Asianet News MalayalamAsianet News Malayalam

പ്രേം നസീറിനും 21 പേര്‍ക്കും ഷമ്മി തിലകന്റെ ശബ്‍ദം!; 'കടത്തനാടൻ അമ്പാടി'യുടെ അറിയാത്ത കഥ

ഒരു സിനിമയിലെ പ്രധാന കഥാപാത്രത്തിനും 21 പേര്‍ക്കും ശബ്‍ദം നല്‍കുക. തിരക്കഥയില്ലാതെ ഡബ്ബ് ചെയ്യുക. വിവാദം മറികടന്ന് സിനിമ.  ഷമ്മി തിലകനെ  കണ്ടെത്താൻ തിയറ്ററില്‍ അറിയിപ്പ് നല്‍കുക. 'കടത്തനാടൻ അമ്പാടി' മുപ്പതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അക്കഥകള്‍ ഷമ്മി തിലകൻ തന്നെ  ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ പ്രേക്ഷകരോട് പറയുന്നു.

Shammi Thilakan remember Kadathanadan Ambadi film
Author
Thiruvananthapuram, First Published Apr 18, 2020, 10:47 PM IST

ഒരുകാലത്തെ മലയാളത്തിന്റെ വേറിട്ട സിനിമക്കാഴ്‍ചയാണ് കടത്തനാടൻ അമ്പാടി. വടക്കൻ പാട്ടിലെ കഥാപാത്രങ്ങളായി മോഹൻലാലും പ്രേം നസീറും ഒന്നിച്ചെത്തിയ സിനിമ. പക്ഷേ വിവാദത്തീയിലായിരുന്നു സിനിമയുടെ തുടക്കം മുതലുള്ള കാര്യങ്ങള്‍. പ്രിയദര്‍ശൻ സംവിധാനം ചെയ്‍ത സിനിമ ആദ്യ ആഴ്‍ചയില്‍ വൻ വിജയം നേടിയിരുന്നു.  കടത്തനാടൻ അമ്പാടിയില്‍ പ്രേം നസീര്‍ സംസാരിച്ചത് ഷമ്മി തിലകന്റെ ശബ്‍ദത്തിലാണെന്ന വലിയ കൗതുകവും മലയാള സിനിമയുടെ ചരിത്രത്താളുകളിലുണ്ട്.Shammi Thilakan remember Kadathanadan Ambadi film

സാജ് പ്രൊഡക്ഷന്റെ ബാനറില്‍ സാജൻ വര്‍ഗീസ് ആയിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണത്തുടക്കം. കൊച്ചിൻ ഹനീഫയുടെ കഥ. പി കെ ശാരംഗപാണിയുടെ സംഭാഷണം. ഒട്ടേറെ മുൻനിര താരങ്ങള്‍. ചിത്രീകരണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ നിര്‍മ്മാതാവിന്റെ സാമ്പത്തിക ബുദ്ധിമുട്ട്. നിര്‍മ്മാതാവ് കോടതി കയറേണ്ടി വന്നു. കോടതി വാദങ്ങളില്‍ സിനിമയുടെ നിര്‍മ്മാണവും വിതരണവും അന്നത്തെ പ്രമുഖ കമ്പനിയായ നവോദയ അപ്പച്ചനിലേക്ക് എത്തി. കോടതിയുടെ മേല്‍നോട്ടത്തില്‍ സിനിമയുടെ തുടര്‍ന്നുള്ള ജോലികള്‍. അങ്ങനെ മലയാള സിനിമ അന്നോളം കണ്ടതില്‍ നിന്ന് വേറിട്ട രീതിയില്‍ കടത്തനാടൻ അമ്പാടിയുടെ ചിത്രീകരണം പൂര്‍ത്തിയായി. 

വിവാദങ്ങള്‍ക്ക് അറുതിയില്ലാതെയായിരുന്നു ചിത്രീകരണം പുരോഗമിച്ചത്. സിനിമ ചിത്രീകരണം പൂര്‍ത്തിയായി കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രേംനസീര്‍ മരിക്കുകയും ചെയ്‍തു. വീണ്ടും കഷ്‍ടകാലം.  ചിത്രം എങ്ങനെ തിയേറ്ററുകളിലേക്ക് എത്തിക്കുമെന്ന ചോദ്യം വീണ്ടും ഉയര്‍ന്നു.Shammi Thilakan remember Kadathanadan Ambadi film

മോഹൻലാല്‍ കടത്തനാടൻ അമ്പാടിയായപ്പോള്‍ ഗുരുവായ പയ്യമ്പള്ളി ചന്തുവായത് പ്രേം നസീറായിരുന്നു. ക്യാമറയിലായ പ്രേം നസീറിന്  ശബ്‍ദം വേണം. മരണപ്പെട്ട മറ്റ് ചില അഭിനേതാക്കള്‍ക്കും. ഡേറ്റ് മാറിയതിനാല്‍ തിരക്കിലായി ഡബ്ബിംഗിന് എത്താൻ ആകാത്ത മറ്റ് അഭിനേതാക്കള്‍ക്കും. മിമിക്രി ആര്‍ടിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവരെ ഉപയോഗപ്പെടുത്താം. പക്ഷേ തിരക്കഥയില്ല. ആകെയുള്ളത് വീഡിയോയിലെ ദൃശ്യങ്ങള്‍  മാത്രം. ദൃശ്യങ്ങള്‍ കണ്ട് ചുണ്ടനക്കം നോക്കി ഡയലോഗുകള്‍ എഴുതിയെടുത്ത് ഡബ്ബിംഗ് ചെയ്യണം. ആര് ചെയ്യും? ചര്‍ച്ചകള്‍ക്കും ചില തീരുമാനങ്ങള്‍ക്കും അപ്പുറം ആ നിയോഗം എത്തിയത് ഷമ്മി തിലകനിലേക്ക്. കടത്തനാടൻ അമ്പാടി മുപ്പതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അക്കഥ ഷമ്മി തിലകൻ തന്നെ  ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ പ്രേക്ഷകരോട് പറയുന്നു.

പ്രേം നസീറിന്റെ ചുണ്ടനക്കവും ഷമ്മി തിലകന്റെ ശബ്‍ദവും

ഞാൻ അന്ന് ചാണക്യൻ എന്ന സിനിമയുടെ സഹസംവിധായകനാണ്. നവോദയ അപ്പച്ചൻ തന്നെയാണ് എന്നെ സിനിമയിലേക്ക് എത്തിച്ചത്. കമല്‍ഹാസനാണ് ചിത്രത്തിലെ നായകൻ. ജയറാമും പ്രധാനപ്പെട്ട കഥാപാത്രമായി ഉണ്ട്. മിമിക്രിക്കാരനായ കഥാപാത്രമാണ് ജയറാമിന്റേത്. ചിത്രീകരണത്തിനിടെ ജയറാം പ്രേം നസീറിന്റെ ശബ്‍ദമൊക്കെ അനുകരിക്കും. ഞാനും അത് കണ്ടും കേട്ടും ശീലിച്ചു. ഞാൻ മിമിക്രി കാണിക്കാൻ കാരണം ജയറാമാണ്. ചാണക്യനില്‍ ജയറാം വേദിയില്‍ മിമിക്രി ചെയ്യുന്ന രംഗമുണ്ട്. കമല്‍ഹാസൻ മിമിക്രി കാണുന്ന രംഗം. കമല്‍ഹാസന്റെ ഭാഗമാണ് ചിത്രീകരിക്കുന്നത്. ജയറാം വേണമെന്നില്ല. ഞാൻ പക്ഷേ ജയറാമിന് പകരക്കാരനായി നിന്ന് മിമിക്രി ചെയ്യും. അങ്ങനെ ശബ്‍ദത്തിന്റെ ചില ക്രമങ്ങള്‍ ഞാൻ പരിശീലിച്ചു. 

ചാണക്യൻ ചിത്രീകരണം നടക്കുന്നതിനിടയിലാണ് കടത്തനാടൻ അമ്പാടി സിനിമയുടെ ചുമതല കോടതി  അപ്പച്ചനെന്ന് ഞാൻ വിളിക്കുന്ന നവോദയ അപ്പച്ചന ഏല്‍പ്പിക്കുന്നത്.  പ്രേം നസീറടക്കമുള്ളവര്‍ക്ക് ഡബ്ബ് ചെയ്യാൻ ജയറാമിനെയാണ് തീരുമാനിക്കുന്നത്.  പക്ഷ ചിത്രത്തിന്റെ തിരക്കഥ ലഭ്യമല്ല. ലാബില്‍ നിന്നുള്ള നെഗറ്റീവ് മാത്രമാണ് കോടതി കൈമാറിയത്.  ദൃശ്യത്തിന്റെ ചുണ്ടനക്കം നോക്കി സംഭാഷണം എഴുതിയെടുക്കണം, തിരക്കഥയുണ്ടാക്കണം. എന്നെയും നവോദയ അപ്പച്ചൻ വിളിപ്പിച്ചു. പൈലറ്റ് ഡബ്ബ് ചെയ്യാനായിരുന്നു വിളിപ്പിച്ചത്. അതായത് യേശുദാസ് പാടുന്നതിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ട്രാക്ക് പാടുമല്ലോ, അതുപോലെ. ഞാനും പ്രിയദര്‍ശന്റെ സഹായിയായിരുന്ന  വിശ്വൻ വടുതലയും ചേര്‍ന്ന് സംഭാഷണങ്ങള്‍ എഴുതിയെടുത്തു. ഞാൻ കുറെ പൈലറ്റ് ഡബ്ബ് ചെയ്‍തു. പ്രേം നസീറന്റെ  രീതിയില്‍ തന്നെയാണ് ഞാൻ ചെയ്‍തത്. ഡബ്ബ് ചെയ്യാൻ ജയറാം തിരുവനന്തപുരം ചിത്രാഞ്‍ജലി സ്റ്റുഡിയോയിലെത്തി. കാവിലമ്മെ എന്ന് തുടങ്ങുന്ന ഡയലോഗ് ഒക്കെ ജയറാം ഡബ്ബ് ചെയ്‍തു. പക്ഷേ തുടര്‍ന്ന് മുന്നോട്ടുപോകുന്നില്ല. അദ്ദേഹം പിൻമാറി. പിന്നീട് എന്നിലേക്ക് അത് എത്തുന്നത്. അതും ഒരു കഥയാണ്.

ഞാൻ അക്കാലത്ത് നാടകം സംവിധാനം ചെയ്യാറുണ്ട്.  അച്ഛൻ സംവിധാനം, ഞാൻ സഹസംവിധാനം അങ്ങന. ചാലക്കുടി  സാരഥിക്ക് വേണ്ടിയാണ് നാടകം ചെയ്യുന്നത്. നാടകം എല്ലാവരും പഠിച്ചുതീര്‍ന്നു. അഭിനേതാക്കള്‍ നാടകം ആവര്‍ത്തിച്ചുനോക്കുന്ന കാലം. എല്ലാവരും കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നുണ്ടോ എന്ന് നോക്കാൻ ഇടയ്‍ക്ക് പോകാറുണ്ട്. അങ്ങനെ പോയതായിരുന്നു ഒരിക്കല്‍. അതിനിടയില്‍ ഒരു സിനിമ കാണാൻ പോയി.  അവിടെ ഒരു തിയറ്റില്‍ പുറപ്പാട് എന്ന സിനിമ കാണുകയാണ്. ഇടയ്‍ക്ക് ഒരു അറിയിപ്പ് കാണിക്കുന്നു. തിലകന്റെ മകൻ ഷമ്മി തിലകൻ ഇവിടെ ഉണ്ടെങ്കില്‍ അറിയിക്കണം എന്ന് എഴുതിക്കാണിക്കുന്നു. ഞാൻ ആദ്യം പേടിച്ചുപോയി. അച്ഛന് എന്തെങ്കിലും പറ്റിയോ എന്നായിരുന്നു പേടി. നേരെ തിയറ്റിന്റെ മാനേജറുടെ അടുത്ത് പോയി. അവര്‍ പറഞ്ഞു, നവോദയ അപ്പച്ചൻ പറഞ്ഞാണ് അറിയിപ്പ് കാണിച്ചത്. ഇവിടെയുണ്ടെങ്കില്‍ അദ്ദേഹത്തെ വിളിക്കണം എന്നു പറഞ്ഞിരുന്നു. അച്ഛനെയെ മറ്റോ വിളിച്ചപ്പോള്‍ ഞാൻ ചിത്രം കാണുന്നുണ്ട് എന്ന് പറഞ്ഞ് നവോദയ അപ്പച്ചൻ അറിഞ്ഞതാകണം. അന്ന് മൊബൈലൊന്നുമില്ലല്ലോ. എനിക്ക് തിയറ്റര്‍‌ മാനേജര്‍ തന്നെ എസ്‍റ്റിഡി വിളിച്ചു തന്നു. പെട്ടെന്ന് തിരുവനന്തപുരം ചിത്രാഞ്‍ജലിയിലേക്ക് എത്തണം. ഡബ്ബിംഗ് ജോലി തുടങ്ങണം എന്ന് പറഞ്ഞു. ആവശ്യമുള്ള ഉടുപ്പുകള്‍ എടുക്കാനും പറഞ്ഞു. ഞാൻ സഹസംവിധായകനാണല്ലോ.  ഡബ്ബിംഗ് ഏകോപനം നടത്താനോ മറ്റോ വിളിപ്പിച്ചതാകും എന്നാണ് ഞാൻ കരുതിയത്. ഞാൻ തിരുവനന്തപുരം ചിത്രാഞ്‍ജലിയിലേക്ക് ചെന്നു.

അവിടെയെത്തുമ്പോള്‍ എന്റെ ശബ്‍ദം പോയിരുന്നു. യാത്ര ചെയ്‍തതുകൊണ്ടൊക്കെ ആകണം. എന്റെ ശബ്‍ദം പോലെ അല്ല. സ്റ്റുഡിയോയില്‍ കയറി. വിശ്വൻ ഉണ്ട്. ആദ്യത്തെ ദൃശ്യം ഇട്ടു. പ്രേം നസീറും ചില ജൂനിയര്‍ ആര്‍ടിസ്റ്റും ഉള്ള രംഗമാണ്. എന്നോട്ട് ഡബ്ബ് ചെയ്യാൻ പറഞ്ഞു. ഞാൻ ഡബ്ബ് ചെയ്‍തു. ഞാൻ ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ ഡയലോഗ് പറഞ്ഞു. അവര്‍ക്ക് ചെറിയ ഡയലോഗ് മാത്രമേ ഉള്ളൂ. അപ്പോഴാണ് പറയുന്നത്. പ്രേം നസീറിന്റെ ശബ്‍ദമാണ് ചെയ്യേണ്ടത് എന്ന്. ഞാൻ അമ്പരന്നുപോയി. ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. അന്നും ഇന്നും. എന്റെ ശബ്‍ദത്തില്‍ തന്നെ ഡബ്ബ് ചെയ്യാൻ ആണ് പറഞ്ഞത്. പ്രേം നസീറിന് പകരം ഷമ്മി തിലകന്റെ ശബ്‍ദം ആണ് ഉപയോഗിക്കുന്നത് എന്ന് ക്ഷമാപണത്തോടെ ആദ്യം തന്നെ സിനിമയില്‍ എഴുതിക്കാണിക്കാം എന്നാണ് പറഞ്ഞത്. ഞാൻ പറഞ്ഞു പ്രേം നസീറിന്റെ ശബ്‍ദം തന്നെ നോക്കാം എന്ന്. പക്ഷേ എന്റെ ശബ്‍ദം പോയിരിക്കുകയാണ്. ഞാൻ പെട്ടെന്നുതന്നെ അവിടെ ചിത്രാഞ്‍ജലിയില്‍ നിന്ന് താഴേയ്ക്കു വരുമ്പോഴുള്ള ആശുപത്രിയില്‍ പോയി. 

ഞാൻ തിലകന്റെ മകനാണ് എന്ന് പറഞ്ഞ് ആശുപത്രിയില്‍‌ ഇടിച്ചുകയറുകയായിരുന്നു.  നാല് ദിവസമെങ്കിലും വിശ്രമം എടുത്താലേ ശബ്‍ദം തിരിച്ചുകിട്ടുകയുള്ളൂ എന്ന് ഡോക്ടര്‍ പറഞ്ഞു. ഞാൻ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. എങ്ങനെയെങ്കിലും ശബ്‍ദം തിരിച്ചുതരണം, കീറുകയോ എന്തുവേണമെങ്കിലും ചെയ്‍തോ എന്ന് ഞാൻ ഭ്രാന്തമായ അവസ്ഥയില്‍ പറഞ്ഞു. ഒടുവില്‍ ഡോക്ടര്‍ എന്നെ പരിശോധിക്കാൻ തീരുമാനിച്ചു.എന്തോ ഒരു മരുന്ന് വായില്‍ ഉറ്റിച്ചുതന്നു. ലോക്കല്‍ അനസ്‍തേഷ്യ പോലെ ഒന്ന് തന്നു. വായില്‍ ക്ലിപ്പിട്ട് കത്രിക പോലെയുള്ള ഒന്ന് ഉപയോഗിച്ച് തൊണ്ട പഞ്ഞികൊണ്ടു തുടച്ചു. ഗുളികയും തന്നു. അരമണിക്കൂര്‍ ഒന്നും മിണ്ടാതെ ഇരുന്ന് വിശ്രമിക്കാൻ പറഞ്ഞു. അത് കഴിഞ്ഞ് വീണ്ടും പരിശോധിച്ചു. അപ്പോള്‍ നാവ് കുഴയുന്നതുപോലെ ഉണ്ടെങ്കിലും ശബ്‍ദം തിരിച്ചുവന്നതുപോലെ അനുഭവപ്പെട്ടു. ഗുളികയും തന്ന് കുറച്ച് സമയം കൂടി വിശ്രമിച്ച് മാത്രം സംസാരിച്ചാല്‍ മതിയെന്ന് വ്യക്തമാക്കി എന്നെ പറഞ്ഞുവിട്ടു. Shammi Thilakan remember Kadathanadan Ambadi film

അങ്ങനെ ഞാൻ വീണ്ടും സ്റ്റുഡിയോയില്‍ എത്തി. കാവിലമ്മേ എന്ന് തുടങ്ങുന്ന ഡയലോഗ് ആണ് ഞാൻ ആദ്യം പറഞ്ഞത്. അത് കൊള്ളാം എന്ന് വിശ്വൻ പറഞ്ഞു. അത് ജയറാമും പറഞ്ഞതല്ലേ അടുത്ത രംഗം കൂടി കഴിയട്ടെ എന്ന് ഞാൻ പറഞ്ഞു.  കവിയൂര്‍ പൊന്നമ്മയുടെ കഥാപാത്രമായ കുങ്കിയും പ്രേം നസീറിന്റെ കഥാപാത്രവും തമ്മിലുള്ള രംഗമാണ്. തമ്മില്‍ തെറ്റിയതിനെ തുടര്‍ന്ന്  കടത്തനാടൻ അമ്പാടിയോട് പോരാട്ടം പ്രഖ്യാപിച്ച ചന്തു അതില്‍ നിന്ന് പിൻമാറണം എന്നാണ് പ്രേം നസീറിനോട് കവിയൂര്‍ പൊന്നമ്മയുടെ കഥാപാത്രമായ കുങ്കി പറയുന്നത്. കുങ്കി അവൻ എന്റെ കയ്യില്‍ കിടന്നാണ് വളര്‍ന്നത്. അവൻ എന്റെ നെഞ്ചില്‍ ചവിട്ടിയിട്ടുണ്ട്. ഇന്ന് അവൻ എന്റെ നെഞ്ചിലാണ് കുത്തിയത് എന്ന് ആയിരുന്നു ഡയലോഗ്. ഞാൻ അത് പറഞ്ഞപ്പോഴും വിശ്വൻ അഭിനന്ദിച്ചു. എന്നാല്‍ ഞാൻ പറഞ്ഞു, വരട്ടെ തിക്കുറിശ്ശിചേട്ടനോട് അഭിപ്രായം ചോദിക്കാമെന്ന്. തിക്കുറിശ്ശി ചേട്ടനെ ഞാൻ പോയാണ് കാറില്‍ കൊണ്ടുവരുന്നത്. വരുന്ന വഴിയില്‍, ഞാൻ ഡബ്ബ് ചെയ്‍ത കാര്യം സൂചിപ്പിച്ചിരുന്നു. ട്രാക്ക് ചെയ്‍തുവെന്നാണ് പറഞ്ഞത്.  പൂര്‍ണ്ണമായും പറഞ്ഞില്ല. തിക്കുറിശ്റിചേട്ടന്റെ ഡബ്ബ് കഴിഞ്ഞ് അദ്ദേഹം പ്രേം നസീറിന്റെ ഭാഗം കണ്ടു.  പ്രേം നസീര്‍ പറയുന്നതുപോലെയുള്ള പൈലറ്റ് തന്നെയുണ്ടല്ലോ എന്ന് ചോദിച്ചു. അപ്പോഴാണ് ഞാൻ ഡബ്ബ് ചെയ്‍തതാണ് എന്ന് വിശ്വൻ പറയുന്നതു. ഞാൻ തിക്കുറിശ്ശി ചേട്ടന്റെ പുറകില്‍ ഒരു കസേരയില്‍ ഇരിക്കുകയായിരുന്നു. ആ ഇരുട്ടത്ത് എന്നെ നോക്കി തിക്കുറുശ്ശി ചേട്ടൻ പച്ചയ്‍ക്ക് ചീത്ത വിളിച്ചു. അത് ഇവിടെ പറയാൻ പറ്റില്ലല്ലോ. കൊള്ളാം എന്നായിരുന്നു അതിന്റെ അര്‍ത്ഥം. പ്രേം നസീറിനെ അറിയാവുന്ന തിക്കുറിശ്ശി ചേട്ടൻ പറഞ്ഞാല്‍ നോക്കേണ്ടതില്ലല്ലോ. അങ്ങനെ ഞാൻ ഡബ്ബിംഗ് തുടര്‍ന്നു ഒന്നരമാസം എടുത്തായിരുന്നു അത് പൂര്‍ത്തിയാക്കിയത്.

പ്രേം നസീറിനെ പല മിമിക്രിത്താരങ്ങളും അനുകരിക്കാറുണ്ട്. കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ വിഷമം തോന്നാറുണ്ട് . ജയറാമൊക്കെ വൃത്തിയായിട്ടാണ് ചെയ്യാറുള്ളത്. ഇന്നത്തെ പല മിമിക്രിക്കാരും പറയുന്നതുപോലെയെന്നുമല്ല പ്രേം നസീര്‍ സംസാരിച്ചിരുന്നത്. കടത്തനാടൻ അമ്പാടിയിലെ കഥാപാത്രത്തിനാണ് ഞാൻ ഡബ്ബ് ചെയ്‍തത്. കടത്തനാടൻ അമ്പാടിയുടെ ടൈറ്റില്‍ കഥാപാത്രത്തിന്റെ ഗുരുവായചന്തുവാണ് പ്രേം നസീറിന്റെ കഥാപാത്രം. അപ്പോള്‍ സാധാരണ മിമിക്രി ചെയ്‍താല്‍ പോര. സിനിമ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് അത് തിരിച്ചറിയാം. എന്റെ ശബ്‍ദത്തിന്റെ ബേസ് ആ കഥാപാത്രത്തിന് ഉണ്ട്.  പ്രേം നസീറിന്റെ രീതിയില്‍ എന്റെ ശബ്‍ദം ഞാൻ ഉപയോഗിക്കുകയാണ് ചെയ്‍തത്. മിമിക്രിക്ക് എതിരായിരുന്നു എപ്പോഴും അച്ഛൻ. മിമിക്രി ഒരു കലാകാരന്റെ ജൈവികത കളയും എന്നാണ് അദ്ദേഹം പറയാറുള്ളത്. കാരണം അത് അനുകരണമാണ്. മിമിക്രിക്കാര്‍ ചെയ്യാറുള്ളത് ഉപമയാണ്. അതായത് ഒന്നിനോട് ഒന്ന് സാദൃശ്യം ചൊന്നാല്‍ ഉപമ. കടത്തനാടൻ അമ്പാടിയില്‍ ഞാൻ ചെയ്‍തിരിക്കുന്നത് ഉല്‍പ്രേക്ഷയാണ്. മറ്റൊന്നില്‍ ധര്‍മ്മയോഗത്താല്‍ അത് താനല്ലയോ ഇത് വര്‍ണ്യത്തിലാശങ്ക. പ്രേം നസീറിന്റെ രൂപം കാണാതെ ശബ്‍ദം മാത്രം കേട്ടാല്‍ നിങ്ങള്‍ കേള്‍ക്കുന്നത് എന്റെ ശബ്‍ദം മാത്രമായി അനുഭവപ്പെടും. അതെ, അത് എന്റെ ശബ്‍ദമാണ്.

ഡബ്ബിംഗ് വിജയകരമായി പൂര്‍ത്തിയാക്കാൻ എന്നെ സഹായിച്ചത് ഹരികുമാര്‍ ആണ്. അദ്ദേഹമായിരുന്നു റെക്കോര്‍ഡ് ചെയ്‍തത്. വിരസതയുള്ള പണിയായിരുന്നുു. ഓരോ ശബ്‍ദവും കഥാപാത്രങ്ങളുടെ ചുണ്ടിനൊപ്പം ചേര്‍ക്കണം. പൊലീസ് കാവലിലായിരുന്നു ജോലി. ഹരികുമാര്‍ ചേട്ടന്റെ സഹായികളെയൊന്നും സ്റ്റുഡിയോയില്‍ കയറ്റിയിരുന്നില്ല. അപ്പോള്‍ ഞാൻ ആയിരുന്നു അദ്ദേഹത്തിന്റെ സഹായിയും. ചില കാര്യങ്ങളൊക്കെ എന്നെ പറഞ്ഞ് പഠിപ്പിച്ചാണ് അദ്ദേഹം പോകാറുള്ളത്.

ഡബ്ബിംഗ് ആര്‍ടിസ്റ്റുകളൊക്കെ പഠിക്കേണ്ട ചില പാഠങ്ങളും കടത്തനാടൻ അമ്പാടിയിലുണ്ട്. കൊച്ചിൻ ഹനീഫയുടെ കഥാപാത്രം ഒരാളെ കൊല്ലുന്ന രംഗമുണ്ട്. ആ രംഗത്ത് ഒരു ഡയലോഗ് ചുണ്ട് നോക്കി തിരിച്ചറിയാനാകുന്നില്ല. കുറെ ചര്‍ച്ചകള്‍ കഴിഞ്ഞ് ഞാനും വിശ്വനും കൂടി തീരുമാനമെടുത്തു. കതിരൂര്‍ കുടുംബത്തെ കുറിച്ച് പറയുന്ന രംഗമാണ്. ചോദിക്കണംപോലും എന്നാണ് ഡയലോഗ് എന്ന് തീര്‍ച്ചയാക്കി. അങ്ങനെ കഥ ആലോചിച്ചാണ് ആ രംഗം പൂര്‍ത്തിയാക്കിയത്. ഞാനും എൻ ഗോപാലകൃഷ്‍ണനും കൂടി മദ്രാസില്‍ ചിത്രത്തിന്റെ എഡിറ്റിംഗിന്  പോയി. നേരത്തെ പറഞ്ഞ രംഗത്തില്‍ മരിച്ച കഥാപാത്രം ചെയ്‍ത നടനെ അവിടെവെച്ചു കണ്ടു. അപ്പോള്‍ നമ്മള്‍ വെറുതെ അക്കാര്യത്തെ കുറിച്ചുചോദിച്ചു. അപ്പോഴാണ് നമ്മള്‍ ആലോചിച്ചതല്ല എന്ന് വ്യക്തമായത്. ജ്യോത്സ്യനാണുപോലും എന്നാണ് പറയുന്നത്. കതിരൂര്‍ കുടുംബം മുടിഞ്ഞുപോകും എന്ന് പറഞ്ഞതിനാണ് അയാളെ കൊല്ലുന്നത്. അയാള്‍ ജ്യോത്സനായിരുന്നു. അപ്പോള്‍ രംഗം മൊത്തം, നമ്മള്‍ ആദ്യം ആലോചിച്ചതില്‍ നിന്ന് മാറി. വീണ്ടും ഡബ്ബിംഗ് ചെയ്‍താണ് ആ രംഗം പൂര്‍ത്തിയാക്കിയത്. ആദ്യ രംഗങ്ങളില്‍ ഒന്നാണ് അത്. ചോദിക്കുകയാണുപോലും എന്നും ജ്യോത്സനാണുപോലും എന്നും പറയുന്നത് ചുണ്ടനക്കില്‍ ഒരുപോലെയാണ് എന്ന് തിരിച്ചറിയാനാകും. അങ്ങനെ ഒരുപാട് അനുഭവങ്ങള്‍ നല്‍കിയാണ് കടത്തനാടൻ അമ്പാടി പൂര്‍ത്തിയായത്.

കൃത്യമായ തിരക്കഥയും സംഭാഷണവുമൊക്കെ ലഭ്യമായിരുന്നെങ്കില്‍ സിനിമ കുറച്ചുകൂടി ഗംഭീരമാകുമായിരുന്നു. ഒരു ക്ലാസ്സിക്കാകുമായിരുന്നു. അത്രത്തോളം മികച്ച രംഗങ്ങളും കഥാപാത്രങ്ങളും കടത്തനാടൻ അമ്പാടിയിലുണ്ട്. പ്രേം നസീറിന്റെ ഗംഭീരമായ പ്രകടനമൊക്കെയുണ്ട്. ഒരു രാജകുമാരിയെപ്പോലെ എന്നുതുടങ്ങുന്ന മനോഹരമായ, വൈകാരികമായ ഡയലോഗ് ഒക്കെ ഉണ്ട്. ഞാൻ അത് മുഴുവൻ പറഞ്ഞതാണ്. പക്ഷേ ചിത്രത്തിന്റെ ദൈര്‍ഘ്യം കാരണം അതൊക്കെ മാറ്റേണ്ടിവന്നു. Shammi Thilakan remember Kadathanadan Ambadi film

എന്തായാലും എന്റെ സിനിമ ജീവിതത്തില്‍ നിര്‍ണ്ണായകമാണ് കടത്തനാടൻ അമ്പാടി. അന്ന് മലയാള സിനിമ കണ്ടതില്‍ നിന്ന് വേറിട്ട ഒന്നായിരുന്നു. പ്രേം നസീറിനു പുറമെ ഞാൻ 21ഓളം കഥാപാത്രങ്ങള്‍ക്ക് കടത്തനാടൻ അമ്പാടിയില്‍ ഞാൻ ശബ്‍ദം നല്‍കിയിട്ടുണ്ട്. ക്യാപ്റ്റൻ രാജുവിനടക്കം. എന്റെ ശബ്‍ദവുമായി ഒട്ടും സാദൃശ്യം ഇല്ലാത്തവര്‍ക്കും പോലും ശബ്‍ദം നല്‍‌കിയിട്ടുണ്ട്. അന്ന് ഞാൻ പറയുമായിരുന്നു, പ്രേം നസീറിന് ഒഴികെ ആര്‍ക്കൊക്കെ ഞാൻ ശബ്‍ദം നല്‍കിയത് എന്ന് തിരിച്ചറിഞ്ഞാല്‍ 10 പവന്റെ മോതിരം തരാം  എന്ന്. ആരും ആ ബെറ്റ് ഏറ്റെടുത്തില്ല. ഇപ്പോഴും നിങ്ങള്‍ക്ക് അത് പരീക്ഷിച്ചുനോക്കാം.

Follow Us:
Download App:
  • android
  • ios