ഷാരൂഖ് ഖാന്‍ നായകനായ ഒരു സിനിമ പുറത്തെത്തിയിട്ട് ഒന്നര വര്‍ഷത്തോളമാവുന്നു. അടുത്തടുത്ത ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ ശ്രദ്ധിക്കപ്പെടാതിരുന്നതിനെത്തുടര്‍ന്ന് കരിയറില്‍ ഗുണപരമായ ഒരിടവേള എടുക്കുകയായിരുന്നു അദ്ദേഹം. 2018 ക്രിസ്‍മസ് റിലീസായി എത്തിയ സീറോയാണ് ഷാരൂഖിന്‍റേതായി ഒടുവില്‍ പുറത്തെത്തിയ ചിത്രം. അതിനാല്‍ത്തന്നെ കഴിഞ്ഞ ഒരു വര്‍ഷമായി കിംഗ് ഖാന്‍റെ അടുത്ത റിലീസിനായുള്ള വലിയ കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്നലെ ട്വിറ്ററിലൂടെ ആരാധകരുമായി ഒരു ചോദ്യോത്തര പരിപാടി നടത്തിയിരുന്നു അദ്ദേഹം. അവിടെയും കൂടുതല്‍ ആരാധകര്‍ക്കും ആകാംക്ഷയുണ്ടായിരുന്നത് അദ്ദേഹം അടുത്തു ചെയ്യാന്‍ പോകുന്ന സിനിമ ഏതാണെന്നായിരുന്നു. മറ്റ് പല രസകരമായ ചോദ്യങ്ങളും അവര്‍ ചോദിച്ചു. അതിലും രസകരമായ മറുപടികളായിരുന്നു കിംഗ് ഖാന്‍റേത്. അവ ഇങ്ങനെ..

ലോക്ക് ഡൗണിനിടെ എങ്ങനെയാണ് സമയം ചിലവഴിക്കുന്നത്?

ജനസംഖ്യാ വര്‍ധനവിലേക്കുള്ള സംഭാവന എന്നതിനപ്പുറം, മൂന്ന് കുട്ടികള്‍ ഉണ്ടായിരിക്കുക എന്നത് ഒരു ഉത്സവമാണ്. പല പ്രായങ്ങളിലാണ് അവര്‍. ഒന്നോ രണ്ടോ മണിക്കൂര്‍ അവര്‍ ഓരോരുത്തര്‍ക്കുമൊപ്പം. ദിവസത്തില്‍ ബാക്കി വരുന്ന സമയം അവരുടെ കളിപ്പാട്ടങ്ങള്‍ വൃത്തിയാക്കാനും!

പുകവലി നിര്‍ത്താന്‍ എന്തെങ്കിലും ഉപായം പറയാമോ? ഒരുപാട് ശ്രമിക്കുന്നുണ്ട്.

നിങ്ങള്‍ ഉത്തരങ്ങള്‍ക്കായി എത്തിയിരിക്കുന്നത് തെറ്റായ സ്ഥലത്താണ് സുഹൃത്തേ. നിങ്ങളുടെ പരിശ്രമത്തിന് എല്ലാ ആശംസകളും.

ഈ ദിവസങ്ങളില്‍ എന്താണ് പഠിച്ചത്?

നമ്മളെല്ലാം വേഗത സ്വല്‍പം കുറയ്ക്കേണ്ടതുണ്ടെന്ന്. എല്ലായ്പ്പോഴും ഉടനടി സംതൃപ്‍തി അന്വേഷിച്ചു പോകുന്നതിനു പകരം, പ്രകൃതിയെയും ജീവിതത്തെയുമൊക്കെ കുറച്ചുകൂടി ശ്രദ്ധിക്കണമെന്നും അനുഭവിക്കണമെന്നും. 

താങ്കളുടെ സിനിമകളാണ് എന്‍റെ ക്വാറന്‍റൈന്‍ വിനോദം. ദിവസം ഒരു ഷാരൂഖ് ഖാന്‍ ചിത്രം കണ്ടാല്‍ കൊറോണയെ അകറ്റിനിര്‍ത്താം. എന്ത് പറയുന്നു?

വൈറസിനെ നമ്മള്‍ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ ചെയ്‍തിട്ടുള്ള സിനിമകളുടെ എണ്ണത്തേക്കാള്‍ വേഗത്തില്‍. ഇന്‍ഷാ അള്ളാ.

രാജു ഹിറാനി, ആറ്റ്ലി, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ക്കൊപ്പം സിനിമകള്‍ ചെയ്യുന്നുണ്ടോ എന്ന കാര്യം ഞങ്ങളെ അറിയിക്കുക?

താങ്കള്‍ക്ക് ഞാന്‍ തിരക്കഥകളും അയച്ചുതന്നാലോ? സമ്മര്‍ദ്ദപ്പെടുത്തല്ലേ. ഒരുപാട് സിനിമകള്‍ ചെയ്യും, മാന്‍.

 

അടുത്ത ചിത്രം എപ്പോഴാണ് താങ്കള്‍ അനൌണ്‍സ് ചെയ്യുക? ഊഹാപോഹങ്ങള്‍ കേട്ട് മടുത്തു. വീഡിയോയില്‍ താങ്കളുടെ ലുക്ക് കണ്ട് അടുത്ത ചിത്രം എന്തായിരിക്കുമെന്ന് ഊഹിക്കുകയാണ് ഇപ്പോഴത്തെ പരിപാടി?

വെറുതെ ബുദ്ധിമുട്ടാതെ. ഞാന്‍ ചില സിനിമകള്‍ ചെയ്യുമെന്ന് ഉറപ്പുള്ള കാര്യമാണ്. അത് നിര്‍മ്മിക്കപ്പെടുമെന്നും ഉറപ്പാണ്. നിങ്ങള്‍ എല്ലാവരും അതേക്കുറിച്ച് അറിയുമെന്നതും ഉറപ്പാണ്.

ഗൌരിയെ (ഷാരൂഖ് ഖാന്‍റെ ഭാര്യ) കണ്ടുമുട്ടിയതായി കഴിഞ്ഞ ദിവസം ഞാന്‍ സ്വപ്‍നം കണ്ടു. താങ്കളെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചത്. താങ്കളെ രണ്ടുവട്ടം നേരില്‍ കണ്ടെന്ന് ഞാന്‍ പറഞ്ഞു (അത് സ്വപ്നത്തില്‍ മാത്രമാണ് കേട്ടോ). വലിയ സന്തോഷത്തിലായിരുന്നു ഞാന്‍. താങ്കളെ ഇനിയും കാണണമെന്നും ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും അവരോട് പറഞ്ഞു. ഗൌരിക്കും എന്നെ ഇഷ്ടമായി. അവരോട് എന്‍റെ കുശലാന്വേഷണം പറയുക. 

ഇന്ന് രാത്രി ഗൌരി എന്‍റെ സ്വപ്നത്തില്‍ വരുമ്പോള്‍ ഈ കുശലാന്വേഷണം ഞാന്‍ പറയും.

ഒരു ജീവിതകാലത്തില്‍ ഒഴിവാക്കാനാവാത്തതാണ് വീഴ്‍ച എന്നത്. താങ്കള്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ആണെങ്കില്‍ സിനിമാജീവിതം അവസാനിപ്പിക്കാനുള്ള സമയമായെന്ന് എപ്പോള്‍, എങ്ങനെയാണ് മനസിലാക്കുക?

അറിയില്ല. അത് ഒരു സൂപ്പര്‍ സ്റ്റാറിനോട് അന്വേഷിച്ചുനോക്കൂ. നിര്‍ഭാഗ്യവശാല്‍ ഞാനൊരു രാജാവ് മാത്രമാണ്.

തുടര്‍ച്ചയായി ഒരു മാസത്തേക്ക് വീട് വിട്ടുനില്‍ക്കാതായിട്ട് എത്രകാലം ആയിക്കാണും?

കഴിഞ്ഞ വര്‍ഷത്തോടെ.

താങ്കളെ മിസ് ചെയ്യുന്നു, ഖാന്‍ സാബ്. താങ്കളുടെ അസാന്നിധ്യത്തില്‍ അപൂര്‍ണ്ണമാണ് ബോളിവുഡ്. അടുത്ത അനൌണ്‍സ്‍മെന്‍റ് പറയാമോ?

ടോം ക്രൂസും ഒരിക്കല്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. "നിങ്ങളാണ് എന്‍റെ പൂര്‍ണ്ണനാക്കുന്നത്..".

സാറിന്‍റെ അടുത്ത ചിത്രം ഒരു മാസ് ആക്ഷന്‍ പടമായിരിക്കുമെന്ന് പറഞ്ഞാല്‍.. എന്തായിരിക്കും മറുപടി?

സോഷ്യല്‍ ഡിസ്റ്റന്‍സിംഗിന്‍റെ സമയത്ത് മാസിനെക്കുറിച്ച് പറയാതെ ഭായ്. വിഷമിക്കാതെ, എല്ലാം ചെയ്യാം.

സര്‍, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശരിക്കും എത്ര നല്‍കി?

ശരിക്കും ഖജാന്‍ജി ആണോ?