"കാടുകളിലോ കൊട്ടാരങ്ങളിലോ അല്ല നമ്മളിപ്പോള്‍ ജീവിക്കുന്നത്."
രണ്‍ബീര്‍ കപൂര്‍ നായകനായ ബോളിവുഡ് ചിത്രം അതിന്‍റെ ഉള്ളടക്കം കൊണ്ടും ബോക്സ് ഓഫീസ് കളക്ഷന്‍ കൊണ്ടും ചര്‍ച്ച സൃഷ്ടിക്കുകയാണ്. അര്‍ജുന്‍ റെഡ്ഡി സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗയുടെ പുതിയ ചിത്രത്തില്‍ അടിമുടി സ്ത്രീവിരുദ്ധതയുണ്ടെന്ന് വിമര്‍ശനമുയരുമ്പോള്‍ത്തന്നെ ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയുമാണ്. സാധാരണ പ്രേക്ഷകര്‍ക്കൊപ്പം പല പ്രമുഖരും ചിത്രത്തക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവച്ച് രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തില്‍ രണ്ടുപേരുടെ അഭിപ്രായങ്ങള്‍ പ്രേക്ഷകരുടെ സവിശേഷ ശ്രദ്ധ നേടുകയാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം ജയദേവ് ഉനദ്ഘട്ടും നടി തൃഷയും സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ അനിമല്‍ റിവ്യൂസ് ആണ് ചര്‍ച്ചയാവുന്നത്. ഇതില്‍ ജയദേവ് ചിത്രത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണെങ്കില്‍ തൃഷ ചിത്രം തനിക്ക് ഇഷ്ടമായ കാര്യം അറിയിക്കുകയാണ്. എന്നാല്‍ അഭിപ്രായപ്രകടനങ്ങള്‍ ചര്‍ച്ചയായതോടെ ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. എക്സിലൂടെയായിരുന്നു ജയദേവിന്‍റെ കുറിപ്പെങ്കില്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ആയിരുന്നു തൃഷയുടെ അഭിപ്രായപ്രകടനം.
ജയദേവ് ഉനദ്ഘട്ട് എക്സില്‍ കുറിച്ചത് ഇങ്ങനെ- "എന്തൊരു ദുരന്തം ചിത്രമാണ് അനിമല്‍! ഇന്നത്തെ ലോകത്ത് പുരുഷാധിപത്യത്തെ വാഴ്ത്തിയിട്ട് അതിനെ കേവലം പരമ്പരാഗത പൗരുഷമെന്നും ആല്‍ഫ മെയില്‍ എന്നുമൊക്കെ വിശേഷിപ്പിക്കുന്നത് അധ:പതനമല്ലാതെ മറ്റൊന്നുമല്ല. കാടുകളിലോ കൊട്ടാരങ്ങളിലോ അല്ല നമ്മളിപ്പോള്‍ ജീവിക്കുന്നത്. യുദ്ധമോ വേട്ടയാടലോ ഇപ്പോള്‍ ചെയ്യുന്നില്ല. എത്ര നന്നായി അഭിനയിച്ചിട്ടും കാര്യമില്ല, ലക്ഷക്കണക്കിന് ആളുകള്‍ കാണുന്ന ഒരു സിനിമയില്‍ ഒരാള്‍ ഇത്തരം കാര്യങ്ങളെ വാഴ്ത്താന്‍ പാടില്ല. വിനോദ വ്യവസായത്തിലുള്ളവര്‍ക്കും സാമൂഹിക ഉത്തരവാദിത്തം എന്നൊന്നുണ്ട്. അത് മറക്കാന്‍ പാടില്ല. ഇത്രയും ശോചനീയമായ ഒരു ചിത്രം കാണാന്‍ ഞാനെന്‍റെ മൂന്ന് മണിക്കൂര്‍ ചെലവഴിച്ചതോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു", ജയദേവ് ഉനദ്ഘട്ട് കുറിച്ചു.
അനിമലിന്‍റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് തൃഷ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത് ഇങ്ങനെ ആയിരുന്നു- "ഒറ്റ വാക്ക്- കള്‍ട്ട്!" ഒപ്പം ചില സ്മൈലികളും കൈയടിയുടെ ഇമോജിയും ചേര്‍ത്തിരുന്നു. അടുത്തിടെ സഹപ്രവര്‍ത്തകനായ മന്‍സൂര്‍ അലി ഖാന്‍റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്കെതിരെ ശക്തമായ ഭാഷയില്‍ തൃഷ രംഗത്തെത്തിയിരുന്നു. അങ്ങനെയുള്ള ഒരാള്‍ അനിമല്‍ പോലെ ഒരു ചിത്രത്തെ പ്രശംസിക്കുന്നത് എങ്ങനെയാണെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. പോസ്റ്റ് ചെയ്തവര്‍ നീക്കിയെങ്കിലും ഇവയുടെ സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിക്കുന്നുണ്ട്.
