വിവിധ രാജ്യങ്ങളിൽ നിന്നായി 15 ചിത്രങ്ങളായിരുന്നു നാമനിർദേശപ്പട്ടികയിൽ പട്ടികയിലുണ്ടായിരുന്നത്.

സ്റ്റുഡന്റ് അക്കാദമി അവാർഡ് 2025ല്‍ ഫൈനലിസ്റ്റായി തിരുവനന്തപുരം സ്വദേശി സിദ്ധാർഥ്‌ ഹരികുമാര്‍. ‘വാസു’ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഫൈനലിസ്റ്റ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് വാസു സിനിമ ഉള്ളത്. ജർമനിയിൽ ബർലിൻ മെറ്റ് ഫിലിം സ്‌കൂളിൽ ഛായാഗ്രഹണത്തിൽ മാസ്റ്റേഴ്‌സ് ചെയ്യുന്നതിന്റെ ഭാഗമായി സമർപ്പിച്ച പ്രോജക്ടായിരുന്നു ’വാസു'.

2024 ഓഗസ്റ്റിലായിരുന്നു സിദ്ധാർത്ഥ് ‘വാസു’ ഷൂട്ട് ചെയ്യുന്നത്. ഒരു റിട്ടയേഡ് പൊലീസ് ഓഫീസറിൻ്റെ കഥയാണ് ചിത്രം പറയുന്നത്. സർവീസ് കാലയളവിൽ സീനിയർ ഓഫീസറിൻ്റെ നിർദേശപ്രകാരം ചെയ്യേണ്ടി വന്ന ഒരു ക്രൈം ജീവിതകാലം മുഴുവനും വാസുവിനെ അലട്ടുന്നതാണ് പ്രമേയം. 16 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ, പേയാട് എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിം​ഗ്.

എസ്ആർഎം യൂണിവേഴ്സിറ്റിയിൽ ബയോ ടെക്നോളജിയിൽ എഞ്ചിനീയറിങ് പൂർത്തിയാക്കിയ ആളാണ് സിദ്ധാർത്ഥ്. പിന്നീട് തൻ്റെ പാഷൻ ആയ സിനിമ പഠിക്കാനിറങ്ങി. ലണ്ടനിൽ സംവിധാനത്തിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കുകയും ചെയ്തു. അന്നൊരുക്കിയ 'സാഫ്രൺ ആഷ്' എന്ന പ്രൊജക്ട് ചില ഫെസ്റ്റിവലുകളിൽ തെരഞ്ഞെടുക്കപ്പെടുകയും അവാർഡുകൾ നേടുകയും ചെയ്തിരുന്നു.

ജൂലൈയിലാണ് സ്റ്റുഡന്റ് ഓസ്‌കാർ നാമനിർദേശപ്പട്ടികയിൽ സിദ്ധാർഥ്‌ ഹരികുമാര്‍ ഇടംപിടിച്ചെന്ന വാർത്തകൾ പുറത്തുവന്നത്. "ലോകത്തെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള വിദ്യാർഥികളാണ് സ്റ്റുഡൻ്റ് ഓസ്കറിൽ മത്സരിക്കുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുള്ളത്. വാസു തെരഞ്ഞെടുക്കപ്പെട്ടത് വലിയ നേട്ടമാണ്. മലയാളത്തിൽ നിന്ന് മുമ്പ് മറ്റ് സിനിമകൾ സ്റ്റുഡൻ്റ് ഓസ്കറിൽ തെരഞ്ഞെടുക്കപ്പെട്ടതായി അറിവില്ല. എന്നാൽ തമിഴിൽ നിന്ന് ഉണ്ടായിട്ടുണ്ട്", അന്ന് സിദ്ധാർത്ഥ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞിരുന്നു.

വിവിധ രാജ്യങ്ങളിൽ നിന്നായി 15 ചിത്രങ്ങളായിരുന്നു നാമനിർദേശപ്പട്ടികയിൽ പട്ടികയിലുണ്ടായിരുന്നത്. ഇതിൽ അഞ്ച്- മുതൽ എട്ട് സിനിമകളാണ് ഫൈനൽ ലിസ്റ്റിൽ എത്തുക. ഓരോ വർഷവും, ലോകമെമ്പാടുമുള്ള കോളേജ്, യൂണിവേഴ്സിറ്റികളിൽ നിന്ന് ഫിലിം വിദ്യാർത്ഥികളുടെ സിനിമകൾ ഇത്തരത്തിൽ അക്കാദമി അവാർഡുകൾക്കായി​ പരിഗണിക്കാറുണ്ട്.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്