"പടം വര്‍ക്ക് ആവുമെന്ന് 90 ശതമാനം ഞങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നു. പക്ഷേ ഇത്ര വലിയ വിജയമാവുമെന്ന് കരുതിയിരുന്നില്ല"

താരമൂല്യം കൊണ്ട് മാത്രം ഒരു സിനിമ വിജയിക്കുന്ന കാലം കഴിഞ്ഞു. ഉള്ളടക്കത്തിനാണ് താരമൂല്യത്തിനേക്കാളേറെ ഇന്നത്തെ പ്രേക്ഷകര്‍ പ്രാധാന്യം കൊടുക്കുന്നത്. അതിനുള്ള ഉദാഹരണം ഈ വര്‍ഷവും ഉണ്ടായിരുന്നു. രോമാഞ്ചവും ആര്‍ഡിഎക്സുമാണ് ആ ചിത്രങ്ങള്‍. രോമാഞ്ചത്തിന്‍റെ റിലീസ് സമയത്ത് മറ്റ് പ്രധാന ചിത്രങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ആര്‍ഡിഎക്സ് എത്തിയപ്പോള്‍ അങ്ങനെ ആയിരുന്നില്ല. ഓണം റിലീസ് ആയി എത്തിയ ചിത്രത്തിനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍റെ കിംഗ് ഓഫ് കൊത്തയും നിവിന്‍ പോളിയുടെ രാമചന്ദ്ര ബോസ് ആന്‍ഡ് കോയും ഉണ്ടായിരുന്നു. എന്നാല്‍ താരമൂല്യം കൂടിയ മറ്റ് രണ്ട് ചിത്രങ്ങളെ മറികടന്ന് ഓണം വിന്നര്‍ ആയത് ആര്‍ഡിഎക്സ് ആയിരുന്നു. താരമൂല്യം കൂടിയ ചിത്രങ്ങള്‍ക്കൊപ്പം ആര്‍ഡിഎക്സ് ഇറക്കാനുള്ള തീരുമാനത്തെക്കുറിച്ച് നിര്‍മ്മാതാവ് സോഫിയ പോള്‍ ഈയിടെ സംസാരിച്ചു. 

ഗലാട്ട പ്ലസിന്‍റെ മലയാളം റൗണ്ട് ടേബിള്‍ 2023 ല്‍ സംസാരിക്കുകയായിരുന്നു അവര്‍. ഓണക്കാലത്ത് സിനിമാപ്രേമികള്‍ ഒന്നിലധികം ചിത്രങ്ങള്‍ കാണാന്‍ തിയറ്ററുകളിലെത്തുമെന്ന വിശ്വാസമാണ് തനിക്ക് പ്രധാനമായും ഉണ്ടായിരുന്നതെന്ന് സോഫിയ പോള്‍ പറയുന്നു, എന്നാല്‍ സംവിധായകന്‍ നഹാസ് ഹിദായത്ത് റിലീസ് നീട്ടാനാവുമോ എന്ന് ചോദിച്ചിരുന്നുവെന്നും. "ഓണത്തിന് രണ്ടോ മൂന്നോ ചിത്രങ്ങള്‍ തിയറ്ററില്‍ പോയി കാണുന്ന ആളാണ് ഞാന്‍. അങ്ങനെ ഒരു ശീലമുണ്ട് നമ്മുടെ പ്രേക്ഷകര്‍ക്ക്. പക്ഷേ എന്‍റെ സംവിധായകന് വലിയ ഭയമുണ്ടായിരുന്നു. ഓണം കഴിഞ്ഞ് നമുക്ക് റിലീസ് ചെയ്യാം മാഡം പ്ലീസ് എന്നൊക്കെ എന്നോട് പറഞ്ഞു. പക്ഷേ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. മുടക്കിയ പണം തിരികെ കിട്ടാന്‍ ഓണം റിലീസ് ആണ് എനിക്ക് മുന്നില്‍ ഉണ്ടായിരുന്നത്", സോഫിയ പോള്‍ പറയുന്നു.

"ആര്‍ഡിഎക്സ് ഇത്ര വലിയ വിജയം നേടിയത് ഞങ്ങള്‍ക്കൊക്കെ അത്ഭുതമായിരുന്നു. പടം വര്‍ക്ക് ആവുമെന്ന് 90 ശതമാനം ഞങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നു. പക്ഷേ ഇത്ര വലിയ വിജയമാവുമെന്ന് കരുതിയിരുന്നില്ല. ആവശ്യത്തിന് തിയറ്ററുകള്‍ കിട്ടാത്തതില്‍ ഞങ്ങള്‍ക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു. രണ്ട് വലിയ താരങ്ങളുടെ ചിത്രത്തിനൊപ്പമാണ് ഇറക്കേണ്ടത്. അവ നന്നായി വന്നാല്‍ വീണ്ടും ഞങ്ങളുടെ തിയറ്റര്‍ കൗണ്ട് കുറയും. പക്ഷേ സിനിമയെക്കുറിച്ച് ആശങ്കകള്‍ ഉണ്ടായിരുന്നില്ല. ആര്‍ഡിഎക്സിന്‍റെ ഫോര്‍മുല മുന്‍പ് പല സിനിമകളിലും, തെലുങ്ക്- തമിഴ് സിനിമകളിലൊക്കെ നമ്മള്‍ കണ്ടിട്ടുള്ളതാണ്. നന്നായി കഥ പറയുന്നതിലായിരുന്നു കാര്യം. മലയാളത്തില്‍ ഒരു വലിയ ഇടവേളില്‍ ആക്ഷന്‍ സിനിമകള്‍ ഇറങ്ങിയിരുന്നുമില്ല. സിനിമയുടെ നിര്‍മ്മാണ ഘട്ടത്തില്‍ ബജറ്റിനെക്കുറിച്ച് അധികം ആലോചിച്ചിരുന്നില്ല. മുന്‍നിര താരങ്ങള്‍ അല്ലെങ്കിലും മൂന്ന് നായകതാരങ്ങള്‍ക്കും ഒരു വിപണിമൂല്യം ഉണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. എന്നാലും അതില്‍ ഒരു റിസ്ക് ഉണ്ടായിരുന്നു. ആ റിസ്ക് എടുക്കാമെന്നാണ് ഞങ്ങള്‍ തീരുമാനിച്ചത്. ആ ഉള്ളടക്കത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നു", സോഫിയ പോള്‍ പറയുന്നു.

ALSO READ : ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത! 1000 എപ്പിസോഡില്‍ അവസാനിക്കില്ല 'കുടുംബവിളക്ക്', ഇനി പുതിയ കഥ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം