ഉണ്ണി മുകുന്ദൻ ചിത്രത്തിന് മികച്ച പ്രതികരണം.

കൂടെയുള്ളവരുടെ സന്തോഷം സ്വന്തം സന്തോഷമായി കാണുന്ന, ഹൃദയം മുഴുവൻ സ്നേഹവും ആകാശം മുട്ടെ സ്വപ്‍നവും കൊണ്ട് നടത്തുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതം പറയുന്ന സിനിമയാണ് 'ഷെഫീക്കിന്റെ സന്തോഷം'. ഒരുപാട് ആത്മാർത്ഥതയും സ്നേഹവും കാണിക്കുന്നവരുടെ ജീവിതത്തിൽ വരുന്ന തിരിച്ചടികളിലൂടെ കഥ പറയുമ്പോൾ പ്രേക്ഷകർക്ക് കണക്ട് ചെയ്യാൻ പറ്റും എന്നതു തന്നെയാണ് സിനിമയെ വേറിട്ടു നിൽക്കുന്ന ഘടകം . സിനിമയിലെ പല വൈകാരിരംഗങ്ങളും ഉണ്ണി മുകുന്ദൻ എന്ന പക്വതയാർന്ന നടനിൽ ഭദ്രമായിരുന്നു. ഈയടുത്ത് കണ്ട ബാലയുടെ ചില റിയൽ ലൈഫ് ഡയലോഗുകൾ എല്ലാം സിനിമയിൽ നല്ല രസകരമായി ബ്ലെൻഡ് ചെയ്‍ത് അവതരിപ്പിച്ചതും ആകര്‍ഷകമാകുന്നു.

കഥ പറച്ചിലിന്റെ മനോഹാരിത കൊണ്ട് പുതുമുഖ സംവിധായകൻ അനൂപ് പന്തളം പ്രശംസയര്‍ഹിക്കുന്നു. പ്രേക്ഷകരുടെ മനസ്സുനിറച്ചുകൊണ്ട്, തിയേറ്ററിൽ ചിരി പടർത്തിക്കൊണ്ട് പ്രദര്‍ശനം തുടരുന്ന 'ഷഫീക്കിന്റെ സന്തോഷം' തീർച്ചയായും ഫീല്‍ ഗുഡ് ഴോണര്‍ ഇഷ്‍ടപ്പെടുന്നവര്‍ക്ക് ടിക്കറ്റ് എടുക്കാവുന്ന മനോഹരമായ ഒരു ചിത്രമാണ്. നിറഞ്ഞ ചിരിക്കുള്ള രംഗങ്ങള്‍ ഉള്ളപ്പോഴും കണ്ണ് നനയിക്കുന്ന സന്ദര്‍ഭങ്ങളും ചിത്രത്തിന്റെ കഥാവഴിയിലുണ്ട്. 'മേപ്പടിയാൻ' എന്ന സിനിമയ്ക്കുശേഷം ഉണ്ണി മുകുന്ദന്റെ കരിയറിൽ അടുത്തൊരു ഫാമിലി ബ്ലോക്ക് ബസ്റ്റർ ആകുകയാണ് 'ഷെഫീക്കിന്റെ സന്തോഷം'.

ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‍നര്‍ എന്ന വിഭാഗത്തിലാണ് ചിത്രം എത്തിയത്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ വിനോദ് മംഗലത്ത് ആണ്. 'ഷെഫീക്കിന്റെ സന്തോഷ'മെന്ന ചിത്രത്തിന്റെ ചിത്രസംയോജനം നൗഫൽ അബ്‍ദുള്ളയാണ്.

മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും മറ്റ് മുഖ്യവേഷങ്ങളിലുണ്ട്. ഷാൻ റഹ്മാനാണ് സം​ഗീത സംവിധാനം. എൽദോ ഐസക് ഛായാ​ഗ്രഹണം. മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജൻ എന്നിവരുമാണ്.

Read More: അമലാ പോള്‍ നായികയായി 'ദ ടീച്ചര്‍', ഗാനം പുറത്ത്