ഇന്ത്യന്‍ സിനിമയിലെ അത്ഭുതമായിരുന്നു ബാഹുബലി. ഒരു തെലുങ്ക് ചിത്രം തെക്ക്, വടക്ക് വ്യത്യാസമൊന്നുമില്ലാതെ ഭാഷാ അതിരുകള്‍ക്കപ്പുറത്ത് ഇന്ത്യയൊട്ടാകെ ആഘോഷിക്കപ്പെടുക. ഒരു ഇന്ത്യന്‍ മുഖ്യധാരാ സിനിമയുടെ കാന്‍വാസ് എത്രത്തോളം വലുതാവാം എന്ന് സിനിമാപ്രവര്‍ത്തകരെ, സംവിധായകരെയും നിര്‍മ്മാതാക്കളെയും ബോധ്യപ്പെടുത്തിയ ചിത്രം. എസ് എസ് രാജമൗലി എന്ന സംവിധായകനും പ്രഭാസ് എന്ന നടനും അര്‍ക മീഡിയ വര്‍ക്‍സ് എന്ന നിര്‍മ്മാണ കമ്പനിക്കുമൊക്കെ സ്വപ്നസമാനമായ ബ്രേക്ക് ആണ് ചിത്രം നേടിക്കൊടുത്തത്. ഇപ്പോഴിതാ ചിത്രം അതിന്‍റെ റിലീസിന്‍റെ അഞ്ചാം വര്‍ഷത്തില്‍ എത്തിനില്‍ക്കുന്നു. അഞ്ച് വര്‍ഷം മുന്‍പ് ഇതേ നിമിഷങ്ങളില്‍ താന്‍ കടന്നുപോയ മാനസികാവസ്ഥയെക്കുറിച്ച് ഓര്‍ക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ഷോബു യര്‍ലഗഡ്ഡ.

റിലീസിനു മുന്‍പുള്ള മണിക്കൂറുകളെക്കുറിച്ച് അദ്ദേഹം ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു. "അഞ്ച് വര്‍ഷം മുന്‍പ് ഇതേ സമയം ഞങ്ങള്‍ കടന്നുപോയ അവസ്ഥ എന്തെന്ന് വളരെ ചുരുക്കം പേര്‍ക്കേ അറിയൂ. ബാഹുബലി! എന്‍റെ ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ ദിവസമെന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകും. പക്ഷേ അതിജീവിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം".

തങ്ങളുടെ പ്രിയ ചിത്രത്തിന്‍റെ അഞ്ചാം പിറന്നാള്‍ ആരാധകര്‍ ട്വിറ്ററില്‍ ആഘോഷമാക്കുന്നുണ്ട്. #5YearsForBaahubaliRoar, #Baahubali, #Prabhas ഇതൊക്കെ ഇതിനകം ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിട്ടുണ്ട്.