തമിഴകത്തിന്റെ പ്രിയപ്പെട്ട നായകനാണ് ശിവകാര്‍ത്തികേയൻ. ഒട്ടനവധി സിനിമകളാണ് ശിവകാര്‍ത്തികേയൻ നായകനായി ഒരുങ്ങുന്നത്. കോമഡിയും ആക്ഷനും ഒക്കെയുള്ള സിനിമകളാണ് ശിവകാര്‍ത്തികേയന്റേത്. പാട്ടുപാടിയും ശിവകാര്‍ത്തികേയൻ കയ്യടി നേടിയിട്ടുണ്ട്. ഇതാ ശിവകാര്‍ത്തികേയൻ വീണ്ടും പാട്ടെഴുത്തുകാരനായി തിളങ്ങാൻ ഒരുങ്ങുകയാണ്. നമ്മ വീട്ടു പിള്ളൈ എന്ന സിനിമയ്‍ക്ക് വേണ്ടിയാണ് ശിവകാര്‍ത്തികേയൻ പാട്ടെഴുതുന്നത്.

 പാണ്ഡിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ രിവചന്ദറും നീതി മോഹനുമാണ് ശിവകാര്‍ത്തികേയൻ എഴുതിയ ഗാനം പാടുന്നത്.  ഡി ഇമ്മൻ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. അതേസമയം  നമ്മ വീട്ടു പിള്ളൈക്ക് പഴയൊരു എം ജി ആര്‍ ചിത്രവുമായി സാമ്യമുണ്ട്. ചിത്രത്തിന്റെ പേരിലാണ് സാമ്യം.  പ്രമേയവുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ട്. എംജിആര്‍ നായകനായി 1965ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹിറ്റ് ചിത്രമാണ് എങ്ക വീട്ടു പിള്ളൈ. എം ജി ആര്‍ ചിത്രത്തിന്റെ അതേ അര്‍ഥം തന്നെയാണ് ശിവകാര്‍ത്തികേയൻ നായകനാകുന്ന പുതിയ ചിത്രത്തിനും. നമ്മ വീട്ടു പിള്ളൈ ഒരു കുടുംബചിത്രമായിരിക്കും. ഐശ്വര്യ രാജേഷ്, അനു, നട്‍രാജ്, ആര്‍ സുരേഷ് തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. നിരവ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. റുബെൻ ആണ് എഡിറ്റര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു. ശിവകാര്‍ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം മിസ്റ്റര്‍ ലോക്കല്‍ ആണ്.