Asianet News MalayalamAsianet News Malayalam

'ക്യാമറ നിലത്ത് വീണു, ലെൻസ് പൊട്ടിച്ചിതറി, സുരേഷിൻ്റെ കണ്ണിൽ നിരാശയുടെയും ദുഃഖത്തിൻ്റെയും അലയൊലി'

ഗുരുവായൂരപ്പനും ലൂർദ്ദ് മാതാവും പരമ കാരുണ്യവാനായ പടച്ചവനുമടക്കം എല്ലാ ഈശ്വരസങ്കല്പങ്ങളും സുരേഷ് ഗോപിയെ അനുഗ്രഹിക്കട്ടെ എന്നും ഷാജി കൈലാസ്. 

shaji kailas heartfelt note about suresh gopi movie ekalavyan  nrn
Author
First Published Jan 19, 2024, 8:31 PM IST

ലയാളത്തിന്റെ സുരേഷ് ​ഗോപി അനശ്വരമാക്കിയ ഒട്ടനവധി സിനിമകൾ ഉണ്ട്. പൊലീസ് വേഷമായാലും മാസ് ആയാലും കടിച്ചാൽ പൊട്ടാത്ത ഡയലോ​ഗുകളായാലും സുരേഷ് ​ഗോപിയുടെ കയ്യിൽ ഭദ്രമായിരുന്നു. ഇന്നും അതിന്റെ മാറ്റ് കൂടിക്കൊണ്ടേയിരിക്കുന്നു. സുരേഷ് ​ഗോപിയെ സൂപ്പർ താരപദവിയിലേക്ക് ഉയർത്തിയ ചിത്രമായിരുന്നു ഏകലവ്യൻ. ഷാജി കൈലാസ് - രഞ്ജി പണിക്കർ - സുരേഷ് ഗോപി കൂട്ടുകെട്ടിൽ പിറന്ന ഈ ചിത്രം ഇന്നും കാലാനുവർത്തിയായി നിൽക്കുകയാണ്. ഈ അവസരത്തിൽ ഏകലവ്യനെ കുറിച്ച് ഷാജി കൈലാസ് കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. 

വീണുപോയ ക്യാമറയും മഹാവിജയത്തിൻ്റെ ഫലപ്രാപ്തിയും എന്ന തലക്കെട്ടോടെയാണ് ഷാജി കൈലാസ് കുറിപ്പ് തുടങ്ങുന്നത്. ​ഭാ​ഗ്യയുടെ കല്യാണത്തിന് കലാകാരൻ്റെയും രാഷ്ട്രീയക്കാരൻ്റെയും തിരക്കുകളിൽ നിന്ന് അച്ഛൻ്റെ സ്നേഹവാത്സല്യങ്ങൾ നിറഞ്ഞ ഉത്തരവാദിത്വങ്ങളിലേക്കുള്ള സുരേഷ് ഗോപിയുടെ ഹൃദയസഞ്ചാരം കണ്ടപ്പോഴാണ് ഏകലവ്യൻ ഷൂട്ടിനിടെ സംഭവിച്ച കാര്യം ഓർമവന്നതന്ന് അദ്ദേഹം പറയുന്നു. 

"ചില ഓർമ്മകൾ പൂക്കളെ പോലെയാണ്. അവ സ്നേഹത്തിൻ്റെ സുഗന്ധം പരത്തും. ഭാഗ്യയുടെ വിവാഹനാളിൽ ഗുരുവായൂരമ്പലനടയിൽ മഹാനടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം നിന്ന ഞങ്ങളെ ഓരോരുത്തരെയും പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തുമ്പോൾ സുരേഷ് ഗോപി അനുഭവിച്ച ആത്മനിർവൃതി കേവലം ഒരു സഹപ്രവർത്തകൻ്റെയോ സുഹൃത്തിൻ്റെയോ മാത്രമായിരുന്നില്ല. മറിച്ച് ഉത്തമനായ ഒരു കലാകാരനിൽ കാലം ചേർത്തുവെക്കുന്ന മൂല്യബോധങ്ങളുടെ പ്രകടനം കൂടിയായിരുന്നു. ഒരു കലാകാരൻ്റെയും രാഷ്ട്രീയക്കാരൻ്റെയും തിരക്കുകളിൽ നിന്ന് അച്ഛൻ്റെ സ്നേഹവാത്സല്യങ്ങൾ നിറഞ്ഞ ഉത്തരവാദിത്വങ്ങളിലേക്കുള്ള സുരേഷ് ഗോപിയുടെ ഈ ഹൃദയസഞ്ചാരം ഒരു പഴയ ഓർമ്മയിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപ്പോയി.

ഏകലവ്യൻ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. സുരേഷ് ഗോപി ആ സിനിമയിൽ ആദ്യമായി അഭിനയിക്കുവാൻ എത്തുകയാണ്. തിരശീലകളെ തീ പിടിപ്പിച്ച ക്ഷുഭിതയൗവന പകർന്നാട്ടത്തിനായി സുരേഷ് ഗോപി ചായം പൂശുന്നു. എല്ലാം കഴിഞ്ഞ് ആദ്യഷോട്ടിനായി വരുമ്പോഴാണ് അത് സംഭവിച്ചത്. ക്യാമറ നിലത്ത് വീണു..! ലെൻസ് പൊട്ടിച്ചിതറി..! സെറ്റ് മൂകമായി. സുരേഷിൻ്റെ കണ്ണുകളിൽ നിരാശയുടെയും ദുഃഖത്തിൻ്റെയും അലയൊലി. ഞാൻ സുരേഷിനെ ആശ്വസിപ്പിച്ചു. സ്റ്റിൽ ഫോട്ടോഗ്രാഫറായ സുനിൽ ഗുരുവായൂരിനെക്കൊണ്ട് മൂന്നു നാല് സ്റ്റില്ലുകൾ എടുപ്പിച്ചു. എന്നിട്ടാണ് സുരേഷ് ഗോപി മേക്കപ്പഴിച്ചത്. 

'ഷൂട്ടിനിടെ കുഴഞ്ഞു വീണു, ശരീരം നല്‍കിയ ആദ്യ സൂചന, നെഞ്ചിനുള്ളില്‍ വേദന'; പാര്‍വതി തിരുവോത്ത്

ഐശ്വര്യക്കേടിൻ്റെയും ദുർനിമിത്തത്തിൻ്റെയും വ്യാഖ്യാനങ്ങൾ കൊണ്ട് വേണമെങ്കിൽ വഷളാകുമായിരുന്ന ആ സംഭവം അങ്ങനെ ശാന്തമായി അവസാനിച്ചു. ഏകലവ്യൻ പൂർത്തിയായി. സുരേഷ് ഗോപി സൂപ്പർതാരമായി. മൂന്ന് തവണയാണ് ഏകലവ്യൻ്റെ വിജയാഘോഷം നടത്തിയത്. നൂറും നൂറ്റമ്പതും ഇരുന്നൂറ്റമ്പതും ദിനങ്ങൾ പൂർത്തിയായപ്പോൾ സുരേഷ് ഗോപിയോട് ആദ്യ ദിവസത്തെ ക്യാമറ വീഴ്ച ഞാൻ ഓർമ്മിപ്പിച്ചു. സുരേഷ് ഗോപി ഹൃദ്യമായി ചിരിച്ചു.
ഗുരുവായൂരപ്പനും ലൂർദ്ദ് മാതാവും പരമ കാരുണ്യവാനായ പടച്ചവനുമടക്കം എല്ലാ ഈശ്വരസങ്കല്പങ്ങളും സുരേഷ് ഗോപിയെ അനുഗ്രഹിക്കട്ടെ. ഭാഗ്യക്ക് നല്ലൊരു വിവാഹ ജീവിതം ഉണ്ടാകട്ടെ. എല്ലാ മലയാളികൾക്കും നന്മയുണ്ടാവട്ടെ", എന്നാണ് ഷാജി കൈലാസ് കുറിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Follow Us:
Download App:
  • android
  • ios