Asianet News MalayalamAsianet News Malayalam

കേരളത്തിലും വൈഡ് റിലീസുമായി ദുല്‍ഖറിന്‍റെ തെലുങ്ക് ചിത്രം; സീതാരാമം തിയറ്റര്‍ ലിസ്റ്റ് അവതരിപ്പിച്ച് മമ്മൂട്ടി

112 സ്ക്രീനുകളിലാണ് കേരളത്തിലെ റിലീസ്

sita ramam kerala theatre list launched by mammootty dulquer salmaan telugu movie
Author
Thiruvananthapuram, First Published Aug 4, 2022, 8:04 PM IST

പ്രോജക്റ്റുകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന മലയാളത്തിലെ യുവതാരനിരയില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan). മലയാളത്തില്‍ നിന്ന് തുടങ്ങി തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങി ചുവടുവച്ച ഭാഷകളിലൊക്കെ ദുല്‍ഖര്‍ ഈ ശ്രദ്ധ പുലര്‍ത്തുന്നു എന്നതിനുള്ള തെളിവ് അദ്ദേഹത്തിന്‍റെ ഫിലിമോഗ്രഫി തന്നെ. പ്ലാനിംഗിലെ കൃത്യതയും കാര്യക്ഷമതയും കൊണ്ട് പല ഭാഷകളില്‍ നിന്നുള്ള ദുല്‍ഖര്‍ ചിത്രങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി എത്തുന്നുണ്ട്. തെലുങ്കില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ റിലീസ് ആണ് ദുല്‍ഖറിന്‍റെ പുതിയ ചിത്രം. ഹനു രാഘവപ്പുടി സംവിധാനം ചെയ്യുന്ന റൊമാന്‍റിക് ചിത്രം സീതാ രാമം (Sita Ramam) വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. ദുല്‍ഖര്‍ ചിത്രമായതിനാല്‍ തന്നെ വൈഡ് റിലീസ് ആണ് സീതാ രാമത്തിന് കേരളത്തില്‍.

ചിത്രത്തിന്‍റെ കേരള തിയറ്റര്‍ ലിസ്റ്റ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്. കേരളത്തില്‍ പ്രമുഖ സെന്‍ററുകളിലെല്ലാം ചിത്രത്തിന് റിലീസ് ഉണ്ട്. ആകെ 112 സ്ക്രീനുകള്‍. തെലുങ്കിനൊപ്പം മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യപ്പെടുന്ന ചിത്രത്തിന്‍റെ മലയാളം, തമിഴ്, തെലുങ്ക് പതിപ്പുകള്‍ കേരളത്തില്‍ പ്രദര്‍ശനത്തിനുണ്ട്. അതില്‍ തെലുങ്ക് പതിപ്പിന് നാമമാത്രമായ പ്രദര്‍ശനങ്ങളാണ് ഉള്ളത്. മഹാനടിയുടെ വിജയത്തിനു ശേഷം ദുല്‍ഖറിന്‍റേതായി എത്തുന്ന തെലുങ്ക് ചിത്രമാണിത്. കശ്മീരില്‍ സേവനത്തിലുള്ള ഒരു സൈനികോദ്യോഗസ്ഥനാണ് ദുല്‍ഖറിന്‍റെ കഥാപാത്രം. ലഫ്റ്റനന്‍റ് റാം എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ദുല്‍ഖര്‍ റാം ആവുമ്പൊള്‍ സീത എന്ന നായികാ കഥാപാത്രമായി എത്തുന്നത് മൃണാള്‍ ഥാക്കൂര്‍ ആണ്.

1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. സീതാ രാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞിരുന്നു. രാശ്‍മിക മന്ദാനയും സുമന്ദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. അഫ്രീന്‍ എന്നാണ് രാശ്‍മികയുടെ കഥാപാത്രത്തിന്‍റെ പേര്.

ALSO READ : നന്ദനയ്ക്ക് കൊടുത്ത വാക്ക് പാലിച്ച് സുരേഷ് ഗോപി; ഇന്‍സുലിന്‍ പമ്പ് കൈമാറി രാധിക

സ്വപ്‍ന സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന 'മഹാനടി'യും നിര്‍മ്മിച്ചത് ഇതേ ബാനര്‍ ആയിരുന്നു. സംഗീതം വിശാല്‍ ചന്ദ്രശേഖര്‍, എഡിറ്റിംഗ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു, ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ് കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വസ്ത്രാലങ്കാരം ശീതള്‍ ശര്‍മ്മ, അഡീഷണല്‍ സ്ക്രീന്‍പ്ലേ റുഥം സമര്‍, രാജ് കുമാര്‍ കണ്ടമുഡി.

Follow Us:
Download App:
  • android
  • ios