അവതാരകയായ ടെലിവിഷന്‍ പരിപാടിയില്‍ ആനി നടത്തിയ ചില പ്രസ്താവനകള്‍ സ്ത്രീവിരുദ്ധവും പിന്തിരിപ്പനുമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. നടിമാരായ നവ്യ നായര്‍, നിമിഷ സജയന്‍ തുടങ്ങിയവരുമായുള്ള സംഭാഷണങ്ങളിലെ ഭാഗങ്ങള്‍ വച്ച് ഒട്ടേറെ ട്രോളുകളും ആഴ്‍ചകള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയിരുന്നു. എന്നാല്‍ താന്‍ പറഞ്ഞ പലതും വളച്ചൊടിക്കപ്പെടുകയായിരുന്നെന്നും മുഴുവന്‍ അഭിമുഖവും കാണാത്തവരാണ് ആക്ഷേപങ്ങളുമായി എത്തിയതെന്നുമായിരുന്നു ആനിയുടെ പ്രതികരണം. ഇപ്പോഴിതാ ആ അഭിപ്രായത്തെ പിന്താങ്ങുകയാണ് ഭര്‍ത്താവും സംവിധായകനുമായ ഷാജി കൈലാസ്. തങ്ങളുടെ 24-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ എഴുതിയ കുറിപ്പിലാണ് ആനി പറഞ്ഞത് വളച്ചൊടിക്കപ്പെടുകയായിരുന്നെന്ന് ഷാജി കൈലാസും പറയുന്നത്.

വിവാഹ വാര്‍ഷിക ദിനത്തില്‍ ആനിയെക്കുറിച്ച് ഷാജി കൈലാസ്

ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ മനോഹരമായ 24 വർഷങ്ങൾ. ഞാനും എന്‍റെ ആനിയും ഒന്നിച്ചുള്ള മനോഹരമായ യാത്ര തുടരുകയാണ്. പരസ്പര ബഹുമാനത്തോടും സ്നേഹത്തോടും തുല്യതയോടും കൂടിയുള്ള ഈ യാത്രയിൽ കൂട്ടും കരുത്തുമായി നിൽക്കുന്ന ഏവർക്കും ഒത്തിരിയേറെ നന്ദി. ഞാനീ ലോകത്ത് ഏറ്റവുമധികം ബഹുമാനിക്കുന്ന, ഒരു പുൽനാമ്പിനെ പോലും വേദനിപ്പിക്കുവാൻ ആഗ്രഹിക്കാത്ത ആനിയെ സ്വന്തമാക്കിയ എന്നെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ ഞാൻ തന്നെയാണ്. സന്തോഷങ്ങളും പരിഭവങ്ങളും പങ്കു വെക്കുവാൻ അമ്മ അരികില്ലാത്ത ആനിക്ക് ഞാൻ ഒരു അമ്മയാണ്. അവളുടെ എല്ലാമാണ്.

വളച്ചൊടിക്കപ്പെട്ട പലതിനും മുന്നിൽ അവൾ തളർന്നേക്കാം. സങ്കടപ്പെട്ടേക്കാം. പക്ഷേ പതറാതെ, തളരാതെ അവൾക്ക് കരുത്തായി ഇന്നും എന്നും ഞാൻ കൂടെയുണ്ടാകും. ലോകം മുഴുവൻ വിഷമിക്കുന്ന ഈ ഒരു വേളയിൽ ഞങ്ങൾക്കും ആഘോഷങ്ങൾ ഇല്ല.
വേഗം ലോകം മുഴുവൻ സുഖം പ്രാപിക്കട്ടെ. എല്ലാവർക്കും നന്മയും ആരോഗ്യവും നേരുന്നു.

അതേസമയം പൃഥ്വിരാജ് നായകനാവുന്ന 'കടുവ'യിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഷാജി കൈലാസ്. ജിനു വി എബ്രഹാം തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ്. രവി കെ ചന്ദ്രനാണ് ഛായാഗ്രഹണം. 2013ല്‍ പുറത്തെത്തിയ ജിഞ്ചര്‍ എന്ന ചിത്രത്തിനു ശേഷം ഷാജി കൈലാസ് മലയാളത്തില്‍ സിനിമ ഒരുക്കിയിട്ടില്ല.