ഷാജി കൈലാസിന്റെ മോഹൻലാല്‍ ചിത്രമായ എലോണിന്റെ ടീസര്‍ പുറത്ത്.

മോഹൻലാല്‍ (Mohanlal) നായകനാകുന്ന പുതിയ ചിത്രമാണ് എലോണ്‍. ഷാജി കൈലാസ് (Shaji Kailas) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എലോണ്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ മോഹൻലാല്‍ നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.

മോഹൻലാലിന്റെ സംഭാഷണം ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ചിത്രത്തിന്റെ ടീസര്‍. യഥാര്‍ഥ നായകൻമാര്‍ എല്ലായ്‍പ്പോഴും തനിച്ചാണ് എന്നാണ് മോഹൻലാല്‍ ടീസറില്‍ പറയുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. രാജേഷ് കുമാറിന്റെ തിരക്കഥയിലാണ് ചിത്രം എത്തുക. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധായകൻ.

ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

റെഡ് ചില്ലീസ് എന്ന ചിത്രം ആണ് ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മോഹൻലാല്‍ ഇതിനു മുമ്പ് അഭിനയിച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ബ്രോ ഡാഡിയാണ് മോഹൻലാലിന്റേത് പ്രദര്‍ശനത്തിന് എത്താനുള്ള ഒരു ചിത്രം. മോഹൻലാലിന്റെ ബ്രോ ഡാഡിയെന്ന ചിത്രത്തില്‍ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. കല്യാണി പ്രിയദര്‍ശൻ ആണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്. ബ്രോ ഡാഡി എന്ന ചിത്രത്തില്‍ മോഹൻലാലിന്റെ ജോഡി മീന ആണ്.