തമിഴ് സിനിമയിലും മലയാള സിനിമയിലും ഏറ്റവുമധികം ആരാധകരുള്ള സൂപ്പർ താരമാണ് ഇളയദളപതി വിജയ്. വിജയുടെ ലക്ഷക്കണക്കിന് വരുന്ന ആരാധകരിൽ ഒരാൾ താനാണെന്ന് പറഞ്ഞ് വിജയുടെ അമ്മ ശോഭ വിജയ്ക്ക് എഴുതിയ കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വികടൻ ചാനലിൽ നടന്ന അഭിമുഖത്തിലാണ് ശോഭ ചന്ദ്രശേഖരൻ ഈ കത്ത് വായിച്ചത്.


കത്തിന്റെ പൂർണരൂപം

ഞാന്‍ പ്രസവിച്ച കുഞ്ഞ് ഇന്ന് ലക്ഷക്കണക്കിന് അമ്മമാരുടെയും ആരാധകരുടെയും ഹൃദയത്തില്‍ കുടികൊള്ളുകയാണ്. നീ ആദ്യമായെന്റെ കൈപിടിച്ച്‌ നടന്നത് എനിക്കോര്‍മയുണ്ട്. അവിടം മുതലുള്ള നിന്റെ യാത്രയില്‍ നീ ഒരുപാട് തവണ വീഴുകയും ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിന്നോടുള്ള സ്‌നേഹം എന്നില്‍ നിറഞ്ഞൊഴുകുന്നതിനാല്‍ ഈ പേനയിലുള്ള മഷി മതിയാകാതെ വരുമോ എന്ന് ഞാന്‍ ആശങ്കപ്പെടുന്നു. നിന്റെ കരച്ചില്‍ പുഞ്ചിരിയായ ആ നിമിഷം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. നിന്റെ ഹൃദയം മുഴുവന്‍ ആരാധകരോടുള്ള സ്‌നേഹമാണ് അതാണ് എല്ലായ്‌പ്പോഴും നിന്നിലെ പുഞ്ചിരിയായി മാറുന്നത്. എനിക്ക് വാക്കുകള്‍ തികയാതെ വരുന്നു. തമിഴ് ജനത നിന്നെ ഒരു സൂപ്പര്‍താരമായി നെഞ്ചിലേറ്റിക്കഴിഞ്ഞു.  ശ്രീ ത്യാഗരാജ ഭാഗവതർ, എം.ജി.ആർ, രജനികാന്ത് എന്നിവരെപോലെ അടുത്ത സൂപ്പർസ്റ്റാറായി നിന്നെ അവരോധിക്കാൻ കാത്തിരിക്കുകയാണ് ലോകം. നിന്റെ ആരാധകരില്‍ ഒരാള്‍ ഈ അമ്മയാണ്. അമ്മയെന്ന സ്ഥാനം മറന്ന് നിന്റെ ആരാധകരുടെ കൂട്ടത്തിൽ നിന്നുകൊണ്ട് ഞാനും അടിക്കുന്നു ഒരു നീണ്ട വിസിൽ.
എന്ന് നിന്റെ അമ്മ ശോഭ ചന്ദ്രശേഖരൻ / ആരാധിക