ശ്രീനാഥ് ഭാസി നായകനാകുന്ന 'പൊങ്കാല' നവംബർ 30-ന് റിലീസ് ചെയ്യും. ഹാർബർ പശ്ചാത്തലത്തിൽ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ആക്ഷൻ ചിത്രമാണിത്. മലയാളത്തിൽ ആദ്യമായി ഞായറാഴ്ച റിലീസ് ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'പൊങ്കാല' റിലീസിനെത്തുകയാണ്. മലയാളത്തിൽ ആദ്യമായി ഞായറാഴ്ച റിലീസ് ചെയ്യുന്ന ചിത്രമെന്ന ഖ്യാതിയോടെ എത്തുന്ന പൊങ്കാല നവംബർ 30 നാണ് തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ സിനിമയിലെ വയലൻസിനെ കുറിച്ച് ആർട്ടിസ്റ്റുകൾക്ക് ഉത്തരവാദിത്വമില്ലേ എന്ന ചോദ്യത്തിന് പ്രതികരിക്കുകയാണ് ശ്രീനാഥ് ഭാസി. സിനിമ കണ്ടിട്ട് ആളുകൾ എന്തെങ്കിലും ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ല എന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്. അതിൽ കൂടുതലുള്ള വിവരം മലയാളികൾക്കുണ്ടെന്നും ശ്രീനാഥ് ഭാസി കൂട്ടിച്ചേർത്തു. പൊങ്കാലയുടെ പ്രസ്സ് മീറ്റിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം.

"സിനിമയാടാ, ആളുകള്‍ക്ക് സിനിമ കണ്ടാല്‍ പോരെ. അതില്‍ കൂടുതലുള്ള വിവരം മലയാളികള്‍ക്കുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഈ സിനിമ കണ്ടിട്ട് ആള്‍ക്കാര്‍ വല്ലതും ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. സിനിമ കണ്ടല്ല ആള്‍ക്കാര്‍ എന്തെങ്കിലും ചെയ്യുന്നത്. ആര്‍ട്ട് റിഫ്‌ളെക്ട്‌സ് ലൈഫ്, ലൈഫ് റിഫ്‌ളെക്‌സ് ആര്‍ട്ട്. ആളുകളുടെ മനസ്സിലുള്ള കാര്യങ്ങളുടെ പ്രതിഫലനമാണ് സിനിമ. ഇതെല്ലാം കണ്ടിട്ട് എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് വട്ടാണ്." ശ്രീനാഥ് ഭാസി പറയുന്നു.

"സംവിധായകന് ഇഷ്ടമുള്ള പടമേ അവര്‍ ചെയ്യുള്ളൂ. അല്ലെങ്കില്‍ അവര്‍ക്ക് വേറെയെന്തെങ്കിലും ജോലി ചെയ്താല്‍ മതിയല്ലോ. ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാ കലകള്‍ക്കും വേണം. അയ്യോ ഞാനിത് ചെയ്തിട്ട് ആളുകള്‍ കണ്ട് എന്തെങ്കിലും ചെയ്യുമോ എന്ന് പേടിച്ചിരുന്നാല്‍ ഒരു കാര്യവും ചെയ്യാന്‍ പറ്റില്ല. സിനിമ അത്തരത്തിലൊരു മീഡിയമാണ്. ആളുകളെ തിരുത്തേണ്ടതും പഠിപ്പിക്കേണ്ടതും എന്റെ ഉത്തരവാദിത്വമല്ല." ശ്രീനാഥ് ഭാസി കൂട്ടിച്ചേർത്തു.

ഹാർബർ പാശ്ചാത്തലത്തിൽ 'പൊങ്കാല'

അതേസമയം എ.ബി ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല. ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്, ജൂനിയർ 8 ബാനറിൽ ഒരുങ്ങുന്ന ചിത്രം ദീപു ബോസും അനിൽ പിള്ളയും ചേർന്ന് ചിത്രം നിർമ്മിക്കുന്നു. ചിത്രം സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയിൽ രൂപപ്പെട്ട ഒരു ശക്തമായ കഥയാണ് പറയുന്നത്. ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന പൊങ്കാല ശ്രീനാഥ് ഭാസിയുടെ മഞ്ഞുമ്മൽ ബോയ്സ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്.

ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിൻ ചെറായി ഭാഗങ്ങളിലായിരുന്നു. 2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി പറയുന്ന ചിത്രത്തിൽ യാമി സോനാ, ബാബുരാജ്, സുധീർ കരമന, സാദിഖ്, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ് , സൂര്യകൃഷ്,, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.