ഒഫിഷ്യല്‍ ലോഞ്ച് വിഷുവിന്

സിബിഐ ഫ്രാഞ്ചൈസി ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുള്ള പ്രശസ്ത രചയിതാവ് എസ് എന്‍ സ്വാമി സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. വിഷു ദിനത്തില്‍ പൂജ ചടങ്ങുകളോടെ കൊച്ചിയില്‍ ചിത്രത്തിന് തുടക്കം കുറിക്കാനാണ് പദ്ധതി. നിലവധി ആക്ഷന്‍ ഹീറോ കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുള്ള എസ് എന്‍ സ്വാമിയുടെ ആദ്യ ചിത്രം പക്ഷേ ആക്ഷന്‍, ത്രില്ലര്‍ വിഭാഗത്തിലൊന്നും പെടുന്ന സിനിമയല്ലെന്നാണ് അറിയുന്നത്. മറിച്ച് റൊമാന്‍റിക് ചിത്രമായിരിക്കും ഇത്. ധ്യാന്‍ ശ്രീനിവാസനെയാണ് അരങ്ങേറ്റ ചിത്രത്തിലെ നായകനായി എസ് എന്‍ സ്വാമി തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എസ് എന്‍ സ്വാമി തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിക്കുന്നത്. എറണാകുളത്തപ്പന്‍ ക്ഷേത്ര ക്ഷേമസമിതി പ്രസിഡന്‍റ് പി രാജേന്ര പ്രസാദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. സമിതിയുടെ ജനറല്‍ കണ്‍വീനറാണ് എസ് എന്‍ സ്വാമി. തമിഴ്നാട് ആയിരിക്കും ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ എന്നാണ് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. അച്ഛന്‍റെ സംവിധാന അരങ്ങേറ്റത്തില്‍ സഹസംവിധായകനായി മകന്‍ ശിവ്‍റാമും ഒപ്പമുണ്ട്. ഷാജി കൈലാസ്, കെ മധു,. എ കെ സാജന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച് പരിചയമുള്ളയാളാണ് ശിവ്‍റാം.

എന്നാല്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നുവെന്നും വിഷു ദിനത്തില്‍ ലോഞ്ച് നടക്കുമെന്നുമല്ലാതെ പ്രോജക്റ്റ് സംബന്ധിച്ച പുറത്തു വരുന്ന മറ്റ് വിവരങ്ങള്‍ എസ് എന്‍ സ്വാമി സ്ഥിരീകരിച്ചിട്ടില്ല. ലോഞ്ചിനു ശേഷം മാത്രമേ ഇതേക്കുറിച്ച് പ്രതികരിക്കൂ എന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. 

എ കെ സാജന്‍റെ സംവിധാനത്തില്‍ 1984 ല്‍ പുറത്തെത്തിയ ചക്കരയുമ്മ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി രംഗപ്രവേശം നടത്തിയ ആളാണ് എസ് എന്‍ സ്വാമി. സിബിഐ സിരീസ് കൂടാതെ ഇരുപതാം നൂറ്റാണ്ട്, ഓഗസ്റ്റ് 1, നാടുവാഴികള്‍, അടിക്കുറിപ്പ്, കളിക്കളം, ധ്രുവം, സൈന്യം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ അദ്ദേഹം രചിച്ചതാണ്.

ALSO READ : താനൊരു 'കോമണര്‍' ആണെന്ന് ഗോപിക; ഇനി അത് പറയരുതെന്ന് ബിഗ് ബോസില്‍ സഹമത്സരാര്‍ഥികള്‍