തൊണ്ണൂറുകളില്‍ ഇന്ത്യൻ ടെലിവിഷൻ ആരാധകര്‍ ഏറ്റെടുത്ത സൂപ്പര്‍ഹീറോയാണ് 'ശക്തിമാൻ'.

ഇന്ത്യയിലെ ഹിറ്റ് ടെലിവിഷൻ പരമ്പരയാണ് 'ശക്തിമാൻ' (Shaktimaan). ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്‍ത 'ശക്തിമാനി'ല്‍ മുകേഷ് ഖന്നയായിരുന്നു നായകൻ. മുകേഷ് ഖന്ന ഇന്നും അറിയപ്പെടുന്നതും ആ കഥാപാത്രത്തിന്റെ പേരില്‍ തന്നെ. 'ശക്തിമാൻ' ബിഗ് സ്‍ക്രീനിലേക്ക് എത്തുന്നതിനെ കുറിച്ചാണ് പുതിയ റിപ്പോര്‍ട്ട്.

ദൂരദര്‍ശനില്‍ 1997 മുതല്‍ 2000 പകുതിവരെയായിരുന്നു 'ശക്തിമാൻ' സംപ്രേഷണം ചെയ്‍തത്. ഇന്ത്യയുടെ സൂപ്പര്‍ഹീറോ വൈകാതെ ബിഗ് സ്‍ക്രീനിലേക്ക് എത്തുമെന്ന പ്രഖ്യാപനമാണ് ഇന്നുണ്ടായിരിക്കുന്നത്. സോണി പിക്ചേഴ്‍സ് ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ശക്തിമാൻ ബിഗ് സ്‍ക്രീനേലക്ക് എത്തിക്കാൻ ബ്ര്യൂവിംഗ് തോട്‍സ് പ്രൈവറ്റ് ലിമിറ്റഡും ഭീഷ്‍ം ഇന്റര്‍നാഷണലുമായി കരാര്‍ ഒപ്പിട്ടെന്നാണ് സോണി ഇന്റര്‍നാഷണല്‍ അറിയിച്ചിരിക്കുന്നത്.

സംവിധായകൻ ആരായിരിക്കുമെന്നത് അടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്ത്യയുടെ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളുണ്ടായിരിക്കുമെന്ന് പ്രഖ്യാപനത്തില്‍ പറയുന്നു. സൂപ്പര്‍ഹീറോ നായകൻമാരായിട്ടുള്ള ചിത്രങ്ങള്‍ ഇന്ത്യയില്‍ വൻ വിജയമാകുമെന്ന സാഹചര്യത്തിലാണ് സോണി ഇന്റര്‍നാഷണലിന്റെ പ്രഖ്യാപനം. വൈകാതെ എല്ലാ വിവരങ്ങളും പുറത്തുവിടുമെന്ന് സോണി ഇന്റര്‍നാഷണല്‍ പറയുന്നു.

തൊണ്ണൂറുകളില്‍ ആരാധകര്‍ ഏറ്റെടുത്ത അമാനുഷിക നായകൻ വെള്ളിത്തിരയിലേക്ക് എത്തുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്നാണ് കണ്ടറിയേണ്ടത്. ദൂരദര്‍ശനില്‍ 'ശക്തിമാൻ' സീരിയല്‍ 450 എപ്പിസോഡുകളായിരുന്നു സംപ്രേഷണം ചെയ്‍തത്. കുട്ടികളായിരുന്നു 'ശക്തിമാൻ' സീരിയലിന്റെ ആരാധകര്‍. അടുത്തിടെ മലയാളത്തിന്റെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ 'മിന്നല്‍ മുരളി' വൻ വിജയമായിരുന്നു.