സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോള്‍ പല മാറ്റങ്ങളും ചിത്രത്തിനുണ്ട്. മമ്മൂട്ടിക്കൊപ്പം വനിതാ അന്വേഷണോദ്യോഗസ്ഥരാണ് ഇക്കുറി ഉണ്ടാവുകയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു

സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി(Mammootty) നായകനാകുന്ന സിബിഐ അഞ്ചാം ഭാഗം(CBI 5). എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ അപ്ഡേഷനുകൾക്ക് ഏറെ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിൽ നടൻ സൗബിൻ(Soubin Shahir) ജോയിൻ ചെയ്തിരിക്കുകയാണ്. സൗബിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കെ മധുവാണ് ഇക്കാര്യം അറിയിച്ചത്.

'സൗബിൻ ഷാഹിർ സിബിഐ ടീമിൽ...എന്റെ സെറ്റിലേക്ക് എന്റെ പ്രിയപ്പെട്ട നടനെ/സംവിധായകനെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്...'എന്നാണ് കെ മധു ഫേസ്ബുക്കിൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. വില്ലൻ ആയാണോ സൗബിൻ ചിത്രത്തിൽ എത്തുന്നതെന്നാണ് ഭൂ​രിഭാ​ഗം പേരും ചോദിക്കുന്നത്. 

കഴിഞ്ഞ ആഴ്ച കനിഹയും ചിത്രത്തിൽ ജോയിൻ ചെയ്തിരുന്നു. 'ലെജന്‍ഡറി തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിക്കും കെ മധുവിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. സിബിഐ ടീമില്‍ ഭാഗമാകാന്‍ കഴിഞ്ഞു. ഇഷ്ട നടനൊപ്പം ഒരിക്കല്‍ കൂടി അഭിനയിക്കാന്‍ കാത്തിരിക്കുന്നു', എന്നാണ് കനിഹ കുറിച്ചിരുന്നത്. കഴിഞ്ഞ ഡിസംബർ 11നാണ് മമ്മൂട്ടി സെറ്റിലെത്തിയത്. പിന്നാലെ താരത്തിന് കൊവിഡ് ബാധിക്കുകയും ചെയ്തിരുന്നു. 

സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോള്‍ പല മാറ്റങ്ങളും ചിത്രത്തിനുണ്ട്. മമ്മൂട്ടിക്കൊപ്പം വനിതാ അന്വേഷണോദ്യോഗസ്ഥരാണ് ഇക്കുറി ഉണ്ടാവുകയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകൾക്കും പശ്ചാത്തല സം​ഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു. 

Read More : 'സിബിഐ 5'ല്‍ ജോയിന്‍ ചെയ്‍ത് ദിലീഷ് പോത്തന്‍; സന്തോഷം പങ്കുവച്ച് കെ മധു

1988ലാണ് മ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി. ആശാ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. മുകേഷ്, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമാകും. 

മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം എന്ന ചിത്രത്തിലും സൗബിൻ അഭിനയിക്കുന്നുണ്ട്. അമല്‍ നീരദ് ചിത്രം അടുത്ത മാസം മൂന്നിന് റിലീസ് ചെയ്യും. കള്ളന്‍ ഡിസൂസ, മ്യാവൂ എന്നീ ചിത്രങ്ങളാണ് താരത്തിന്‍റേതായി പുറത്തിറങ്ങിയത്. സൗബിനും മംമ്ത മോഹന്‍ദാസും ആദ്യമായി ഒന്നിച്ച ചിത്രമാണ് മ്യാവൂ. ഡോ ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സലിംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയുമാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്‍തഗീറിന്‍റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ലാല്‍ ജോസ്(lal jose) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലാല്‍ജോസിനു വേണ്ടി ഇക്ബാല്‍ കുറ്റിപ്പുറം ഒരുക്കുന്ന നാലാമത്തെ തിരക്കഥയാണ് ഇത്.