അര്‍ജുനെക്കുറിച്ച് സിജോ ജോണ്‍ പറഞ്ഞത്.

ബിഗ് ബോസ് മലയാളം ആറാം സീസണിൽ പ്രേക്ഷകപ്രീതി നേടിയ മൽസരാർത്ഥികളിൽ രണ്ടു പേരാണ് സിജോ ജോണും അർജുൻ ശ്യാം ഗോപനും. ബിഗ് ബോസിനുള്ളിൽ വെച്ച് തങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നെന്നും എന്നാൽ പുറത്തെത്തിയപ്പോൾ അർജുൻ മാറിപ്പോയെന്നും സിജോ പറയുന്നു. ജിഞ്ചർ മീഡിയക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

''ബിഗ് ബോസിൽ ഞാൻ ഏറ്റവും കൂട്ടായിരുന്നത് അർജുനുമായിട്ടാണ്. നിന്റെ കല്യാണത്തിന് ഉപ്പ് വിളമ്പാൻ ഞാനായിരിക്കും മുന്നിൽ എന്ന് അർജുൻ ബിഗ് ബോസിൽ വെച്ച് എന്നോട് തമാശയായി പറയുമായിരുന്നു. എന്നാൽ പുറത്തിറങ്ങി കഴിഞ്ഞപ്പോൾ എന്നെ വേദനിപ്പിച്ച ഒരു സംഭവമുണ്ടായി. എന്റെ കല്യാണത്തിന് അർജുൻ പള്ളിയിൽ വന്നിരുന്നു. അർജുനെ കണ്ടപ്പോൾ പെട്ടെന്ന് എന്റെ വെെഫിനടുത്ത് നിന്ന് ഓടിച്ചെന്ന് അർജുനോട് മിണ്ടി. ഷെയ്ക്ക് ഹാന്റ് കൊടുത്ത്, എടാ കാണണം എന്ന് പറഞ്ഞു. ഏറ്റവും നല്ലൊരു സുഹൃത്തിനെ കണ്ട എക്സൈറ്റ്മെന്റിലാണ് ഞാൻ ഓടി ചെല്ലുന്നത്. എന്റെ നിശ്ചയത്തിനും ബാച്ചിലേർസ് പാർട്ടിക്കും മനസമ്മതത്തിനുമൊന്നും അർജുൻ വന്നിരുന്നില്ല. തിരക്കുണ്ട്, ഒരു ഉദ്ഘാടനമുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. പക്ഷേ, കല്യാണത്തിനുണ്ടാകുമെന്ന് ഞാൻ കരുതി. എന്നാൽ പള്ളിയിൽ വന്ന ശേഷം പിന്നെ അർജുനെ കണ്ടില്ല. വിവാഹത്തിന് സഹോദരന്റെ സ്ഥാനത്ത് നിന്ന് എന്റെ കാർ തുറന്നുതന്നത് സായ് ആണ്. എന്നെ അത് വേദനിപ്പിച്ചു, ഒന്ന് വരാമായിരുന്നല്ലോ എന്നു ഞാൻ വിചാരിച്ചു.

അർജുനെ കുറ്റപ്പെടുത്തുന്നതല്ല. ഒരുപക്ഷേ, അദ്ദേഹത്തിന്റെ പേഴ്സണലായ തിരക്ക് കൊണ്ടായിരിക്കാം. അദ്ദേഹത്തിന്റെ കംഫർട്ട് സോൺ അല്ലായിരിക്കും. വളരെ ശാന്തമായി പോകാനാഗ്രഹിക്കുന്ന ഒരു പ്രശ്‍നങ്ങളിലും ഇടപെടാൻ താൽപര്യമില്ലാത്ത, എനിക്കെന്റെ കാര്യം എന്ന രീതിയിൽ പോകുന്ന ആളാണ് താൻ മനസിലാക്കിയിടത്തോളം അർജുൻ'', സിജോ അഭിമുഖത്തിൽ പറഞ്ഞു.

എന്നാൽ വീഡിയോയ്ക്കു താഴെ നിരവധി വിമർശനങ്ങളും വരുന്നുണ്ട്. അർ‌ജുൻ നല്ല സുഹൃത്തായിരുന്നു എന്നു പറഞ്ഞിട്ട് എന്തിനാണ് ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ വന്ന് ഇതൊക്കെ പറയുന്നതെന്നാണ് വിമർശിക്കുന്നവരുടെ ചോദ്യം. അർജുൻ ഒരു അന്തർമുഖൻ ആണെന്നും മറ്റുള്ളവരുടെ ബൗണ്ടറി മനസിലാക്കാൻ സിജോയ്ക്ക് അറിയില്ലെന്നും കമന്റുകളുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക