ചെന്നൈ: ബിജെപി അം​ഗങ്ങൾ തന്റെ ഫോൺ നമ്പർ ലീക്ക് ചെയ്തെന്ന ആരോപണവുമായി നടൻ സിദ്ധാർഥ്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. 500ലധികം കോളുകളാണ് വന്നത്. എല്ലാം വധ ഭീഷണിയും, ബലാത്സം​ഗ ഭീഷണിയും അസഭ്യവർഷവുമാണെന്നാണ് താരം ട്വീറ്റ് ചെയ്തത്.

എല്ലാ നമ്പറുകളും പൊലീസിന് കൈമാറിയിരിക്കുകയാണ്. തനിക്കെതിരെ ഇത്തരം കാര്യങ്ങള്‍ ചെയ്തത് കൊണ്ട് മിണ്ടാതിരിക്കുമെന്ന് കരുതേണ്ട. ഇനിയും വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്നും മോദിയേയും അമിത് ഷായേയും ടാഗ് ചെയ്ത് സിദ്ധാര്‍ഥ് കുറിക്കുന്നു.

‘എന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബിജെപി അംഗങ്ങള്‍ ലീക്ക് ചെയ്തു. 500 അധികം ഫോണ്‍കോളുകളാണ് എനിക്ക് ഇതുവരെ വന്നത്. എല്ലാവരും എനി്ക്കും കുടുംബത്തിനും എതിരെ വധഭീഷണി, റേപ്പ് ഭീഷണി, തെറി വിളി എല്ലാം നടത്തി. എല്ലാ നമ്പറു റെക്കോഡ് ചെയ്തിട്ടുണ്ട്. എല്ലാം ബിജെപി ലിങ്കും, ഡിപിയും ഉള്ളതാണ്. അതെല്ലാം പൊലീസിന് കൈമാറുകയാണ്. ഞാന്‍ ഒരിക്കലും മിണ്ടാതിരിക്കില്ല. ശ്രമിച്ചുകൊണ്ടേ ഇരിക്കും.’എന്നാണ് സിദ്ധാർഥിന്റെ ട്വീറ്റ്. 

നേരത്തെ കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട വിഷയത്തിലും മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് സിദ്ധാര്‍ഥ് രംഗത്തെത്തിയിരുന്നു. ബിജെപി അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ മാത്രമേ രാജ്യം പൂര്‍ണ്ണമായും വാക്സിനേറ്റഡ് ആകുകയുള്ളൂവെന്നാണ് സിദ്ധാര്‍ഥ് പറഞ്ഞത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona