പ്രേമം, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ സിജു വിൽസൺ മുഖ്യവേഷത്തിലെത്തുന്ന 'വരയന്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നടി മഞ്ജു വാര്യരാണ് ഫേസ്ബുക്കിലൂടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. സത്യം സിനിമാസിന്റെ ബാനറിൽ എ ജി പ്രേമചന്ദ്രൻ നിർമിക്കുന്ന വരയൻ നവാഗത സംവിധായകൻ ജിജോ ജോസഫ് ആണ് സംവിധാനം ചെയ്യുന്നത്. 

ചിത്രത്തിൽ വൈദികന്റെ വേഷത്തിലാണ് സിജു വിൽസൺ എത്തുന്നത്. ഡാനി കപൂച്ചിൻ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ലിയോണ, ജൂഡ് ആന്തണി, ജോയ് മാത്യു, വിജയരാഘവൻ, മണിയൻ പിള്ള രാജു, ജയശങ്കർ, അരിസ്റ്റോ സുരേഷ്, ഡാവിഞ്ചി, ഏഴുപുന്ന ബൈജു, അന്തിനാട് ശശി, ദീപക് കാക്കനാട് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ജോൺകുട്ടിയാണ് ചിത്രത്തിന്‍റെ എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത്. ക്യാമറ-രജീഷ് രാമൻ, ഗാനരചന-ഹരി നാരായണൻ, സംഗീതം-പ്രകാശ് അലക്സ്, കൊറിയഗ്രഫി-പ്രസന്ന മാസ്റ്റർ, പ്രൊഡക്‌ഷൻ കൺട്രോളർ-ബിനു മുരളി, പ്രോജക്റ്റ് ഡിസൈൻ-ജോജി ജോസഫ്. ആലപ്പുഴയിലും പരിസര പ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. വാർത്തകള്‍ ഇതുവരെ ആണ് സിജു വിൽസൺന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.