വര്‍ഷങ്ങള്‍ക്കു ശേഷമുള്ള തിരിച്ചുവരവ് ചിത്രമായിരുന്ന പഠാനില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പ്രതിഫലം ആയിരുന്നില്ല ഷാരൂഖ് ഖാന്

ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള നടനാര് എന്ന ചോദ്യത്തിന് ഒരു ശരാശരി സിനിമാപ്രേമിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല. ഷാരൂഖ് ഖാന്‍ എന്നാണ് അതിനുള്ള ഉത്തരം. തുടര്‍പരാജയങ്ങള്‍ക്കൊടുവില്‍ വര്‍ഷങ്ങളുടെ ഇടവേളയെടുത്ത്, അതിനുശേഷമെത്തിയ ഷാരൂഖ് ചിത്രങ്ങള്‍ നേടിയ വിജയം മാത്രം മതി അതിനുള്ള തെളിവായി. ഈ വര്‍ഷം ജനുവരിയില്‍ എത്തിയ പഠാനും സെപ്റ്റംബറില്‍ എത്തിയ ജവാനും, രണ്ട് ചിത്രങ്ങളും 1000 കോടിക്ക് മുകളിലാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്!

ഷാരൂഖ് ഖാന്‍റെ താരമൂല്യം ഒന്നുകൂടി അരക്കിട്ട് ഉറപ്പിക്കുന്നതായിരുന്നു ഈ ചിത്രങ്ങള്‍ നേടിയ വിജയം. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് ഇന്ന് കിംഗ് ഖാന്‍. എന്നാല്‍ ബോളിവുഡില്‍ മറ്റ് പല താരങ്ങളെയും പോലെതന്നെ പ്രതിഫലം മുഴുവനും ആദ്യം നിശ്ചയിക്കാതെ പ്രോഫിറ്റ് ഷെയറിംഗ് കൂടി ഉള്‍പ്പെടുന്നതാണ് ഷാരൂഖ് ഖാന്‍റെ ഇപ്പോഴത്തെ റെമ്യൂണറേഷന്‍ പാറ്റേണ്‍. 

വര്‍ഷങ്ങള്‍ക്കു ശേഷമുള്ള തിരിച്ചുവരവ് ചിത്രമായിരുന്ന പഠാനില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പ്രതിഫലം ആയിരുന്നില്ല ഷാരൂഖ് ഖാന്. മറിച്ച് ലാഭവിഹിതം പങ്കുവെക്കുന്ന കരാര്‍ ആയിരുന്നു. നിര്‍മ്മാതാവിന് ലഭിക്കുന്ന ലാഭത്തിന്‍റെ 60 ശതമാനം എന്നായിരുന്നു കരാര്‍. 270 കോടി ബജറ്റ് ഉണ്ടായിരുന്ന ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ ​ഗ്രോസ് കളക്ഷന്‍ 657.85 കോടിയും വിദേശത്തുനിന്ന് നേടിയത് 392.55 കോടിയുമാണ്. ആകെ 1050.40 കോടി! ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ 245 കോടിയും വിദേശത്തു നിന്ന് നേടിയത് 178 കോടിയുമാണ്. സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളുടെ വില്‍പ്പനയില്‍ നിന്ന് മറ്റൊരു 150 കോടിയും മ്യൂസിക് റൈറ്റ്സില്‍ നിന്ന് 30 കോടിയും ലഭിച്ചു. മുഴുവന്‍ വരുമാനവും പരി​ഗണിക്കുമ്പോള്‍ 270 കോടി മുടക്കിയ യാഷ് രാജ് ഫിലിംസിന് ലഭിച്ചത് 603 കോടിയാണ്. അതായത് 333 കോടി രൂപ ലാഭം! കരാര്‍ പ്രകാരം ഷാരൂഖ് ഖാന് ലഭിച്ചത് 200 കോടി ആണെന്നായിരുന്നു റിപ്പോര്‍ട്ട്.

ജവാനില്‍ 100 കോടി പ്രതിഫലം കൂടാതെ ആകെ ലാഭവിഹിതത്തിന്‍റെ 60 ശതമാനവും ഷാരൂഖ് ഖാന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഒടിടി റിലീസ് ആരംഭിച്ച ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. തിയറ്റര്‍ പ്രദര്‍ശനം അവസാനിക്കുന്ന മുറയ്ക്കായിരിക്കും ലാഭവിഹിതവും ഷാരൂഖ് ഖാന്‍റെ പ്രോഫിറ്റ് ഷെയറുമൊക്കെ തീരുമാനിക്കുക. 

അതേസമയം സിനിമകളില്‍ നിന്ന് ഇത്രയും വരുമാനമുണ്ടാക്കുന്ന ഷാരൂഖ് ഖാന്‍റെ ആകെ ആസ്തി 760 മില്യണ്‍ ഡോളര്‍ ആണ്! ഇന്ത്യന്‍ രൂപയിലേക്ക് പരിവര്‍ത്തിപ്പിച്ചാല്‍ 6300 കോടി! ലൈഫ്സ്റ്റൈല്‍ ഏഷ്യയുടെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള കണക്കാണ് ഇത്. മറ്റ് പല ബോളിവുഡ് താരങ്ങളെയും പോലെയല്ല, ഷാരൂഖ് ഖാന്‍റെ വരുമാനത്തിന്‍റെ ഒരു പ്രധാന ഭാഗവും വരുന്നത് സിനിമയില്‍ നിന്നുതന്നെയാണ്. സിനിമ കൂടാതെ ബിസിനസുകളും ബ്രാന്‍ഡ് പ്രൊമോഷനുകളും അദ്ദേഹം നടത്തുന്നുണ്ട്. നിരവധി ജനപ്രിയ ബ്രാന്‍ഡുകളുടെ അംബാഡിസറാണ് അദ്ദേഹം. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റ് ഷാരൂഖിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. ഐപിഎല്‍ ടീം ആയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ സഹ ഉടമയുമാണ് കിംഗ് ഖാന്‍. 

മുംബൈയിലെ മന്നത്ത് എന്ന പേരിലുള്ള ഷാരൂഖ് ഖാന്‍റെ വസതിക്ക് മാത്രം 200 കോടി രൂപയുടെ മൂല്യമുള്ളതായാണ് കണക്കാക്കപ്പെടുന്നത്. മുംബൈയിലെ വീട് കൂടാതെ ലണ്ടനിലും ദുബൈയിലെ പാം ജുനൈറയിലും വില്ലകളുമുണ്ട് അദ്ദേഹം. ലക്ഷ്വറി കാറുകളുടെ നീണ്ട നിര തന്നെയുണ്ട് അദ്ദേഹത്തിന്‍റെ കളക്ഷനില്‍. റോള്‍സ് റോയ്സ് ഫാന്‍റം ഡ്രോപ്ഹെഡ് കൂപ്പെ, ബെന്‍റ്ലി കോണ്ടിനെന്‍റല്‍ ജിടി, ബുഗാട്ടി വെയ്റോണ്‍, ബിഎംഡബ്ല്യു 7 സിരീസ് എന്നിങ്ങനെ പോകുന്നു ആ കളക്ഷന്‍. അതേസമയം രാജ്കുമാര്‍ ഹിറാനിയുടെ ഡങ്കിയാണ് കിംഗ് ഖാന്‍റേതായി അടുത്ത് പ്രദര്‍ശനത്തിനെത്തുന്ന ചിത്രം. ക്രിസ്മസ് റിലീസ് ആണ് ഈ സിനിമ. ഒരേ വര്‍ഷം ഹാട്രിക് വിജയം നേടാന്‍ അദ്ദേഹത്തിനാവുമോ എന്നാണ് ബോളിവുഡ് കാത്തിരിക്കുന്നത്. 

ALSO READ : മുണ്ടിനൊപ്പം ഡെനിം ഷര്‍ട്ട്, കഴുത്തില്‍ കൊന്ത; 'ടര്‍ബോ'യില്‍ മമ്മൂട്ടിയുടെ ലുക്ക് തീരുമാനിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക