ചിലമ്പരശനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം 'മാനാടി'ന്‍റെ ഫസ്റ്റ്, സെക്കന്‍ഡ് ലുക്ക് പോസ്റ്ററുകള്‍ പുറത്തെത്തി. മനുഷ്യന്‍റെ പക്കലുള്ള ഏറ്റവും വലിയ ശക്തി അഹിംസയാണെന്ന ഗാന്ധിവചനം ആലേഖനം ചെയ്‍തതായിരുന്നു രാവിലെ എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. 'അബ്‍ദുള്‍ ഖാലിഖ്' എന്ന ചിമ്പു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മുഖവും പോസ്റ്ററില്‍ ഉണ്ടായിരുന്നു. 'എ വെങ്കട് പ്രഭു പൊളിറ്റിക്സ്' എന്നാണ് സംവിധായകന്‍ ടൈറ്റിലിനു താഴെ എഴുതിയിരിക്കുന്നത്. ചിമ്പുവിന്‍റെ കഥാപാത്രം മറ്റൊരു ഗെറ്റപ്പിലെത്തുന്ന സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ വൈകിട്ടും എത്തി.

2018ല്‍ പ്രഖ്യാപിച്ച്, പിന്നീട് അനിശ്ചിതമായി വൈകിപ്പോയ പ്രോജക്ട് ആണ് മാനാട്. ചിമ്പുവിനും നിര്‍മ്മാതാവ് സുരേഷ് കാമാക്ഷിക്കുമിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് ചിത്രം വൈകാന്‍ പ്രധാന കാരണമായത്. ചിമ്പുവും വെങ്കട് പ്രഭുവും ആദ്യമായി ഒരുമിക്കുന്ന ചിത്രവുമാണ് ഇത്. 

കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക. ഭാരതിരാജ, എസ് ജെ സൂര്യ, കരുണാകരന്‍, പ്രേംജി അമരന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. അതേസമയം സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഈശ്വരന്‍റെ' ചിത്രീകരണം ചിമ്പു ഈയിടെ പൂര്‍ത്തിയാക്കിയിരുന്നു.