മലയാളിയായ ജെയിംസ്, തമിഴനായ സുന്ദരം എന്നിങ്ങനെ രണ്ട് ഭാവങ്ങളിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്

നവനിരയിലെ പ്രതിഭാധനനായ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ആദ്യമായി ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ക്കേ പ്രേക്ഷകശ്രദ്ധയില്‍ ഇടംപിടിച്ചിരുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. തിയറ്ററുകളിലെത്തിയപ്പോള്‍ ആ പ്രതീക്ഷ കാക്കുകയും ചെയ്തു ലിജോ. ഇത്തവണത്തെ ഐഎഫ്എഫ്കെയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രത്തിന്‍റെ കേരളത്തിലെ തിയറ്റര്‍ റിലീസ് ജനുവരി 19 ന് ആയിരുന്നു. റിലീസ് ദിനം മുതല്‍ മികച്ച അഭിപ്രായം നേടിയ ചിത്രം ഇപ്പോഴും പ്രേക്ഷകരുടെ സജീവ ചര്‍ച്ചകളില്‍ ഉണ്ട്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന സംവിധായകനും പാട്ടെഴുത്തുകാരനുമൊക്കെയായ ശ്രീകുമാരന്‍ തമ്പി. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം അന്തര്‍ദേശീയ നിലവാരത്തിലാണെന്ന് പറയുന്നു അദ്ദേഹം.

നൻപകൽ നേരത്ത് മയക്കം കണ്ടു. നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്നു. മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തുന്നു. ലിജോ ജോസ് പല്ലിശ്ശേരി ഒരു ജീനിയസ് തന്നെ. ഈ ചെറുപ്പക്കാരൻ ഉയരങ്ങൾ കീഴടക്കാനിരിക്കുന്നതേയുള്ളൂ. അമ്പത്തേഴ് വര്‍ഷം സിനിമയ്ക്ക് വേണ്ടി ജീവിതം ചിലവാക്കിയ എന്നെ അദ്‌ഭുതപ്പെടുത്തിയ അപൂർവം ചിത്രങ്ങളിലൊന്നാണ് നന്‍പകല്‍ നേരത്ത് മയക്കം, ശ്രീകുമാരന്‍ തമ്പി സമൂഹമാധ്യമത്തില്‍ കുറിച്ചു.

ALSO READ : 'മലൈക്കോട്ടൈ വാലിബനി'ലെ അടുത്ത കാസ്റ്റിംഗ്; 'ചെകുത്താന്‍ ലാസര്‍' മോഹന്‍ലാലിനൊപ്പം

കേരളത്തിനൊപ്പം പല വിദേശ മാര്‍ക്കറ്റുകളിലും റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന്‍റെ തമിഴ്നാട് റിലീസ് ഈ വാരാന്ത്യത്തിലായിരുന്നു. ചിത്രത്തെ പ്രശംസിച്ച് തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും എത്തിയിരുന്നു. "നന്‍പകല്‍ നേരത്ത് മയക്കം വളരെ മനോഹരവും പുതുമയുള്ളതുമായ അനുഭവമാണ്. മമ്മൂട്ടി സാര്‍ ഗംഭീരമായി. ലിജോയുടെ ഈ മാജിത് തിയറ്ററുകളില്‍ മിസ് ചെയ്യരുതേ. ലിജോയ്ക്കും മറ്റെല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും കൈയടികള്‍", കാര്‍ത്തിക് സുബ്ബരാജ് ട്വീറ്റ് ചെയ്തു. 

മലയാളിയായ ജെയിംസ്, തമിഴനായ സുന്ദരം എന്നിങ്ങനെ രണ്ട് ഭാവങ്ങളിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. തന്‍റെ മുന്‍ സിനിമകളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ നന്‍പകല്‍ ഒരുക്കിയിരിക്കുന്നത്.