ലഹരി കേസിൽ അറസ്റ്റിലായ ഓം പ്രകാശുമായുള്ള ബന്ധത്തിൻ്റെ പേരിൽ ചോദ്യം ചെയ്യൽ നോട്ടീസ് നൽകാൻ ശ്രീനാഥ് ഭാസിക്കായി പൊലീസ് തെരച്ചിൽ

കൊച്ചി: ലഹരി കേസിൽ അറസ്റ്റിലായ ഓം പ്രകാശുമായുള്ള ബന്ധത്തിൻ്റെ പേരിൽ ശ്രീനാഥ് ഭാസിയെ വെള്ളിയാഴ്ച ചോദ്യം ചെയ്യാൻ പൊലീസ്. എന്നാൽ താരത്തിൻ്റെ മേൽവിലാസങ്ങളിലെല്ലാം അന്വേഷിച്ചിട്ടും പൊലീസിന് ശ്രീനാഥ് ഭാസിയെ കണ്ടെത്താനായില്ല. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നൽകാനാണ് പൊലീസ് താരത്തെ അന്വേഷിച്ചത്. അതേസമയം ഓം പ്രകാശുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മറ്റൊരു താരം പ്രയാഗ മാർട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകി.

ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടില്‍ നടന്ന അലന്‍ വാക്കറുടെ സംഗീത നിശ ആസ്വദിക്കാന്‍ തലേദിവസം കൊച്ചിയിലെത്തിയവര്‍ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ മുറികളെടുത്ത് ഒത്തുകൂടി ലഹരിപ്പാർട്ടി നടത്തിയിരുന്നു. എല്ലാത്തിനും ചുക്കാന്‍ പിടിച്ചത് ഓം പ്രകാശെന്നാണ് പൊലീസ് പറയുന്നു. കേസില്‍ ഓം പ്രകാശിനെയും ഒന്നാം പ്രതി ഷിഹാസിനെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ലഹരി ഉപയോഗിച്ചു എന്ന് സ്ഥിരീകരിക്കാന്‍ ഹോട്ടല്‍ മുറിയില്‍ വിശദമായ ഫൊറന്‍സിക്ക് പരിശോധന നടത്തി. കിട്ടിയ സാമ്പിളുകള്‍ രാസ പരിശോധനക്ക് അയച്ചു. പ്രതികളുടെ മുടിയുടെയും നഖത്തിന്‍റെയുമടക്കം പരിശോധന ഫലം ലഭിക്കാന്‍ വൈകും. ഓം പ്രകാശിനെ അറിയില്ലെന്നും ആരാണെന്ന് ഗൂഗിള്‍ വഴിയാണ് അറിഞ്ഞതെന്നും പ്രയാഗ മാര്‍ട്ടിന്‍ പ്രതികരിച്ചിരുന്നു. ഹോട്ടലിലെത്തിയത് സുഹൃത്തുക്കള്‍ക്കൊപ്പമാണെന്നും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും പ്രയാഗ വ്യക്തമാക്കി. വിവാദത്തിന് പിന്നാലെ ചിരി നിറച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പ്രയാഗ സ്റ്റോറിയും പങ്കുവച്ചിരുന്നു.