ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രമായ കൊത്ത രാജേന്ദ്രന്‍റെ അച്ഛന്‍ കൊത്ത രവിയായാണ് ഷമ്മി കിംഗ് ഓഫ് കൊത്തയില്‍ എത്തുന്നത്.

മലയാള സിനിമയില്‍ ഏറെ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള പ്രോജക്റ്റ് ആണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന കിംഗ് ഓഫ് കൊത്ത. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റം കൂടിയായ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ തന്‍റെ ഡബ്ബിംഗ് പൂര്‍ത്തിയായ വിവരം അറിയിച്ചിരിക്കുകയാണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷമ്മി തിലകന്‍. ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ഷമ്മി സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

"ഇത് ഗാന്ധിഗ്രാമമല്ല.. കൊത്തയാണ്..! എന്‍റെ മകൻ്റെ സാമ്രാജ്യം..! ഇവിടെ അവന്‍ പറയുമ്പോൾ രാത്രി..! അവന്‍ പറയുമ്പോൾ പകൽ..! പകലുകൾ രാത്രികളാക്കി, രാത്രികൾ പകലുകളാക്കി അവനിത് പടുത്തുയർത്തി..! പട്ടാഭിഷേകത്തിനുള്ള മിനുക്കുപണികൾ അണിയറയിൽ നടക്കുന്നു..! രാജപിതാവിന്‍റെ അഭിഷേകകർമ്മം ഇന്നലെയോടെ പൂർത്തിയായി..! കൊത്തയുടെ രാജാവ് വരുന്നു..! രാജകീയമായി..! വിജയീഭവ:", ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രമായ കൊത്ത രാജേന്ദ്രന്‍റെ അച്ഛന്‍ കൊത്ത രവിയായാണ് ഷമ്മി കിംഗ് ഓഫ് കൊത്തയില്‍ എത്തുന്നത്. 'പൊറിഞ്ചു മറിയം ജോസി'ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 95 ദിവസം നീണ്ട ചിത്രീകരണം തമിഴ്നാട്ടിലെ കരൈക്കുടിയിലാണ് ഫെബ്രുവരിയില്‍ അവസാനിച്ചത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് നേരത്തെ ട്വിറ്ററിലൂടെ ദുല്‍ഖര്‍ ആരാധകന് മറുപടി നല്‍കിയിരുന്നു. 'കിംഗ് ഓഫ് കൊത്ത' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എത്ര തവണ പരിക്കേറ്റു എന്നതായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഏറ്റവും ശാരീരിക വെല്ലുവിളികൾ നിറഞ്ഞ സിനിമയാണ് ഇതെന്ന് തല്‍ക്കാലം പറയാം എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം എത്തും.

ALSO READ : 'എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം'; സന്തോഷ വാര്‍ത്ത അറിയിച്ച് പേളി മാണി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം