ചിത്രീകരണത്തിനിടെ സംവിധായികയുടെ ഇംഗ്ലീഷ് മനസ്സിലാക്കാൻ തനിക്ക് ചാറ്റ് ജിപിടിയുടെ സഹായം തേടേണ്ടി വന്നുവെന്ന് ശിവകാർത്തികേയൻ
പൊങ്കൽ റിലീസായി ജനുവരി 10 ന് ശിവകാർത്തികേയൻ നായകനായ പരാശക്തി തിയേറ്ററുകളിൽ എത്തുകയാണ്. സുധ കൊങ്കരയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമരൻ, മദ്രാസി എന്നീ ചിത്രങ്ങൾക്ക് ശേഷം ശിവകാർത്തികേയൻ നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ശിവകാർത്തികേയൻ തമാശ രൂപേണ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.
സുധ കൊങ്കരയുടെ ഇംഗ്ലീഷ് കാരണം തനിക്ക് ഷൂട്ടിനിടയിൽ പലപ്പോഴും ചാറ്റ് ജിപിടിയുടെ സഹായം തേടേണ്ടി വന്നുവെന്നാണ് ശിവകാർത്തികേയൻ പറയുന്നത്. ബിട്ടീഷ് ഇംഗ്ലീഷ് അല്ല, പറയുന്നത് ഷേക്സ്പിയർ ഇംഗ്ലീഷ് ആണെന്നും തമാശ രൂപേണ പറയുന്നു.
"സുധ മാം ചിത്രീകരണത്തിനിടയിലും ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. അതും ഷേക്സ്പിയർ ലെവൽ ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. ഏതെങ്കിലും ഒരു സീൻ ഞാൻ ചെയ്തത് ശെരിയായില്ലെങ്കിൽ അത് ഓക്കേ ആയില്ലെന്ന് മാം ഇംഗ്ലീഷിൽ വന്ന് എന്നോട് പറയും. അതിൽ മാം പറയുന്ന ഒരു വാക്ക് എനിക്ക് മനസിലായിട്ടുണ്ടാകില്ല. ഞാൻ ഉടനെ ഫോണെടുത്ത് അതിന്റെ അർത്ഥം ചാറ്റ് ജിപിടിയോട് ചോദിക്കും. അങ്ങനെ ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ മാം ഡിസ്റ്റർബ് ആയി. ഒരു ദിവസം മാം എന്നോട് എന്താണ് പ്രശ്നം എന്നെന്നോട് ഇംഗ്ലീഷിൽ ചോദിച്ചു. അപ്പോൾ ഞാൻ ഇംഗ്ലീഷ് ആണ് പ്രശ്നം എന്ന് പറഞ്ഞു. ഞാൻ ഇതിന് മുൻപേ ഗൗതം മേനോൻ സിനിമ ചെയ്തിരുന്നെങ്കിൽ എനിക്ക് ഇംഗ്ലീഷിൽ ഒരു എക്സ്പീരിയൻസ് ഉണ്ടാകുമായിരുന്നു എന്ന് പറഞ്ഞു." ശിവകാർത്തികേയൻ പറയുന്നു.
രവി മോഹൻ, അഥർവ, ശ്രീലീല എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പരാശക്തി സംവിധാനം ചെയ്യുന്നത് സുധാ കൊങ്കരയാണ്. 1965ലെ തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ സമരത്തിന്‍റെയും മറ്റും പാശ്ചതലത്തിലുള്ള ഒരു ചിത്രമാണ് പരാശക്തി എന്നാണ് വിവരം. ചിത്രത്തില്‍ രവി മോഹനാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. നായക വേഷത്തില്‍ മാത്രം കണ്ട രവി മോഹന്‍റെ പുതിയ രൂപമായിരിക്കും ചിത്രത്തിലേതെന്നാണ് സൂചന. തെലുങ്ക് നടി ശ്രീലീലയുടെ ആദ്യ തമിഴ് സിനിമ കൂടിയാണ് പരാശക്തി.
നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ പ്രധാന വേഷത്തില്‍ കാസ്റ്റ് ചെയ്ത് പ്രഖ്യാപിക്കപ്പെട്ട പുറനാനൂര്‍ എന്ന ചിത്രമാണ് ഇപ്പോള്‍ എസ്കെ 25 ആയത് എന്നാണ് വിവരം. അതേസമയം, ചിത്രത്തില്‍ ബേസില്‍ ജോസഫും പ്രധാന വേഷത്തില്‍ എത്തുന്നുവെന്നാണ് വിവരം. ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുള്ള ബേസിലിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ പ്രചരിച്ചിരുന്നു.



