പോപ് താരം റിഹാനയുടെ ട്വീറ്റിനു പിന്നാലെ ആരംഭിച്ച കര്‍ഷക സമരം മുന്‍നിര്‍ത്തിയുള്ള സോഷ്യല്‍ മീഡിയ സംവാദത്തില്‍ അഭിപ്രായ പ്രകടനവുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. 'ഉണ്ട ചോറിന് നന്ദി' എന്ന ഒറ്റ വരിയിലാണ് ഷാനിന്‍റെ പ്രതികരണം. 'ഞാന്‍ കര്‍ഷകര്‍ക്കൊപ്പം നിലകൊള്ളുന്നു', 'ഇന്ത്യയിലെ കര്‍ഷകര്‍' എന്നീ ഹാഷ് ടാഗുകളും ഫേസ്ബുക്ക് പോസ്റ്റിനൊപ്പം അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.

റിഹാനയുടെയും സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിന്‍റെയും ട്വീറ്റുകള്‍ക്കു പിന്നാലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. 'പ്രചാരവേലയ്ക്കെതിരെ ഇന്ത്യ' എന്ന ഹാഷ് ടാഗോടെയായിരുന്നു മന്ത്രാലയത്തിന്‍റെ പ്രതികരണം. തുടര്‍ന്ന് അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, അജയ് ദേവ്‍ഗണ്‍ അടക്കമുള്ള ബോളിവുഡ് താരങ്ങളും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, സുരേഷ് റെയ്ന അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും സമാന നിലപാടും ഹാഷ് ടാഗുകളുമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.

തപ്‍സി പന്നു, ഡിസൈനര്‍ ഫറ ഖാന്‍ തുടങ്ങി അപൂര്‍വ്വം ചിലരാണ് ബോളിവുഡില്‍ നിന്ന് വിഷയത്തില്‍ എതിരഭിപ്രായമുയര്‍ത്തി രംഗത്തെത്തിയത്. മലയാളം, തമിഴ് സിനിമാ മേഖലകളില്‍ നിന്നും ഇന്നലെയും ഇന്നുമായി വിഷയത്തില്‍ താരങ്ങളുടെയും സംവിധായകരുടെയും പ്രതികരണം എത്തിയിരുന്നു. ഉണ്ണി മുകുന്ദന്‍, കൃഷ്ണകുമാര്‍, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവര്‍ വിദേശ സെലിബ്രിറ്റികളുടെ അഭിപ്രായ പ്രകടനത്തെ എതിര്‍ക്കുകയോ അതിനെ എതിര്‍ത്തവരെ അനുകൂലിക്കുകയോ ചെയ്തവരാണ്. സലിം കുമാര്‍, ഹരീഷ് പേരടി, ജൂഡ് ആന്‍റണി ജോസഫ്, സലിം കുമാര്‍, ഇര്‍ഷാദ് തുടങ്ങിയവര്‍ കര്‍ഷകര്‍ക്കൊപ്പമാണ് തങ്ങളെന്ന് പ്രഖ്യാപിച്ചവരാണ്. രാഷ്ട്രീയ അഭിപ്രായം പറയാന്‍ രാജ്യാതിര്‍ത്തികള്‍ തടസമാണെന്ന വാദത്തെ സ്വീകരിക്കാത്തവരുമാണ് ഇവര്‍. തമിഴ് സിനിമാലോകത്തുനിന്നും ജി വി പ്രകാശ് കുമാര്‍, വെട്രി മാരന്‍, പാ രഞ്ജിത്ത് തുടങ്ങിയവര്‍ കര്‍ഷകര്‍ക്കൊപ്പമാണ് തങ്ങളെന്ന് ശക്തമായ ഭാഷയില്‍ പ്രഖ്യാപിച്ചവരാണ്.