മുംബൈ: ബോളിവുഡ് താരം സോനു സൂദിനെ ദൈവമെന്ന് വിശേഷിപ്പിച്ച് കര്‍ഷകനായ നാഗേശ്വര റാവു. കാളകളില്ലാത്തതിനാല്‍ പെണ്‍മക്കളുടെ സഹായത്തോടെ പാടം ഉഴുത നാഗേശ്വര റാവുവിന് സോനു ട്രാക്ടര്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് റാവു സോനുവിനെ പ്രശംസിച്ചത്. 

”സിനിമയില്‍ വില്ലനാണെങ്കിലും റിയല്‍ ലൈഫില്‍ അദ്ദേഹം ഹീറോയാണ്. ആയിരത്തോളം അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്ന റിപ്പോര്‍ട്ടുകള്‍ കണ്ടപ്പോള്‍ അദ്ദേഹം ശരിക്കും ഹീറോയാണെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് അദ്ദേഹം ദൈവമാണ്” നാ​ഗേശ്വര റാവു പറഞ്ഞു.

കാളകളെ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ പെണ്‍മക്കളുടെ സഹായത്തോടെ പാടം ഉഴുത കൃഷിക്കാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് സോനു കർഷകന് ട്രാക്ടർ അയച്ചത്. ”ഈ കുടുംബത്തിന് ഒരു ജോടി കാളകളെയല്ല ആവശ്യം. അവര്‍ക്ക് ഒരു ട്രാക്ടര്‍ ആണ് ആവശ്യം. അതിനാല്‍ നിങ്ങള്‍ക്ക് ഒന്ന് അയക്കുന്നു. വൈകുന്നേരത്തോടെ ഒരു ട്രാക്ടര്‍ നിങ്ങളുടെ വയലുകള്‍ ഉഴുതുമറിക്കും” എന്ന് സോനു ട്വീറ്റും ചെയ്തിരുന്നു.

കൊവിഡിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി സോനു നേരത്തെ തന്നെ രം​ഗത്തെത്തിയിരുന്നു. അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ ഭക്ഷണം നൽകുന്നതിനും സോനു മുന്നിട്ടിറങ്ങി. മഹാരാഷ്ട്രയിലെ ആറു നിലയുള്ള ആഡംബര ഹോട്ടല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാനായി താരം വിട്ടു നല്‍കിയിരിക്കുന്നു.

Read Also: 'അവർക്ക് വേണ്ടത് കാളയല്ല, ട്രാക്ടറാണ്'; മക്കളെ കൊണ്ട് പാടം ഉഴുത കർഷകന് സഹായവുമായി സോനു സൂദ്