60 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിയെ മുംബൈ പൊലീസ് 4.5 മണിക്കൂറോളം ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. വ്യവസായി ദീപക് കോത്താരി നൽകിയ പരാതിയിൽ ശിൽപയുടെ ഭർത്താവ് രാജ് കുന്ദ്രയെയും നേരത്തെ ചോദ്യം ചെയ്തിരുന്നു.
മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ശിൽപ്പ ഷെട്ടിയെ നാലരമണിക്കൂർ ചോദ്യം ചെയ്ത് മുംബൈ പോലീസ്. ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ-നിക്ഷേപ ഇടപാടിൽ വ്യവസായിൽ നിന്ന് 60 കോടി രൂപ തട്ടിയെടുത്ത കേസിലാണ് മുംബൈ പോലീസിന്‍റെ എക്കണോമിക്സ് ഒഫൻസ് വിങ് ചോദ്യം ചെയ്തത്. 2015-നും 2023-നും ഇടയിൽ ബിസിനസ് വികസിപ്പിക്കാനെന്ന വ്യാജേന പണം വാങ്ങി വ്യക്തിപരമായ ആവശ്യങ്ങൾക്കായി ചെലവഴിച്ച് തട്ടിപ്പു നടത്തിയെന്നാരോപിച്ച് വ്യവസായി ദീപക് കോത്താരി ജുഹു പോലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന വിഭാഗത്തിന് കൈമാറുകയായിരുന്നു. ഇവര്‍ തുടക്കത്തില്‍ ഷില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെയും മറ്റ് അഞ്ച് പേരെയും ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷമാണ് നടിയെ ഇന്നലെ വൈകിട്ട് നാലര മണിക്കൂര‍് ചോദ്യം ചെയ്യുന്നത്.
സെപ്റ്റംബറിൽ, മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഇതേ കേസിൽ ശിൽപയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അടുത്തയാഴ്ച രാജ് കുന്ദ്രയെ അടുത്ത റൗണ്ട് ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. ശിൽപയും രാജും ചേർന്ന് തന്നെ 60 കോടിയിലധികം രൂപ തട്ടിപ്പ് നടത്താൻ ഗൂഢാലോചന നടത്തിയെന്ന് വ്യവസായി ദീപക് കോത്താരി പരാതി നൽകിയിരുന്നു.


