നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ, യൂട്യൂബിൽ സജീവമല്ലാതിരുന്നതിൻ്റെ കാരണം പുതിയ വ്ലോഗിലൂടെ വിശദീകരിച്ചു. അച്ഛന്റെ ആരോഗ്യപ്രശ്നങ്ങളും തുടർച്ചയായ ആശുപത്രി സന്ദർശനങ്ങളുമാണ് തിരക്കിന് കാരണമെന്ന് അവർ പറയുന്നു.
സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്ക് സുപരിചിതരാണ് നടൻ കൃഷ്ണകുമാറും കുടുംബവും. കുടുംബത്തിലെ എല്ലാവരും യൂട്യൂബ് ചാനലുമായി സജീവമാണ്. പല പ്രേക്ഷകരും ഇപ്പോൾ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ഓരോരുത്തരെയും കാണുന്നത്. പൊതുപ്രവർത്തനവുമായി കൃഷ്ണകുമാർ തിരക്കിലാണെങ്കിലും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാനയും ഇഷാനിയും ദിയയും ഹൻസികയുമെല്ലാം തങ്ങളുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. സിന്ധു കൃഷ്ണ യൂട്യൂബിലൂടെ പങ്കുവെയ്ക്കുന്ന വ്ളോഗുകൾക്കും നിരവധി ആരാധകരുണ്ട്.
ഒരാഴ്ച കഴിഞ്ഞിട്ടും വീഡിയോകൾ കാണാത്തതുകൊണ്ട് സ്ഥിരം പ്രേക്ഷകർ മെസേജിലൂടെയും മറ്റും തിരക്കി എത്തിയിരുന്നു. അതിനാലാണ് പുതിയ വ്ലോഗുമായി എത്തിയതെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി വിശ്രമിക്കാൻ സമയം കിട്ടാത്ത അത്രത്തോളം തിരക്കിലായിരുന്നു എന്നും സിന്ധു പറയുന്നു. "എന്നും വന്ന് ഒരേ കാര്യം തന്നെ പറയേണ്ടി വരുന്നതിൽ എനിക്കും അസംതൃപ്തിയുണ്ട്. പക്ഷെ ഇപ്പോഴത്തെ അവസ്ഥ അങ്ങനെയാണ്. ഒന്നിനും സമയമില്ല. എന്നും നൂറ് തിരക്കാണ്. പെട്ടന്ന് കാലം കടന്ന് പോകുന്നതുപോലെ. ആശുപത്രിയിൽ പോകുന്നതും വർധിച്ചു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഏതെങ്കിലുമൊക്കെ ആശുപത്രിയിലായി ഞാനുണ്ടാകും. കുഞ്ഞിനെ കൊണ്ട് പോകുമ്പോൾ പോകാറുണ്ട്. വീട്ടിൽ ആർക്ക് അസുഖം വന്നാലും അവർക്കൊപ്പം പോകാറുണ്ട്
കഴിഞ്ഞ ദിവസം ഡാഡിക്ക് ഹോസ്പിറ്റലിൽ ചെക്കപ്പിന് പോകണമായിരുന്നു. ഹോസ്പിറ്റലിൽ ചെക്കപ്പ് ഡേ യാണെങ്കിൽ ഒരു സമയം കഴിയുമ്പോൾ നമ്മുടെ മൂടങ്ങ് പോകും. ആശുപത്രിയിൽ പോയി ഓരോ കാര്യങ്ങൾ ചെയ്ത് തിരികെ വീട്ടിൽ വരുമ്പോഴേക്കും മൂഡോഫാകും. വാർധക്യം വളരെ ബുദ്ധിമുട്ടേറിയ, വേദന നൽകുന്ന ഒന്നാണ്. പണ്ട് ഡാഡി വളരെ സ്ട്രോങ്ങായ മനുഷ്യനായിരുന്നു. ആക്ടീവായിരുന്നു, ഒരുപാട് എനർജിയുണ്ടായിരുന്നു. മസ്ക്കറ്റിൽ പാക്കിങ് ആന്റ് ഫോർവേഡിങ് ബിസിനസ് ആയിരുന്നു ഡാഡിക്ക്. എപ്പോഴും ആക്ടീവായി നടക്കുന്ന ഡാഡിയെ മാത്രമെ ഞാൻ കണ്ടിട്ടുള്ളു. ഭാരം എടുക്കാനൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ആ ഡാഡിയെ ഇപ്പോൾ അവശനായി കാണേണ്ടി വരുമ്പോൾ വിഷമം തോന്നുന്നു. ആരെങ്കിലും എപ്പോഴും ഒപ്പമുണ്ടാകണം. സ്ട്രോക്ക് വന്നതുകൊണ്ട് ബാലൻസ് പോകും. സർജറി ചെയ്തിരുന്നു. അതുകൊണ്ട് സ്വന്തമായി താടി ഷേവ് ചെയ്യാൻ പോലും കഴിയില്ല'', സിന്ധു വ്ളോഗിൽ പറഞ്ഞു.



