സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന ഈശ്വരൻ എന്ന ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് നടൻ ചിമ്പു നടത്തിയത്. 101 കിലോ ആയിരുന്ന ശരീരഭാരം 71 ലേക്ക് താരം എത്തിച്ചിരുന്നു. ഭാരം കുറച്ചതിന് പിന്നാലെ ചിമ്പു പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി. ഇപ്പോഴിതാ ഡാൻസ് പഠിക്കുന്ന ചിമ്പുവിന്റെ ചിത്രമാണ് വൈറലാകുന്നത്. മലയാള നടി ശരണ്യ മോഹനാണ് ചിമ്പുവിന്റെ ​ഗുരു. 

ക്ലാസിക്കൽ ഡാൻസായ ഭരതനാട്യമാണ് ചിമ്പുവിനെ ശരണ്യ പഠിപ്പിക്കുന്നത്. ഈശ്വരന് വേണ്ടിയാണ് ചിമ്പു ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതുസംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. 

ചിമ്പുവിനൊപ്പം ഓസ്തി എന്ന ചിത്രത്തിൽ ശരണ്യ അഭിനയിച്ചിരുന്നു. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നൃത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം. സ്വന്തമായി നൃത്തവിദ്യാലയവും ശരണ്യ നടത്തുന്നുണ്ട്.