ഇന്ന് മാതൃദിനമാണ്. മാതൃദിന ആശംസകളുമായി താരങ്ങളും പ്രേക്ഷകരും ഒക്കെ രംഗത്ത് എത്തി. ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തു. അമ്മ ജീവിതത്തില്‍ എത്രത്തോളം നിര്‍ണ്ണായകമായി എന്ന് പറയുകയാണ് നടി സ്‍നേഹ ശ്രീകുമാര്‍. രണ്ട് അമ്മമാരുടെ സ്‍നേഹവും കരുതലും തനിക്ക് കിട്ടിയെന്നാണ് സ്‍നേഹ ശ്രീകുമാര്‍ പറയുന്നത്.

സ്‍നേഹ ശ്രീകുമാറിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

മാതൃദിനം ❤രണ്ടു അമ്മമാരുടെ സ്നേഹവും കരുതലും കിട്ടാനുള്ള ഭാഗ്യം എനിക്കുണ്ട്. ഒന്ന് അമ്മയും ഒന്ന് ചേച്ചിയുമാണ്. അമ്മ ഏറ്റവും ശക്തിയുള്ള സ്ത്രീ ആണ്,എന്ത് വന്നാലും നേരിടാനുള്ള മനശക്തി അനുഭവങ്ങളിൽനിന്നു നേടിയ സ്ത്രീ. ഇപ്പഴും ആ ശക്തി തന്നെയാണ് ഞങ്ങളെ നയിക്കുന്നത്. വാട്ടർ അതോറിറ്റിയിൽ ജീവനക്കാരൻ ആയിരുന്ന അച്ഛൻ പൊതുപ്രവർത്തകൻ കൂടിയായിരുന്നു. ചില പൊതുഉത്തരവാദിത്തങ്ങൾ അച്ഛനുള്ളത് കൊണ്ടുതന്നെ വീട്ടിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു ചെയ്‍ത്രുന്നത് അമ്മ തന്നെയാണ്, അച്ഛൻ ഞങ്ങൾക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ല കൂട്ടുകാരനും. അമ്മയുടെ ജോലിത്തിരക്കിനിടയിലും നൃത്തം, കഥകളി, ഓട്ടൻതുള്ളൽ തുടങ്ങി എല്ലാ ക്ലാസ്സുകളിലും അമ്മ തന്നെയാണ് കൊണ്ടുപോയിരുന്നത്. ഓട്ടൻതുള്ളൽ ക്ലാസ്സ്‌ കഴിഞ്ഞു പ്രഭാകരൻമാഷിന്റെ വീട്ടിൽനിന്ന് വരുന്നത് കുമ്പളത്തേക്കുള്ള ലാസ്റ്റ് ബസിൽ ആയിരുന്നു. അമ്മയുടെ ആഗ്രഹവും കഠിനാധ്വാനവും അച്ഛന്റെ സ്നേഹവും ആണ് ഞങ്ങളെ കലാകാരികൾ ആക്കിയത്. ചേച്ചിയും ഞാനും ആറുവയസിന്റെ വ്യത്യാസം ആണ് ഉള്ളത്. അതുകൊണ്ട് തന്നെ ചെറുതാവുമ്പഴേ എന്റെ എല്ലാ കാര്യങ്ങളിലും ചേച്ചിയുടെ ശ്രദ്ധ ഉണ്ടായിരുന്നു. അമ്മയുടെ ജോലിയും തിരക്കുകളും എന്നെ ബാധിച്ചിട്ടേയില്ല, കാരണം ചേച്ചി അമ്മയുടെ റോൾ നന്നായി ചെയ്‍തിരുന്നു. സ്‍കൂളിൽ പോകുമ്പോൾ മുടികെട്ടി തന്നതും, ഭക്ഷണം വാരിത്തരണതും, യൂണിഫോം ഇട്ടുതരണതും എല്ലാം ചേച്ചിയായിരുന്നു. അത് പ്ലസ്‍ടു വരെ തുടർന്നു 😂. ഡാൻസ് പരിപാടികൾക്കൊക്കെ ഒരുങ്ങുമ്പോൾ ചേച്ചിയുടെ കൈവന്നാലേ എനിക്ക് ആത്മവിശ്വാസം കിട്ടിയിരുന്നുള്ളു. ഇപ്പഴും അമ്മ പറയും എന്തിനും സൗമ്യടെ കൈവന്നാലേ അവൾക്കു ശരിയാവുള്ളൂന്നു 😃.ജീവിതത്തിലെ വലിയ ഒരു ധൈര്യം തന്നെയാണ് അമ്മ ❤.