പുതിയ ചിത്രത്തിലും നായകന്‍ ടോം ഹോളണ്ട്

കൊവിഡില്‍ നിലംപരിശായ സിനിമാവ്യവസായത്തിന് ആശ്വാസം പകര്‍ന്ന് ചില ചിത്രങ്ങളൊക്കെ ആഗോള ബോക്സ് ഓഫീസില്‍ പോയ മാസങ്ങളില്‍ എത്തിയിരുന്നു എന്നത് വസ്‍തുതയാണ്. പക്ഷേ അവയ്ക്കൊന്നും ഈ വാരാന്ത്യത്തില്‍ തിയറ്ററുകളിലെത്തിയ മാര്‍വെല്‍ ചിത്രം 'സ്പൈഡര്‍ മാന്‍ നോ വേ ഹോ'മിന് (Spider Man No Way Home) ലഭിച്ച പ്രേക്ഷക സ്വീകാര്യത നേടാനായിരുന്നില്ല. അതെ, ആഗോള ബോക്സ് ഓഫീസില്‍ വന്‍ ഓപണിംഗ് നേടി കുതിപ്പ് തുടങ്ങിയിരിക്കുകയാണ് ഈ ഹോളിവുഡ് സൂപ്പര്‍ഹീറോ ചിത്രം. ഇന്ത്യയില്‍ പോലും 'അവഞ്ചേഴ്സ്: എന്‍ഡ്‍ഗെയിം' കഴിഞ്ഞാല്‍ ഏറ്റവും വലിയ ഓപണിംഗ് നേടുന്ന ഹോളിവുഡ് ചിത്രമായി മാറിയിരിക്കുകയാണ് സ്പൈഡര്‍ മാന്‍. അതുതന്നെയാണ് ലോകത്തെ ഏത് മാര്‍ക്കറ്റിലെയും സ്ഥിതി. ഇപ്പോഴിതാ സ്പൈഡര്‍ മാന്‍ ഫ്രാഞ്ചൈസി സംബന്ധിച്ച് ആരാധകര്‍ക്ക് ആവേശം പകരുന്ന ഒരു വാര്‍ത്തയും എത്തിയിരിക്കുകയാണ്. സ്പൈഡര്‍ മാന് ഒരു നാലാം ഭാഗത്തിന്‍റെ (Spider Man 4) ഒരുക്കങ്ങള്‍ അണിയറയില്‍ ഇതിനകം ആരംഭിച്ചിരിക്കുന്നു എന്നതാണ് അത്!

മാര്‍വെല്‍ സ്റ്റുഡിയോസ് (Marvel Studios) പ്രസിഡന്‍റ് കെവിന്‍ ഫെയ്‍ജ് (Kevin Feige) ന്യൂയോര്‍ക്ക് ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. "അമിയും (സഹനിര്‍മ്മാതാവ് അമി പാസ്‍കല്‍) ഞാനും ഡിസ്‍നിയും സോണിയും അതേക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അതെ, കഥയുടെ ഇനിയുള്ള മുന്നോട്ടുപോക്കിനെക്കുറിച്ച് ഞങ്ങള്‍ സജീവമായ പര്യാലോചനകളിലാണ്. 'ഫാര്‍ ഫ്രം ഹോം' (കഴിഞ്ഞ സ്പൈഡര്‍ മാന്‍ ചിത്രം, 2019) കഴിഞ്ഞപ്പോഴത്തേതുപോലെ ആരാധകരെ ബുദ്ധിമുട്ടിക്കാന്‍ എനിക്ക് ഉദ്ദേശമില്ല. അത് ഇത്തവണ സംഭവിക്കില്ല", കെവിന്‍ ഫെയ്‍ജ് പറയുന്നു.

'ആരാധകരുടെ ബുദ്ധിമുട്ടെ'ന്ന് കെവിന്‍ ഉദ്ദേശിക്കുന്നത് സോണി പിക്ചേഴ്സിനും ഡിസ്‍നിയുടെ ഉടമസ്ഥതയിലുള്ള മാര്‍വെല്‍ സ്റ്റുഡിയോസിനുമിടയില്‍ പ്രോഫിറ്റ് ഷെയറിംഗിനെച്ചൊല്ലി 2019ല്‍ ഉയര്‍ന്ന തര്‍ക്കമാണ്. സ്പൈഡര്‍മാന്‍റെയും സഹ കഥാപാത്രങ്ങളുടെയും സ്ക്രീന്‍ അവകാശം സോണി പിക്ചേഴ്സിനാണ്. 1985 മുതല്‍ മാര്‍വെല്‍ കഥാപാത്രങ്ങളുടെ റൈറ്റ്സ് സോണിയുടെ കൈവശമാണ്. എന്നാല്‍ മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സ് ചിത്രങ്ങളില്‍ സ്പൈഡര്‍ മാനെ ഉപയോഗിക്കാമെന്ന് ഡിസ്‍നിക്കും മാര്‍വെലിനുമൊപ്പം സോണി 2015ല്‍ പ്രഖ്യാപിച്ചിരുന്നു. സ്റ്റാന്‍ഡ് എലോണ്‍ സ്പൈഡര്‍ മാന്‍ ചിത്രങ്ങളില്‍ കെവിന്‍ ഫെയ്‍ജ് നിര്‍മ്മാതാവ് ആകുന്നതും പിന്നാലെയാണ്. സ്റ്റുഡിയോകള്‍ക്കിടയില്‍ 2019ല്‍ ഉയര്‍ന്നുവന്ന തര്‍ക്കം ആരാധകരുടെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അവസാനിച്ചിരുന്നു. അതേസമയം ടോം ഹോളണ്ട് ചുരുങ്ങിയത് ഒരു സ്പൈഡര്‍മാന്‍ ട്രിലജിയില്‍ കൂടി നായകനാവുമെന്നാണ് കരുതപ്പെടുന്നത്.