Asianet News MalayalamAsianet News Malayalam

'പേരിന്റെ അറ്റത്തെ വാലിലല്ല കാര്യം, സാമാന്യബോധം വേണം'; സിജു വില്‍സണ്‍ പറയുന്നു

'ഞാനും സിനിമയില്‍ വരാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഈ സംവിധായകനോട് ഞാനും ചാന്‍സ് ചോദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ്യത്തിലോ പേരിന്റെ അറ്റത്തെ വാലിലോ ദേശീയ അവാര്‍ഡിലോ ഒന്നും കാര്യമില്ല.'

siju wilson reacts to bineesh bastin anil radhakrishnan menon issue
Author
Thiruvananthapuram, First Published Nov 1, 2019, 2:03 PM IST

പാലക്കാട് മെഡിക്കല്‍ കോളെജ് വേദിയില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സിജു വില്‍സണ്‍. ഇത്തരത്തിലുള്ള ഒരു ഇന്‍ഡസ്ട്രിയിലാണല്ലോ ജോലി ചെയ്യുന്നതെന്ന് ഓര്‍ത്ത് സങ്കടം തോന്നിയെന്നും സംവിധായകന്‍ ചെയ്തത് ഒട്ടും ശരിയായില്ലെന്നും സിജു വില്‍സണ്‍ പ്രതികരിച്ചു. ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നു പ്രതികരണം. 

സിജു വില്‍സണ്‍ പ്രതികരിക്കുന്നു

"ആ വീഡിയോ കണ്ടിട്ട് ഭയങ്കര സങ്കടം തോന്നി. ബിനീഷ് വന്നാല്‍ വേദിയില്‍ നിന്ന് പോകുമെന്ന് ഒരു സംവിധായകന്‍ പറഞ്ഞു എന്നത് വളരെ മോശം പരിപാടിയായിട്ടാണ് എനിക്ക് തോന്നിയത്. എത്ര ചെറിയ ആര്‍ട്ടിസ്റ്റ് ആണെങ്കിലും അയാള്‍ക്ക് ഒരു മാന്യത കൊടുക്കേണ്ടതാണ്. ഇങ്ങനെയുള്ള ഒരു ഇന്‍ഡസ്ട്രിയിലാണല്ലോ വര്‍ക്ക് ചെയ്യുന്നത് എന്നതില്‍ ഭയങ്കരമായിട്ട് സങ്കടം തോന്നുകയാണ്. ഒരു കൂലിപ്പണിക്കാരനായിരുന്നു ബിനീഷ്. അയാള്‍ എത്ര കഷ്ടപ്പെട്ടാണ് ഈ നിലയിലേക്ക് എത്തിയത്. ഞാനും സിനിമയില്‍ വരാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഈ സംവിധായകനോട് ഞാനും ചാന്‍സ് ചോദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ്യത്തിലോ പേരിന്റെ അറ്റത്തെ വാലിലോ ദേശീയ അവാര്‍ഡിലോ ഒന്നും കാര്യമില്ല. ഒരു സാമാന്യബോധം വേണം. അങ്ങനെ നോക്കുമ്പോള്‍ ബിനീഷ് ആണ് ഏറ്റവും വിദ്യാഭ്യാസവും വിവരവും മാന്യതയുമുള്ള വ്യക്തി. ബിനീഷ് കാണിച്ച ധൈര്യം അടിപൊളിയാണ്."

പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളെജില്‍ സംഘടിപ്പിക്കപ്പെട്ട യൂണിയന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായി ക്ഷണിച്ച തന്നെ വൈകി എത്തിയാല്‍ മതിയെന്ന് പറഞ്ഞ് അപമാനിക്കുകയായിരുന്നുവെന്നാണ് ബിനീഷ് ബാസ്റ്റിന്റെ ആരോപണം. അതേ ചടങ്ങില്‍ മാഗസിന്‍ പ്രകാശനം നിര്‍വ്വഹിക്കാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ തന്നോടൊപ്പം വേദി പങ്കിടാന്‍ ആവില്ലെന്ന് അറിയിച്ചതനുസരിച്ചാണ് ഭാരവാഹികള്‍ തന്നോട് ഇക്കാര്യം പറഞ്ഞതെന്നും വേദിയിലെത്തി ബിനീഷ് വീഡിയോയിലൂടെ വിശദീകരിച്ചു.

Follow Us:
Download App:
  • android
  • ios