ബോളിവുഡ് താരം സോനു സൂദിനെ സമൂഹമാധ്യമങ്ങളും ആരാധകരും സുപ്പര്‍ ഹീറോ എന്നാണ് ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണില്‍ താരത്തിന്റെ ഇടപെടല്‍ രാജ്യം മുഴുവന്‍ പ്രശംസിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയ നിരവധി അതിഥി തൊഴിലാളികളെയാണ് താരം ഇതിനോടകം നാട്ടിലെത്തിച്ചത്. മഹാരാഷ്ട്രയിലെ തന്റെ ആറു നിലയുള്ള ആഡംബര ഹോട്ടല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാനായി താരം വിട്ടു നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരത്തിന് അം​ഗീകാരം നൽകിയിരിക്കുകയാണ് പഞ്ചാബ്​ തെരഞ്ഞെടുപ്പ്​ കമ്മീഷൻ.

പഞ്ചാബ്​ തെരഞ്ഞെടുപ്പ്​ കമീഷന്റെ സ്​റ്റേറ്റ്​ ഐക്കണായാണ്​ സോനുവിനെ തെരഞ്ഞെടുത്ത്​.'ജനങ്ങളുടെ യഥാർഥ നായകൻ ഇപ്പോൾ പഞ്ചാബിന്റെ സ്​റ്റേറ്റ്​ ഐക്കൺ- സോനു സൂദ്' -പഞ്ചാബ്​ മുഖ്യതെരഞ്ഞെടുപ്പ്​ കമ്മീഷണർ ട്വിറ്ററിൽ കുറിച്ചു. 

അതേസമയം,  കൊവിഡ്​ കാലത്തെ സോനുവിന്റെ ജീവിതാനുഭവങ്ങൾ മുൻനിർത്തി പെൻഗ്വിൻ റാൻഡം ബുക്​സ്​ ആത്മകഥ പുസ്​തകം പുറത്തിറക്കുന്നുണ്ട്​. 'ഐ ആം നോ മെസീഹ്​ ' എന്നാണ് പുസ്തകത്തിന്​ പേരിട്ടിരിക്കു​ന്നത്. സേനുവും മീന അയ്യരും ചേർന്നാണ്​ എഴുതുന്നത്​. ഈ വർഷം ഡിസംബറിൽ പുസ്​തകം പുറത്തിറങ്ങും.