാലും കുറഞ്ഞാലും ബോഡി ഷെയിമിങ്ങ് നേരിടുമെന്നാണ് ശാലിൻ പറയുന്നത്. കൂടുതല്‍ ഭക്ഷണം കഴിക്കുന്നതു കൊണ്ടല്ല താൻ വണ്ണം കൂടിയിരിക്കുന്നതെന്നും തനിക്ക് ഗ്യാസ്ട്രിക് സംബന്ധമായ ആരോഗ്യ പ്രശ്‍നങ്ങളുണ്ടെന്നും ശാലിൻ പറയുന്നു.

"വണ്ണം കുറയ്ക്കാന്‍ ആഗ്രഹമുണ്ടെന്ന് ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. പക്ഷെ സിനിമ മേഖലയില്‍ വണ്ണം കൂടിയാലും കുറഞ്ഞാലും ആളുകളെ ബോഡി ഷെയിം ചെയ്യാറുണ്ട്. സമീപകാലത്ത് തന്നെ നിരവധി ഉദാഹരണങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അത് ഒരിക്കലും ശരിയായ കാര്യമല്ല. ഓരോ വ്യക്തിയ്ക്കും വ്യത്യസ്തമായ ആരോഗ്യ സാഹചര്യങ്ങളാണുള്ളത് പുറമെ കാണുന്നതിന്റെ അടിസ്ഥാനത്തില്‍ ഒരാളെ വിലയിരുത്തരുത്. ഞാന്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതു കൊണ്ടല്ല വണ്ണം കൂടിയിരിക്കുന്നത്. എനിക്ക് ഗാസ്ട്രിക് സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അതിന്റെ ഭാഗമായാണ് ശരീരഭാരം കൂടിയത്. ഇത്തരം കാര്യങ്ങള്‍ മറ്റാര്‍ക്കും അറിയില്ല. അത് അനുഭവിക്കുന്ന വ്യക്തിയ്ക്കാണ് യഥാര്‍ത്ഥ സാഹചര്യം അറിയുക." ശാലിൻ പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ശാലിന്റെ പ്രതികരണം.

YouTube video player