മലയാളത്തില്‍ പഴയകാല നടിമാരില്‍ ഇന്നും സാമൂഹ്യ- സാംസ്‍കാരിക രംഗത്ത് സജീവമായി നില്‍ക്കുന്ന നായികയാണ് ഷീല. ഒരുകാലത്ത് മിന്നിത്തിളങ്ങിയിരുന്ന നായികയായിരുന്ന ഷീല പുതിയ തലമുറയ്‍ക്കൊപ്പവും മികച്ച വേഷങ്ങള്‍ ചെയ്‍തിട്ടുണ്ട്. ഷീലയുടെ സിനിമകള്‍ക്ക് ഇന്നും പ്രേക്ഷകരുമുണ്ട്. സാമൂഹ്യവിഷയങ്ങളില്‍ അഭിപ്രായം പറയാൻ മടിക്കാത്ത നടിയുമാണ് ഷീല. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നിയമകുരുക്കില്‍പ്പെടുത്തി നീട്ടാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണ് എന്ന് ഷീല മനോരമയ്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

രാഷ്‍ട്രീയത്തില്‍ ഇറങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഷീല പറയുന്നു. എന്നാല്‍ സാമൂഹ്യ വിഷയങ്ങളില്‍ പ്രതികരിക്കും. നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നിയമകുരുക്കിൽപ്പെടുത്തി നീട്ടാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണ്. ക്രൂരമായി വധിക്കപ്പെട്ട ആ പെൺകുട്ടിയുടെ കുടുംബത്തോടു ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണെന്ന് ഷീല പറയുന്നു. മന്ത്രിമാരുടെയും എംഎൽഎമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും മക്കളെ സർക്കാർ സ്‍കൂളിൽ തന്നെ പഠിപ്പിക്കണമെന്നും ഷീല പറയുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ കുട്ടികൾ ഏതു സ്‍കൂളിൽ പഠിക്കുന്നു എന്നു വെളിപ്പെടുത്തണം. സ്വകാര്യ സ്‍കൂളിൽ കുട്ടികളെ പഠിപ്പിക്കുന്നവർക്കു ജനപ്രതിനിധികളാകാൻ യോഗ്യതയില്ലെന്നും ഷീല പറഞ്ഞു.