കൊച്ചി: പ്രതിഫല തർക്കം മൂലം മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയ്ൻ നിഗം പൂർത്തിയാക്കി. ഏഴ് ദിവസം സമയമെടുത്താണ് ഡബ്ബിങ് പൂർണ്ണമായി പൂർത്തിയാക്കിയത്. സിനിമ മാർച്ചിൽ തിയേറ്ററിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഡിസംബർ ഒൻപതിന് നടന്ന അമ്മ യോഗത്തിലാണ് ഷെയ്ന്‍ നിഗം അറിയിച്ചത്. വെയില്‍,  ഖുര്‍ബാനി സിനിമകളുടെ ചിത്രീകരണവും പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ യോഗത്തെ രേഖാമൂലം അറിയിച്ചു. പ്രശ്നങ്ങളെല്ലാം അവസാനിച്ചുവെന്നായിരുന്നു മോഹന്‍ ലാലിന്റെ പ്രതികരണം.

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടത്താതിരിക്കുകയും രണ്ടു സിനിമകളുടെ ഷൂട്ടിംഗ് മുടങ്ങുകയും ചെയ്തതോടെയാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്ന് വിലക്കേര്‍പ്പെടുത്തിയത്.