ഗായകന്‍ റിഷഭ് ടണ്ടൻ അന്തരിച്ചു. ഫക്കീർ എന്ന പേരിൽ സംഗീതലോകത്ത് അറിയപ്പെട്ടിരുന്ന ആളാണ് റിഷഭ് ടണ്ടൻ. ആലാപനത്തോടൊപ്പം, അഭിനയത്തിലും സംഗീതസംവിധാനത്തിലും അദ്ദേഹം മികവ് പുലർത്തി.

മുംബൈ: പ്രശസ്ത ഹിന്ദി ​ഗായകനും നടനുമായ റിഷഭ് ടണ്ടൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു വിയോ​ഗം. റിഷഭ് മരിച്ച വിവരം അടുത്ത സുഹൃത്താണ് പങ്കുവച്ചത്. ദില്ലിയിൽ വച്ചായിരുന്നു അന്ത്യം. കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാൻ എത്തിയതായിരുന്നു റിഷഭ് എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഭാര്യയ്‌ക്കൊപ്പം മുംബൈയിലാണ് റിഷഭ് താമസിച്ചിരുന്നത്. ദീപാവലിയുമായി ബന്ധപ്പെട്ട് ദില്ലിയിലേക്ക് എത്തുകയായിരുന്നു. സംഗീതസംവിധായകനും കൂടിയായിരുന്നു റിഷഭ് ടണ്ടൻ.

ഫക്കീർ എന്ന പേരിൽ സംഗീതലോകത്ത് അറിയപ്പെട്ടിരുന്ന ആളാണ് റിഷഭ് ടണ്ടൻ. ആലാപനത്തോടൊപ്പം, അഭിനയത്തിലും സംഗീതസംവിധാനത്തിലും അദ്ദേഹം മികവ് പുലർത്തി. റിഷഭിന്റെ 'ഇഷ്ഖ് ഫഖിരാന' എന്ന ഗാനം വലിയ ഹിറ്റായി മാറിയിരുന്നു. 'യേ ആഷിഖി', 'ചന്ദ് തു', 'ധു ധു കാർ കേ', 'ഫക്കീർ കി സുബാനി' എന്നീ ​ഗാനങ്ങളും റിഷഭിന്റെ ശ്രദ്ധേയ ​ഗാനങ്ങളാണ്. ആദ്യ ആൽബമായ 'ഫിർ സേ വാഹി'യിലെ 'ഫിർ സേ വഹി സിന്ദഗി', 'കൈസി ഹേ യേ ദൂരിയാൻ' തുടങ്ങിയ ഗാനങ്ങൾക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മരിക്കുന്നതിന് ഒരാഴ്ച മുമ്പ്, ഭാര്യ ഒലസ്യയ്‌ക്കൊപ്പം വലിയ ആഘോഷത്തോടെ റിഷഭ് ജന്മദിനം ആഘോഷിച്ചിരുന്നു.

കടുത്ത മൃ​ഗ സ്നേഹിയായിരുന്നു റിഷഭ്. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയകളിലെല്ലാം പെറ്റുകളുടെ സാന്നിധ്യം സർവസാധാരണമായിരുന്നു. മുംബൈയിലെ വീട്ടിൽ നിരവധി പൂച്ചകളേയും നായകളേയും പക്ഷികളേയും അദ്ദേഹം വളർത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ റിഷഭിന് 449,000 ഫോളോവേഴ്‌സ് ഉണ്ട്. @rishabhtandonofficial എന്ന് പേരുള്ള യുട്യൂബ് ചാനലിൽ 23.3k സബ്‌സ്‌ക്രൈബർമാരുണ്ട്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്