കൃഷിയിൽ സജീവമായ താരമാണ് ശ്രീനിവാസന്‍. ജൈവ കൃഷിക്കും ജൈവ ഉല്‍പ്പന്നങ്ങള്‍ക്കും വേണ്ടി ശ്രീനി ഫാംസ് എന്ന പേരില്‍ ഒരു കമ്പനിയും അടുത്തിടെ അദ്ദേഹം തുടങ്ങിയിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ സംരഭത്തിന്റെ വ്യാജൻമാർക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് ശ്രീനിവാസൻ.

വിദേശത്ത് ശ്രീനിവാസന്റെ ജൈവ തോട്ടത്തില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ എന്ന രീതിയില്‍ ചിലര്‍ വ്യാജപ്രചരണം നടത്തി വിപണനം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെയാണ് താരം ഇത് വ്യക്തമാക്കി രംഗത്ത് എത്തിയത്. കപട പ്രചാരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഈ പരസ്യം ഉടന്‍ പിന്‍വലിച്ചു ഖേദം പ്രകടിക്കാത്ത പക്ഷം തക്കതായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന മുന്നറിയിപ്പ് നൽകുകയാണ് നടൻ. 

ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാൻ വിത്ത് വിതയ്ക്കുന്നതിനു മുൻപ് വിളവെടുക്കല്ലേ സുഹൃത്തുക്കളെ....
സമൂഹ മാധ്യമങ്ങളിൽ മുൻപ് പ്രസിദ്ധപ്പെടുത്തിയ പ്രകാരം എന്റെ നേതൃത്വത്തിൽ ആരംഭിച്ച ശ്രീനി ഫാംസ് എന്ന സംരംഭം ജൈവ കർഷകർക്ക് ന്യായവില എന്നതിനോടൊപ്പം വിഷരഹിത ഭക്ഷണം ജനങ്ങളിലേക്ക് എന്ന അതിന്റെ ലക്‌ഷ്യം നേടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു എന്നത് സന്തോഷപൂർവം അറിയിക്കട്ടെ.
മുൻപ് ചെയ്ത പോസ്റ്റിനു പ്രതികരിച്ച കർഷകരിൽ നിന്നും കേരളത്തിലെ മികച്ച ജൈവ കർഷകരെ കണ്ടെത്തുന്ന പ്രക്രിയ പുരോഗമിക്കുന്നു.ഞാൻ മുന്നേ എഴുതിയിരുന്ന പോലെ പ്രതീക്ഷിച്ചതിലും വലിയ പ്രതികരണങ്ങൾ ആണ് ലഭിച്ചത്.അതിനിടയിൽ പലയിടത്തും കോവിഡ് വില്ലനായി വരുന്നുണ്ട്.
അതുകൊണ്ടുതന്നെ ഞങ്ങളുടെ പ്രതിനിധികൾ നേരിട്ട് സന്ദർശിച്ചു മികച്ച ജൈവ കർഷകരെ തിരഞ്ഞെടുക്കുന്നതിനും, അവരെ ആധുനിക ജൈവ കൃഷിരീതികളിൽ പരിശീലിപ്പിക്കുന്നതിനും, വിളകളുടെ ലാബ് പരിശോധനകൾക്കും കുറച്ചു കാല താമസം നേരിടുന്നുണ്ട്.അതോടൊപ്പം കർഷകരിൽ നിന്നും ശേഖരിക്കുന്ന വിളകൾക്ക് മികച്ചവിലയും ,വിപണ സംവിധാനവും ഒരുക്കേണ്ടതുണ്ട് .അതിനാൽ തുടക്കത്തിൽ ഇടുക്കി,എറണാകുളം,കോട്ടയം,തൃശ്ശൂർ ,വയനാട്,കോഴിക്കോട്,പാലക്കാട് എന്നീ ജില്ലകളിലെ കർഷകരെയാണ് ശ്രീനിഫാംസിന്റെ പ്രതിനിധികൾ സന്ദർശിക്കുന്നത് .മുകളിൽ പറഞ്ഞ ജില്ലകളിൽ ജൈവ കർഷകരുടെ കൂട്ടായ്മകൾ ഡിസംബറോടെ നിലവിൽ വരും.
അധികം കാലതാമസം കൂടാതെ കേരളം മൊത്തം ജൈവ കർഷകരുടെ കൂട്ടായ്‌മ വിപുലീകരിക്കാമെന്നു കരുതുന്നു.
വിളകളുടെ വിപണത്തിനുവേണ്ടി തുടക്കത്തിൽ എറണാകുളത്തെ കണ്ടനാടുള്ള വിപണനകേന്ദ്രം വിപുലീകരിക്കുന്നതിനോടൊപ്പം,  പാലാരിവട്ടത്തു പുതിയോരു വിപണനകേന്ദ്രവും 2021 പുതുവർഷത്തോടെ പ്രവർത്തനം തുടങ്ങും. അതുപോലെ കൊച്ചിയിൽ ഓൺലൈൻ വിപണനവും ജാനുവരി മാസത്തോടെ ആരംഭിക്കും. 
മറ്റു ജില്ലകളിൽ വിൽപ്പന കേന്ദ്രങ്ങൾ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനനുസരിച്ചു തുടങ്ങും.
ജൈവ കർഷകർക്ക് ന്യായവില ,വിഷരഹിത ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം, വിപണനം, ജൈവ കൃഷി രീതികളുടെ പ്രചാരണം തുടങ്ങിയവയാണ് ഞങ്ങൾ ലക്ഷ്യമാക്കുന്നത്. 
ഇതിനിടെ എന്റെ അറിവോ സമ്മതമോ കൂടാതെ, എന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് കൊണ്ടും എന്റെ ഉടമസ്ഥതയിലെന്നു അവകാശപ്പെട്ടുകൊണ്ടും സമാന വസ്തുക്കളുടെ വിപണനം നടത്തുന്ന ഒന്ന് രണ്ടു സ്ഥാപനങ്ങളുടെ പരസ്യം എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ വിദേശത്തു പ്രത്യേകിച്ച് ഗൾഫിൽ എന്റെ ജൈവ തോട്ടത്തിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾ എന്ന രീതിയിൽ മാർക്കറ്റ് ചെയ്യുന്നതും അവിടത്തെ ചില സുഹൃത്തുക്കൾ വിളിച്ചറിയിച്ചിരിക്കുന്നു .
ഞാൻ 'വിത്ത് വിതയ്ക്കുന്നതിനു മുൻപ് വിളവ് കൊയ്യുന്ന' അവരുടെ കഴിവിൽ ഞാൻ ഞെട്ടിയിരിക്കുകയാണ്. 
ഈ കപട പ്രചാരണത്തിന് പിന്നിൽ പ്രവർത്തിച്ചവർ ഈ പരസ്യം ഉടൻ പിൻവലിച്ചു ഖേദം പ്രകടിക്കാത്ത പക്ഷം തക്കതായ നിയമ നടപടികളുമായി ശ്രീനി ഫാംസ് മുന്നോട്ടുപോകുമെന്നു ഇതിനാൽ മുന്നറിയിപ്പ് നൽകുന്നു.
ശ്രീനി ഫാംസിന്റെ  പേരിൽ ആഭ്യന്തര വിപണിയിലൊ വിദേശ വിപണിയിലൊ വ്യാപാരം നടത്താൻ ഇതുവരെ ആരെയും ഞങ്ങൾ അധികാരപ്പെടുത്തിയിട്ടില്ല. നിലവിൽ കണ്ടനാട് അല്ലാതെ മറ്റൊരു വിപണന കേന്ദ്രം കേരളത്തിൽ ഇല്ല.
മുകളിൽ പറഞ്ഞതുപോലെ വിദേശത്തും എന്റെ പേരിൽ പച്ചക്കറി ഉത്പന്നങ്ങൾ കയറ്റി അയക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതും ഞാനറിഞ്ഞതോ , എനിക്കുത്തരവാദിത്തമുള്ളതോ അല്ല. 
ശ്രീനി ഫാംസ് ആരെയെങ്കിലും വില്പന പ്രതിനിധികൾ ആയി നിയമിക്കുമ്പോൾ അക്കാര്യം മാധ്യമങ്ങൾ വഴി പ്രസിദ്ധീകരിക്കുന്നതാണ്. അല്ലാതെ ഉള്ളവരിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങി വഞ്ചിതരാകരുതെന്നു സവിനയം അറിയിക്കുന്നു.
സ്നേഹപൂർവ്വം ശ്രീനിവാസൻ

ഞാൻ വിത്ത് വിതയ്ക്കുന്നതിനു മുൻപ് വിളവെടുക്കല്ലേ സുഹൃത്തുക്കളെ.... സമൂഹ മാധ്യമങ്ങളിൽ മുൻപ് പ്രസിദ്ധപ്പെടുത്തിയ പ്രകാരം...

Posted by Sreenivasan Pattiam on Friday, 13 November 2020